15 November 2024, Friday
KSFE Galaxy Chits Banner 2

അതിജീവനത്തിന്റെ സര്‍ഗാത്മകത

ഇളവൂര്‍ ശ്രീകുമാര്‍
June 11, 2023 4:15 am

രാകേഷിന് അന്ന് അവധിദിവസമായിരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ വാടകമുറിയുടെ മടുപ്പിക്കുന്ന ഏകാന്തതയിലിരിക്കവേ അയാളോര്‍ത്തു:
ഒരു സുഹൃത്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഈ വിരസതയില്‍നിന്ന് രക്ഷപ്പെടാമായിരുന്നു.
പക്ഷേ തന്നോട് ഫ്രണ്ട്ഷിപ്പിന് ആരും ഇഷ്ടപ്പെടുന്നില്ല. സഹതാപത്തിന്റെയും അവഗണനയുടെയും ശരങ്ങളെയ്ത് തന്റെ പാവം ഹൃദയത്തെ മുറിവേല്‍പ്പിക്കാനാണ് എല്ലാവര്‍ക്കും താല്പര്യം.

ജയശ്രീ മാമലക്കണ്ടം എന്ന എഴുത്തുകാരിയുടെ ‘രാഖി’ എന്ന കഥ ഇങ്ങനെയാണ് ആരംഭിക്കുന്നത്. ഓഫീസില്‍ പുതുതായ ജോയ്ന്‍ ചെയ്ത രാകേഷെന്ന ചെറുപ്പക്കാരന്റെ അനുഭവങ്ങളാണ് കഥ പങ്കുവയ്ക്കുന്നത്. അംഗപരിമിതനായ രാജേഷ് ക്രച്ചസിന്റെ സഹായത്തോടെ ഓഫിസിന്റെ പടവുകള്‍ കയറിത്തുടങ്ങുന്നതോടെ വാക്കുകളായും നോട്ടങ്ങളായും അസഹിഷ്ണതയും പരിഹാസവും തന്റെ നേര്‍ക്കുയരുന്നത് അയാളറിയുന്നുണ്ടായിരുന്നു.ഒരാളെങ്കിലും തന്റെ മുഖത്തേക്ക് നോക്കിയൊന്ന് മന്ദഹസിക്കുമെന്നു കരുതിയ അയാള്‍ക്ക് തെറ്റി. തന്നെ സഹായിക്കാനായി ഓഫീസര്‍ ഏര്‍പ്പെടുത്തിയ രാഖിയില്‍ നിന്നുതന്നെയായിരുന്നു ഏറ്റവും നിഷേധാത്മകമായ സമീപനം. അംഗവൈകല്യം സംഭവിച്ച തന്നെ ഏതോ അസ്പൃശ്യ വസ്തുവിനെപ്പോലെ കണ്ട് അകറ്റിനിര്‍ത്തിയ രാഖി വാഹനാപകടത്തില്‍പെട്ട് അതേ അവസ്ഥയിലേക്ക് മാറുന്നിടത്താണ് കഥയവസാനിക്കുന്നത്. അപ്പോഴും അയാള്‍ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

കഥകളിലൂടെയും കവിതകളിലൂടെയും അതിജീവനത്തിന്റെ ഊര്‍ജ്ജപ്രവാഹം സൃഷ്ടിച്ച്, കീഴടങ്ങാന്‍ വിസമ്മതിക്കുന്ന മനസുമായി ജയശ്രീ മുന്നേറുകയാണ്. കഥയും കവിതയും ചിത്രകലയും പ്രാണവായുപോലെ ഒപ്പം കൊണ്ട് നടന്ന് അതിജീവനത്തിന് സര്‍ഗഭാഷ്യങ്ങള്‍ ചമയ്ക്കുന്ന ജയശ്രീക്ക് അതു തന്നെയാണ് ജീവിതം. വായനയില്ലെങ്കില്‍ ജയശ്രീയില്ല. എഴുത്തില്ലെങ്കില്‍ ജയശ്രീയില്ല. ഏതു നിമിഷവും പിടിവിട്ടുപോകാവുന്ന ജീവിതത്തെ അവര്‍ പിടിച്ചുനിര്‍ത്തുന്നത് എഴുത്തിലൂടെയും വായനയിലൂടെയുമാണ്. ജയശ്രീ പറയുന്നു: എഴുത്തും വായനയുമില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം മറ്റൊരു തരത്തിലാകുമായിരുന്നു.

