ബേപ്പൂരിലെ ഉരുനിർമാണ പാരമ്പര്യം ആസ്പദമാക്കിയ ‘ഉരു’ എന്ന ഇന്റോ-അറബ് സംസ്കാരം പ്രതിപാദിക്കുന്ന സിനിമ ചർച്ചയാകുമ്പോൾ ചിത്രത്തിൽ താനെഴുതി സംഗീതം നൽകി ആലപിച്ച പാട്ട് ആസ്വാദകർ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നാടൻപാട്ട് കലാകാരൻ ഗിരീഷ് ആമ്പ്ര. വർഷങ്ങളുടെ പ്രയത്നത്തിനൊടുവിൽ പൂർത്തിയാക്കിയ ഉരു നീറ്റിലിറക്കുമ്പോൾ ഖലാസികൾ പാടുന്ന പാട്ടാണ് മാപ്പിളപ്പാട്ടിന്റെയും നാടൻപാട്ടിന്റെയും ശീലുകൾ സമം ചേർത്ത് ഗിരീഷ് ആമ്പ്ര ഒരുക്കിയത്. നൂറ്റാണ്ടുകളുടെ ഉരു സംസ്ക്കാരത്തിന്റെ എല്ലാ ഭാവങ്ങളും പാട്ടിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
വായ്ത്താരിയുടെ പാരമ്പര്യ മൂല്യം ചോർന്നുപോകാതെ, സിനിമയ്ക്ക് വേണ്ടി ഗാനാത്മകമായപ്പോൾ അത് പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. കോടികൾ മുടക്കി വർഷങ്ങളോളം പ്രയത്നിച്ചാണ് ഉരു രൂപപ്പെടുത്തുന്നത്. തൊഴിലാളികളുടെ അധ്വാനവും ആത്മസമർപ്പണവുമെല്ലാം പാട്ടിൽ ഉൾച്ചേർന്നിട്ടുണ്ട്. തികച്ചും പ്രാദേശിക പദങ്ങളും ചിഹ്നങ്ങളുമാണ് ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നാടൻപാട്ട് മേഖലയിൽ സജീവമായതിനാൽ പാട്ടെഴുത്ത് എളുപ്പമാക്കിയെന്നും ഗിരീഷ് വ്യക്തമാക്കുന്നു.
“ഏലൈസാ… ഏലൈസമാലി
പൊങ്ങട്ടങ്ങനെ പൊങ്ങട്ടേ
പുത്തനുരു പൊങ്ങട്ടേ…
ഏലൈസാ…
മൂത്താശാരീ ഉന്തിക്കോ
കൈയാശാരീ കൈ വെക്ക്… ഏലൈസാ… എന്ന പാട്ടിൽ പ്രാദേശിക മനുഷ്യരുടെ താല്പര്യങ്ങളും സമൂഹത്തിന്റെ ഒത്തൊരുമയും കൂടിച്ചേരലും മാനവികമായ ഐക്യവുമെല്ലാം ചേർന്നു നിൽക്കുന്നുണ്ട്. തനതു വാദ്യമായ ഒരു തുടിയും വഴിച്ചിലമ്പും മാത്രമാണ് പിന്നണിതാളമായി ഉപയോഗിച്ചിരിക്കുന്നത്. ഉരുനീറ്റിലിറക്കമ്പോഴുള്ള മനോധർമ്മവും ആർപ്പുവിളികളുമെല്ലാം പാട്ടിൽ കേൾക്കാം. മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഉരു എന്ന അചേതന വസ്തുവിനെ പ്രധാന കഥാപാത്രമാക്കി, ഒരു സംസ്കാരത്തെ പ്രതിപാദിക്കുന്ന സിനിമയിറങ്ങിയതെന്നും മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഉരു നീറ്റിലിറക്കുമ്പോൾ ഒരുപാട്ടും ഉണ്ടാവുന്നതെന്നും ഗിരീഷ് പറയുന്നു.
കവി, ഫോക്ലോറിസ്റ്റ്, ഗാനരചയിതാവ്, ആക്ടിവിസ്റ്റ് എന്നീ നിലകളില്ലും ശ്രദ്ധേയന്മാണ് ഗിരീഷ്. മുപ്പത്തിയഞ്ച് വർഷത്തിലേറെയായി ഫോക്‌ലോർ മേഖലയിലും ഗാനസാഹിത്യരംഗത്തും സാമൂഹ്യ‑സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. 1971ൽ കുന്ദമംഗലം ആമ്പ്രമ്മൽ സുശീല‑പരേതനായ തലക്കുളത്തൂർ എടക്കര കുന്നുമ്മൽ കണ്ടിയിൽ മൂത്തോറൻ (കൃഷ്ണൻ) ദമ്പതികളുടെ മൂത്ത മകനായി ജനനം. പാരമ്പര്യ കർഷക തൊഴിലാളി കുടുംബത്തിൽ നാലാം തലമുറയിൽ ജനിച്ച ഗിരീഷ് ആമ്പ്രയുടെ കുട്ടിക്കാലം അർധപട്ടിണിയും നൊമ്പരങ്ങളും നിറഞ്ഞതായിരുന്നു. അമ്മമ്മ ആമ്പ്രമ്മൽ തനിയായിയും അച്ഛമ്മ എടക്കര കുന്നുമ്മൽ കണ്ടിയിൽ അരിയായിയും പകർന്നു തന്ന വടക്കൻ പാട്ടിന്റേയും നാട്ടിപ്പാട്ടിന്റേയും ഗാനധാര നന്നേ ചെറുപ്പത്തിൽ തന്നെ സ്വായത്തമാക്കിയ ഇദ്ദേഹം പാട്ടും പാട്ടെഴുത്തും താളവും ജന്മസിദ്ധമാണെന്നതിൽ ഏറെ അഭിമാനിക്കുന്നു.
