21 November 2024, Thursday
KSFE Galaxy Chits Banner 2

ആട്ടം; ജീവിതത്തിന്റെ അഭ്രനാടകം

രാജു ഡി മംഗലത്ത്
December 24, 2023 3:06 am

ഒരു നാടക സംഘത്തിന്റെ ജീവിത സന്ദർഭങ്ങൾ കൊണ്ടു മെനഞ്ഞ സിനിമ മലയാളത്തിൽ പണ്ടേ ഉണ്ടായിട്ടുണ്ട്. കെ ജി ജോർജിന്റെ യവനിക അങ്ങനെ ഒന്നാണ്. അത് മാത്രമല്ല, അത് മലയാള സിനിമയിലെ ഇതഃപര്യന്തമുള്ള മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്ന് കൂടിയാണ്. ഐഎഫ്എഫ്കെ 2003 ൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് നേടിയ ‘ആട്ട’വും ഒരു നാടക സംഘത്തിന്റെ ജീവിത മുഹൂർത്തങ്ങളെ അവലംബിച്ചുള്ള സിനിമയാണ്. നാടക പരിസരത്തെ ആസ്പദമാക്കിയുള്ള പല സിനിമകൾക്കും വരാറുള്ള പരാധീനത അതിൽ നാടകാംശം ക്ഷണിക്കാതെ തന്നെ കടന്നു വരും എന്നതാണ്. സിനിമയുടെ ദൃശ്യഭാഷയെത്തന്നെ നശിപ്പിക്കുവോളം അത് ചിലപ്പോൾ ചെന്നെത്തുകയും ചെയ്യും. എന്നാല്‍ വളരെ വ്യത്യസ്തമായ അനുഭവമാണ് ആട്ടം പ്രദാനം ചെയ്യുന്നത്.
സിനിമയിലെ നാടക ഗ്രൂപ്പിൽ പതിനൊന്നു പേർ ഉണ്ട്. സാധാരണ ഭാഷയിൽ അമച്ച്വർ എന്ന് നാട്ടുകാർ വിളിക്കുന്ന കലാത്മക നാടക ഗ്രൂപ്പ് ആണത്. അതിലെ കലാകാരന്മാർ മറ്റു ജോലികൾ ചെയ്താണ് ജീവിക്കുന്നത്. അതിൽ ഉദ്യോഗസ്ഥർ മുതൽ കൂലിപ്പണിക്കാർ വരെയുണ്ട്. അതിൽ ഹരി എന്ന അതിപ്രശസ്തൻ അല്ലാത്ത ഒരു സിനിമാ നടനും ഉണ്ട്. അഞ്ജലി എന്ന ഒരേയൊരു നടി മാത്രമാണ് ഗ്രൂപ്പിൽ ഉള്ളത്. 

ഒരു നാടകാവതരണത്തിനു ശേഷം അസ്വാദകർ നൽകുന്ന രാത്രി സത്കാരത്തിലേക്കു നാടക ഗ്രൂപ്പ് അംഗങ്ങൾ ക്ഷണിക്കപ്പെടുന്നു. ആ സത്കാരവേളയിൽ ഒരു കുറ്റം സംഭവിക്കുന്നു. അതാണ് സിനിമയിലെ തുടർന്നുള്ള എല്ലാ സംഭവങ്ങളെയും പിന്നീട് നിർണയിക്കുന്നത്.
നാടക ഗ്രൂപ്പ് നമ്മുടെ പൊതു സമൂഹത്തിന്റെ ഒരു പരിഛേദമായി മാറുന്നു. അത് എല്ലാത്തരം ഹിപ്പോക്രസികളുടെയും വേദനാനുഭവങ്ങളുടെയും ഒറ്റപ്പെടലുകളുടെയും ഒറ്റുകളുടെയും പ്രേമഭംഗങ്ങളുടെയും ഇടമായിത്തീരുന്നു. സിനിമ അനുപമമായ രീതിയിലാണ് ഈ ജീവിതത്തെ ആവിഷ്കരിക്കുന്നത്. ആദ്യപാദത്തിലെ ചലനാത്മകമായ വിഷ്വലുകൾക്ക് ശേഷം ക്യാമറ ഒരു വീടിന്റെ ഡൈനിങ് ഹാളിലും മുറ്റത്തുമായി ദീർഘനേരം തമ്പടിക്കുമ്പോൾ പ്രേക്ഷകന് വരാവുന്ന മടുപ്പിനെ സംവിധായകൻ അതീവ ജാഗ്രതയോടെയാണ് മറികടക്കുന്നത്. ആ സമയത്തു കഥാ പാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ഒരു കോടതി വിചാരണ മുറിയുടെ മുറുക്കം സൃഷ്ടിച്ചു കൊണ്ടാണ് സിനിമ ആ ദൗത്യം നിർവഹിക്കുന്നത്. 