കാക്കനാട് മാര്‍ അത്തനേഷ്യസ് സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അപ്രതീക്ഷിതമായി ജയശ്രീ ക്ലാസില്‍ തല ചുറ്റിവീണു. ആദ്യം അതത്ര ഗൗരവമായി കണ്ടില്ല. എന്നാല്‍ പലതവണ ഇതാവര്‍ത്തിച്ചു. തല ചുറ്റിവീഴുതന്നതോടൊപ്പം ഛര്‍ദ്ദിക്കുകയും ചെയ്തു. അന്ന് സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു ജയശ്രീ പഠിച്ചുകൊണ്ടിരുന്നത്. അധ്യാപകര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചു. രക്ഷാകര്‍ത്താക്കളെത്തി എറണാകുളം ഗവണ്‍മെന്റ് ആശുപത്രിലേക്ക് കൊണ്ടുപോയി. എന്തോ ചെറിയ പ്രശ്‌നമെന്നേ അന്ന് കരുതിയുള്ളു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം അവര്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അവിടെ വിശദമായ പരിശോധനകള്‍ നടത്തി. എആര്‍ഐ സ്‌കാന്‍ നടത്തി. ജയശ്രീക്ക് സ്‌പൈനല്‍കോഡിനെ ബാധിക്കുന്ന സിറിന്‍ജോ മൈലിയ എന്ന രോഗമാണെന്ന സ്ഥിരീകരിച്ചു!

അതുവരെ കളിച്ചുചിരിച്ചു നടന്ന താന്‍ ഗുരുതരമായ ഒരു രോഗവും ഉള്ളില്‍ പേറിയാണ് നടക്കുന്നതെന്ന അറിവ് ജയശ്രീയുടെ കുഞ്ഞുമനസ്സിനെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്. ”രോഗത്തെക്കുറിച്ചറിഞ്ഞ ഞാനാകെ തളര്‍ന്നുപോയി. എങ്കിലും രക്ഷപ്പെടാന്‍ കഴിയുമെന്ന പ്രത്യാശ എനിക്കുണ്ടായിരുന്നു. വൈദ്യശാസ്ത്രം ഇത്രയും വളര്‍ന്ന കാലത്ത് എന്റെ രോഗത്തിനും പരിഹാരമുണ്ടാകുമെന്നുതന്നെ ഞാന്‍ വിശ്വസിച്ചു.” ആ വിശ്വാസമായിരുന്നു വളരെക്കാലം ജയശ്രീയെ മുന്നോട്ട് നയിച്ചിരുന്നത്.

പക്ഷേ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. രോഗത്തിന് ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പരിമിതികളുണ്ടായിരുന്നു. അവര്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ അവിടേക്ക് പോകുവാന്‍ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല ജയശ്രീയുടെ കുടംബം. സാമ്പത്തിക പരാധീനതകള്‍ തന്നെയായിരുന്നു കാരണം.

തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററിലായിരുന്നു തുടര്‍ന്നുള്ള ചികിത്സ. അവിടെ ജയശ്രീയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ അവര്‍ ആവതെല്ലാം ചെയ്തു. തലയില്‍ രണ്ട് സര്‍ജറികള്‍. കാലില്‍ രണ്ട് സര്‍ജറികള്‍, നട്ടല്ലില്‍ നാല് സര്‍ജറികള്‍. എന്നിട്ടും രോഗത്തിന് കാര്യമായ മാറ്റമുണ്ടായില്ല. തനിക്കൊരിക്കലും പഴയതുപോലെ കളിചിരികളിലേക്ക് മടങ്ങാനും കൂട്ടുകാരൊത്ത് യാത്ര ചെയ്യാനും ക്ലാസില്‍ പോകാനും കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തെ ക്രമേണ ഉള്‍ക്കൊള്ളാന്‍ ജയശ്രീ തയ്യാറായി. ശരീരത്തിനും മനസിനുമുണ്ടായ തളര്‍ച്ചയെ അതിജീവിക്കാന്‍ കുറേ കാലമെടുത്തു. ഇത്തരത്തില്‍ ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്നത് താന്‍ മാത്രമല്ലെന്നും അനേകര്‍ തന്നെപ്പോലെ അതിജീവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്നുണ്ടെന്നുമുള്ള അറിവ് ജയശ്രീയില്‍ പ്രത്യാശയുടെ നക്ഷത്രങ്ങളെ സൃഷ്ടിക്കാന്‍ തുടങ്ങി.