അച്ഛൻ മൂത്തോറനും കുടുംബത്തിലെ പല അംഗങ്ങൾക്കും നാട്ടുപാട്ടിന്റെ ഗുണം ലഭിച്ചതും പാരമ്പര്യ വഴി തന്നെ. പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവുമായ അമ്മാവൻ പരേതനായ എ ബാലറാമിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഗിരീഷ് ആമ്പ്ര, ബാല്യകാലത്തിൽ തന്നെ സാമൂഹ്യ‑ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇടപ്പെട്ടു തുടങ്ങി. കോളജ് പഠനകാലത്ത് ദളിത്-ആദിവാസി-സ്ത്രീ ക്ഷേമപരമായ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി. പിൽക്കാലത്ത് സാമൂഹ്യ അനീതികൾക്കും ദളിത്-ആദിവാസി-സ്ത്രീ-പിന്നോക്ക സമൂഹങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾക്കും നരഹത്യക്കുമെതിരേ ‘കൊട്ടും പാട്ടും’ എന്ന പേരിൽ തത്സമയ സർഗാത്മക പ്രതിഷേധ സമര പരിപാടി ആവിഷ്കരിച്ച് സജീവമാക്കിയവരിൽ പ്രധാനിയാണ് ഗിരീഷ് ആമ്പ്ര.
1989 മുതൽ സമ്പൂർണ സാക്ഷരതാ യജ്ഞം പരിപാടികളിൽ തുടങ്ങി മൂന്ന് പതിറ്റാണ്ടിലേറെയായി സാക്ഷരതാ-തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള ഗിരീഷ് ആമ്പ്ര നിലവിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സാക്ഷരതാ സമിതി കൺവീനർ കൂടിയാണ്. 1990 മുതൽ ആകാശവാണിയിലും ആനുകാലികങ്ങളിലും കവിതകളും ലളിതഗാനങ്ങളും എഴുതി അവതരിപ്പിച്ചു തുടങ്ങി. 1997ൽ സിനിമാ സംവിധായകനും ദേവഗിരി കോളേജിലെ തന്റെ സഹപാഠിയുമായ സുധീഷ് ശങ്കർ ദൂരദർശനുവേണ്ടി ഒരുക്കിയ ‘കുഞ്ഞാടുകൾ’ എന്ന ടെലിസീരിയലിനുവേണ്ടി ശീർഷകഗാനം എഴുതി മിനിസ്ക്രീൻ രംഗത്ത് സാന്നിധ്യമറിയിച്ചു. ഇടക്കാലത്ത് ഇന്ത്യൻ പോസ്റ്റർ, മന്ത്രിസഭ, മലയാള ശബ്ദം എന്നീ മിനി ആനുകാലികങ്ങളിൽ സബ് എഡിറ്ററായും പ്രവർത്തിച്ചു.
നാടൻപാട്ട് മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2012ൽ കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, ഫിലിം സിറ്റി മാസിക ടി. വി അവാർഡ്, അംബേദ്കർ പുരസ്കാരം, നാട്ടുകലാകാരക്കൂട്ടം ആദരം തുടങ്ങി പന്ത്രണ്ടോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കിർത്താഡ്സ് ആദി കലാകേന്ദ്രം, കേരള ഫോക്‌ലോർ അക്കാദമി എന്നിവയുടെ റിസോഴ്സ് പേഴ്സണും ‘പൈതൃകോത്സവം’ കലാകാരനുമാണ്. മീഡിയാവൺ ടി വി ചാനലിലെ ശ്രദ്ധേയമായ ‘പാട്ടുവഴി-മാപ്പിള രാമായണം’ ഉൾപ്പെടെ ഒട്ടേറെ ടിവി പഠന അവതരണ പരിപാടികൾ നടത്തിയിട്ടുണ്ട്.
ആകാശവാണിയിലെ അതിഥി ഗാനരചയിതാവും അംഗീകൃത ഫോക് ആർട്ടിസ്റ്റുമായ ഗിരീഷ് ആമ്പ്ര വാമൊഴിത്താളം, വർണവസന്തം, പ്രണയതീരം, നാടൻചിന്തുകൾ എന്നീ സി ഡികളുടെ ആവിഷ്കാരകനുമാണ്. ‘മഴത്തോലിൽ പൊതിഞ്ഞ കനലുകൾ’ എന്ന പേരിൽ കൂട്ടുകവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കാറ്റുവിതച്ചവർ’ എന്ന ചരിത്ര സിനിമയിലൂടെ നേരത്തെ തന്നെ ചലച്ചിത്ര ഗാനരചനാ രംഗത്തും സാന്നിധ്യമറിയിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റ്-ഫോസ്സിൽസ് പഠന സീരീസിലൂടെ ഫോക്‌ലോർ തിയറിയിലും കേരള ഫോക്‌ലോർ അക്കാദമിയിൽ നിന്നും നാടോടിപ്പാട്ടിലും മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ നിന്നും മാപ്പിളപ്പാട്ടിലും കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ നിന്നും സാമൂഹിക വികസനത്തിലും കേരള പ്രസ് അക്കാദമിയിൽ നിന്നും ജേർണലിസത്തിലും പരിശീലനം നേടിയിട്ടുണ്ട്. അധ്യാപികയായ ഷിജിനാ ഗിരീഷ് ജീവിത സഖിയാണ്. സിനിമാ മേഖലയിൽ സജീവ സാന്നിധ്യമാകാനുള്ള തയാറെടുപ്പിലാണ് ഗിരീഷ് ആമ്പ്ര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.