കുറ്റവാളികളുടെ രൂപം മാറി മാറി വരികയും ഇര അപഹസിക്കപ്പെടുകയും ചെയ്യുന്നതിനപ്പുറം ഈ അവസരത്തിൽ സിനിമ അതിന്റെ സ്ത്രീപക്ഷരാഷ്ട്രീയത്തെ കൃത്യമായി അടയാളപ്പെടുത്തുകകൂടി ചെയ്യുന്നു. കലയുടെ രംഗത്തും കടന്നു നിൽക്കുന്ന ആണാധിപത്യബോധത്തെ ഈ സിനിമ പിച്ചിചീന്തി എറിയുന്നുണ്ട്. പെണ്ണെതിരിന്റെ എരിഞ്ഞു നീറുന്ന പ്രതിരോധം തീർക്കുന്നുണ്ട്. പ്രണയം ഒരു ഉപാധിയോ ഉപായമോ തടവ് ശിക്ഷയോ അല്ല എന്ന തിരിച്ചറിവിനെ ഉയർത്തിപ്പി ടിക്കുന്നുണ്ട്. സിനിമയുടെ ഈ അന്തരിക രാഷ്ട്രീയ കർമ്മങ്ങൾ എല്ലാം നിർവഹിക്കപ്പെടുന്നത് തികച്ചും കലാത്മകമായാണ്. സിനിമയുടെ ഭാഷ മാത്രമാണ് ഉടനീളം ഉപയോഗിക്കപ്പെടുന്നത്. ഒരിടത്തു പോലും മുദ്രാവാക്യത്തിന്റെ പ്രകടനപരതയുമായി ഈ സിനിമ സന്ധി ചെയ്യുന്നില്ല. 

ഈ സിനിമ പ്രാഥമികമായി സംവിധായകനും തിരക്കഥാ കൃത്തുമായ ആനന്ദ് ഏകർഷിയുടേതാണ്. വിനയ് ഫോർട്ടും കലാഭവൻ ഷാജോണും മിഥുനും പ്രധാന നടന്മാരായ സിനിമയിൽ നാടക രംഗത്തു പ്രവർത്തിക്കുന്ന പത്തോളം നടന്മാർ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയിലെ നായിക സരിൻ ഷിഹാബ് എന്ന നടി ആണ്. അസാധാരണമായ അഭിനയമാണ് ഈ നടി കാഴ്ച വച്ചിട്ടുള്ളത്. ഫോട്ടോഗ്രഫി അനിരുധ് അനീഷും എഡിറ്റിങ് മഹേഷ്ഭു വനെന്ധും സംഗീതം ബേസിലും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണം അജിത് ജോയ് ആണ്. മലയാള സിനിമക്ക് കൃത്യമായി അടയാളപ്പെടുത്താവുന്ന ഒരിടം ആട്ടത്തിന് വേണ്ടി ഒഴിച്ചിടേണ്ടി വരും. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.