നെടുവീര്‍പ്പിട്ടും സങ്കടപ്പെട്ടും കരഞ്ഞുതീര്‍ക്കാനുള്ളതല്ല ജീവിതമെന്നും ഏതു പ്രതികൂല സാഹചര്യത്തോടും പൊരുതിമുന്നേറാനുള്ളതാണെന്നും മനസിലുറപ്പിച്ചതോടെ ജയശ്രീയുടെ ജീവിതം മാറാന്‍ തുടങ്ങുകയായിരുന്നു. പരമാവധി സമയം താല്പര്യമുള്ള ഏതെങ്കിലും മേഖലയില്‍ വിനിയോഗിക്കണമെന്ന് ജയശ്രീ തീരുമാനിക്കുന്നു. അപ്പോഴേക്കും ജയശ്രീയുടെ അഭയസ്ഥാനം കട്ടിലും കസേരയും മാത്രമായിക്കഴിഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ ചിത്രകലയോട് താല്പര്യമുണ്ടായിരുന്ന ജയശ്രീ അതിനെ ഒന്നു പുരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. ക്രമേണ മുഴുവന്‍ സമയവും ചിത്രകലയയെക്കുറിച്ചറിയാനും വരക്കാനുമായി വിനിയോഗിച്ചു. ധാരാളം ചിത്രങ്ങള്‍ വരച്ചു. മൂന്നു വര്‍ഷത്തോളം ചിത്രകലയായിരുന്നു ജയശ്രീയുടെ പിടിവള്ളി. പക്ഷേ ക്രമേണ ജശ്രീക്ക് ഒരു കാര്യം മനസിലായി. എത്ര ചിത്രങ്ങള്‍ വരച്ചാലും അത് പുറംലോകമറിയണമെങ്കില്‍ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കണം. ഗ്യാലറികളില്‍ ചിത്രങ്ങളെത്തണം. നിലവിലെ സാഹചര്യത്തില്‍ അതിനൊന്നുമുള്ള സൗകര്യം ഇല്ലായിരുന്നു. അതിനുവേണ്ടി പ്രവര്‍ത്തിക്കാനും ആരുമില്ലായിരുന്നു. ഈ പ്രതികൂല സാഹചര്യം ചിത്രകലയില്‍നിന്ന് പിന്തിരിയാന്‍ അവരെ പ്രേരിപ്പിച്ചു. മാത്രവുമല്ല പുസ്തകങ്ങളോട് ഗാഢമായ പ്രണയം ഈ ഘട്ടത്തില്‍ ജയശ്രീയില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.

കിട്ടാവുന്നത്ര പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിച്ചുതുടങ്ങി. ശാരീരികമായ എല്ലാ ബുദ്ധിമുട്ടുകളും മറക്കുന്ന നിമിഷങ്ങളായിരുന്നു അത്. ധാരാളം വായിച്ചുകഴിഞ്ഞതോടെ ജയശ്രീയില്‍ മറ്റൊരു ചിന്തകൂടി ഉടലെടുത്തു. എന്തുകൊണ്ട് തനിക്ക് എഴുതിക്കൂടാ? ഒന്ന് ശ്രമിച്ചുനോക്കിയാലോ? അങ്ങനെയാണ് കൊച്ചുകൊച്ച് കവിതകള്‍ കുത്തിക്കുറിക്കാന്‍ തുടങ്ങിയത്. ഓരോന്നും എഴുതിക്കഴിഞ്ഞപ്പോള്‍ തനിക്കും എഴുതാന്‍ കഴിയും എന്ന തോന്നല്‍ ബലപ്പെട്ടു. വായിച്ചുനോക്കിയവര്‍ പ്രോത്സാഹിപ്പിക്കുകകൂടി ചെയ്തപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു. കഥയിലേക്കും കവിതയിലേക്കും എഴുത്ത് മാറിമാറി സഞ്ചരിച്ചു. ആദ്യമായി ഒരു മിനിക്കഥ അച്ചടിച്ചുവന്നതോടെ ജയശ്രീ മാമലക്കണ്ടം എന്ന എഴുത്തുകാരി പിറവികൊള്ളുകയായിരുന്നു. 1996 ല്‍ ആദ്യമായി ആകാശവാണിയില്‍ കഥയവതരിപ്പിച്ചു. ദേവികുളം നിലയത്തിലായിരുന്നു. അന്ന് 350 രൂപ പ്രതിഫലം ലഭിച്ചത് ജയശ്രീയിലുണ്ടാക്കിയ സന്തോഷം അനല്പമായിരുന്നു.

ഇരുപതാമത്തെ വയസിലാണ് ജയശ്രീ എഴുതിത്തുടങ്ങിയത്. കഥകളും കവിതകളുമായി ധാരാളം രചനകള്‍ ഇതിനകം പുറത്തുവന്നു. ഒട്ടേറെ രചനകള്‍ ആകാശവാണിയുടെ വിവിധ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്തു. ജയശ്രീ എഴുതിയ ലളിതഗാനങ്ങള്‍ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തു. ഇടുക്കി ജില്ലയിലെ പാറത്തോട് സ്മൃതിലയ ആര്‍ട്ട്‌സ്‌ക്ലബ്ബ് ജയശ്രീയുടെ ഗാനം ‘വിഷുക്കൈനീട്ടം’ എന്ന പേരില്‍ ആല്‍ബമായി പുറത്തിറക്കി. അത് ജയശ്രീക്ക് അമൂല്യമായ ഒരു വിഷുക്കൈനീട്ടം തന്നെയായിരുന്നു. ഇപ്പോള്‍ ജയശ്രീയുടെ കവിതകളും കഥകളും ചേര്‍ത്ത് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. രാജകുമാരി എന്‍എസ്എസ് കോളജ് പ്രിന്‍സിപ്പലും എഴുത്തുകാരനുമായ അജയപുരം ജ്യോതിഷ്‌കുമാറാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. മുളങ്കാടിന്റെ സംഗീതം എന്ന ഈകൃതി പുറത്തിറക്കിയിരിക്കുന്നത് കൊല്ലം സുജിലി പബ്ലിക്കേഷന്‍സാണ്. ഇരുപത് കവിതകളും ഇരുപത് കഥകളുമടങ്ങിയ ഈ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത് കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ആയിരുന്നു. ഒരു നാടിന്റെ സ്‌നേഹസാന്നിധ്യം മുഴുവന്‍ ആ ചടങ്ങിലുണ്ടായിരുന്നു.

1976 ല്‍ എറണാകുളം ജില്ലയിലെ മാമലക്കണ്ടത്ത് നാരായണന്‍ കര്‍ത്താവിന്റെയും രാധാമണിയുടെയും മകളായാണ് ജയശ്രീ പിറന്നത്. രണ്ട് സഹോദരന്‍മാരുണ്ട്. അതിലൊരാളോടൊപ്പം അച്ഛനും അമ്മയുമൊത്താണ് ജയശ്രീ താമസിക്കുന്നത്. ഇപ്പോഴും ചികിത്സ തുടരുകയാണ്.
”ഡോക്ടര്‍മാരെല്ലാം എന്നെ കയ്യൊഴിഞ്ഞു. എന്റെ രോഗത്തിനു മുന്നില്‍ ശാസ്ത്രം തോറ്റു. എന്നെ സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ വൈദ്യശാസ്ത്രത്തിനു കഴിഞ്ഞില്ല. പക്ഷേ ജീവിതത്തില്‍ ഞാന്‍ തോറ്റില്ല. തോല്‍ക്കുകയുമില്ല. കാരണം തോറ്റാല്‍ പിന്നെ ഞാനില്ലല്ലോ. അക്ഷരങ്ങള്‍ കാണാന്‍ കഴിയുംവരെ ഞാന്‍ വായിക്കും. കയ്യില്‍പേന പിടിക്കാന്‍ കഴിയുംവരെ ഞാനെഴുതും. അതാണ് എന്റെ അതിജീവനത്തിന്റെ ഒരേയൊരു വഴി.” തളര്‍ച്ച ബാധിക്കാത്ത ശബ്ദത്തോടെ ജയശ്രീ പറയുന്നു. കീഴടങ്ങാന്‍ തയ്യാറില്ലാത്ത ഈയൊരു മനസ് ജയശ്രീയുടെ രചനകളിലും കാണാം.

ജയശ്രീ ഒരു പ്രതീകം കൂടിയാണ്. പിന്തിരിയാന്‍ വിസമ്മതിക്കുന്ന ഇച്ഛാശക്തിയുടെ പ്രതീകം. ”ഇടയ്ക്ക് രോഗം കുറഞ്ഞുതുടങ്ങിയെന്ന് കരുതിയതാണ്. പക്ഷേ ഇപ്പോള്‍ പഴയ നിലയിലേക്ക്തന്നെ വീണ്ടും മാറി. ശരീരം മുഴുവന്‍ അസഹനീയമായ വേദനയാണിപ്പോള്‍. തലവേദന സഹിക്കാനാകില്ല. എഴുന്നേറ്റിരിക്കാന്‍ മറ്റൊരാളുടെ സഹായം വേണം. അങ്ങനെ എഴുന്നേറ്റിരുന്നുകഴിഞ്ഞാല്‍ കൈ പുസ്തകത്തിലേക്ക് നീളും. പിന്നെ ഞാനെല്ലാം മറക്കും. ഇന്നെനിക്ക് ഏറ്റവും വീര്യമേറിയ ഒഷധം പുസ്തകങ്ങളാണ്. അതു മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.” ജയശ്രീ പറയുന്നു.
ഇടനാഴിയിലൊരിടത്ത്
ഇടങ്ങേറു കണ്ടപ്പോള്‍
ഇടറാതെ ഇരുമ്പുദണ്‌ഡെടുത്തവളാണീ
ഇരുപത്തിയേഴുകാരി — എന്ന് ഇടനാഴിയെന്ന കവിതയിലെഴുതുമ്പോള്‍ ജയശ്രീയുടെ നിലപാട് ഒന്നുകൂടി വ്യക്തമാവുന്നുണ്ട്.

മനസുകൊണ്ട് കീഴടങ്ങുമ്പോഴാണ് നാം തോറ്റുപോകുന്നതെന്ന് പറയുന്ന ജയശ്രീ തന്റെ ശരീരത്തിന്റെ പരിമിതികളോട് മനസുകൊണ്ട് പൊരുതി ജയിക്കുകയാണ്. അതിജീവനത്തിന്റെ ഏറ്റവും ശക്തമായ സാധ്യതകളിലൊന്നാണ് കലയെന്ന് ഈ എഴുത്തുകാരി വിശ്വസിക്കുന്നു. ആത്മവിശ്വാസവും പുഞ്ചിരിയും നിറഞ്ഞ മുഖത്തോടെ ദൃഢമായ ശബ്ദത്തില്‍ ജയശ്രീ പറയുന്നു: ”എവിടെയെങ്കിലുമൊക്കെ എന്റെ കയ്യൊപ്പു പതിപ്പിച്ചിട്ടേ ഞാന്‍ ജീവിതത്തില്‍നിന്ന് മടങ്ങൂ.…” ജയശ്രീയുടെ ഓരോ രചനയും ഓരോ കയ്യൊപ്പാണല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.