1 January 2025, Wednesday
KSFE Galaxy Chits Banner 2

ഓർമ്മയും ഒരു സമരായുധമാണ്

വി യു സുരേന്ദ്രൻ
ലേഖനം
February 12, 2023 4:00 am

നമ്പൂതിരി സമുദായത്തിനകത്ത് നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ബ്രാഹ്മണിക്കൽ പുരോഹിതാധീശത്വത്തെയും വെല്ലുവിളിച്ച് ആ സമുദായത്തെ ആധുനിക ജീവിതമൂല്യങ്ങളിലേക്ക് നയിച്ച ഊർജ്ജ സ്വലനായ കർമ്മയോഗിയും സാമൂഹ്യവിപ്ലവകാരിയുമാണ് വി ടി ഭട്ടതിരിപ്പാട്. അധി വേദനം, വൃദ്ധ വിവാഹം, ബാലികാവിവാഹം എന്നിവയ്ക്കെതിരെ വി ടിയും ഉണ്ണിനമ്പൂതിരി പ്രസ്ഥാനവും നടത്തിയ പിക്കറ്റിങ്, വിധവാവിവാഹം, മിശ്രവിവാഹം, കുടുമമുറി പ്രസ്ഥാനം, പൂണൂൽ ദഹനം എന്നിവ പ്രായോഗികമക്കുക തുടങ്ങിയ ബ്രാഹ്മണിക്കൽ വിരുദ്ധ സമരങ്ങൾ യാഥാസ്ഥിതികത്വത്തിനേറ്റ ഇടിവെട്ടായി പരിണമിക്കുകയായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും ശ്രീനാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും കീഴാള നവോത്ഥാന പ്രത്യയശാസ്ത്രങ്ങളും വിമോചന ആശയങ്ങളും കേരളത്തിൽ നിലനിന്നിരുന്ന ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥയുടെ അടിത്തറ തകർക്കുകയായിരുന്നു. സവർണാധിപത്യത്തിലും ബ്രാഹ്മണ്യമൂല്യങ്ങളിലും അടിയുറച്ചുനിന്നിരുന്ന വ്യവസ്ഥാപിത സമൂഹം യഥാർത്ഥത്തിൽ വെല്ലുവിളിക്കപ്പെട്ടു. 

അപ്പോഴും നമ്പൂതിരി സമുദായം യാഥാസ്ഥിതിക ത്വത്തിലും ആലസ്യങ്ങളിലും മയങ്ങികിടക്കുകയായിരുന്നു. ക്രമേണ കീഴാള നവോത്ഥാന സമരമുന്നേറ്റങ്ങളുടെ കുളമ്പടി ശബ്ദങ്ങൾ അവർ കേൾക്കാൻ തുടങ്ങിയതോടെ യോഗക്ഷേമസഭ രൂപീകൃതമായി. അതിന്റെ തുടർച്ചയിൽ ഉണ്ണിനമ്പൂതിരിപ്രസ്ഥാനവും സഭയ്ക്കകത്ത് വളർന്നുവന്നു. അതിന്റെ പ്രവർത്തനങ്ങളുടെ ഫലമായി നമ്പൂതിരി സമുദായത്തെ യാഥാസ്ഥിതകത്വത്തിലും ഇരുട്ടറയ്ക്കുള്ളിലും അടച്ചുപൂട്ടിയ ദായക്രമം, കുടുംബവ്യവസ്ഥ, വിവാഹം എന്നീ സ്ഥാപനങ്ങളിൽ വൻ അഴിച്ചുപണികൾ തന്നെ നടന്നു. പരമ്പരാഗത സമുദായ ഘടനയെ കാലാനുസൃതമായി പരിഷ്കരിക്കുക എന്നതിനപ്പുറം ബ്രാഹ്മണ്യവ്യവസ്ഥയെയും അതിന്റെ പാരമ്പര്യത്തെയും ബ്രാഹ്മണിക്കൽ ചിഹ്നങ്ങളെയുമെല്ലാം പൂർണമായും നിഷേധിച്ചുകൊണ്ടാണ് ഉണ്ണിനമ്പൂതിരി പ്രസഥാനം പോരാട്ടങ്ങൾ നടത്തിയത്. ‘നമ്പൂരിത്ത’ത്തിൽ നിന്നും ആ സമുദായത്തിലെ യുവാക്കളെയും സ്ത്രീകളെയും മനുഷ്യരാക്കുകയായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. 

മനുഷ്യത്വത്തിൽ അധിഷ്ഠിതമായിരുന്നു വി ടി ഭട്ടതിരിപ്പാടിന്റെ കർമ്മമണ്ഡലം. മനുഷ്യത്വം അദ്ദേഹത്തിനു ഒരു മതം തന്നെയായിരുന്നു. മാനവികതാവാദത്തിന്റെ ശക്തനായ പ്രയോക്താവായിരുന്നു അദ്ദേഹം. മനുഷ്യ മനസിനെ ദേവത്വത്തിലേക്കുയർത്തണമെന്ന് വി ടി ആഗ്രഹിച്ചിരുന്നു. ഓരോ മനുഷ്യനും തന്നിൽ തന്നെയുള്ള ഈശ്വരനെ(മാനവസത്തയെ) തിരിച്ചറിഞ്ഞ് ആ മഹത്തായ മനുഷ്യാവബോധത്തെ തന്റെ കർമ്മമണ്ഡലത്തിന്റെ ഊർജ്ജമായി സ്വീകരിക്കണമെന്നായിരുന്നു വി ടി പറഞ്ഞിരുന്നത്. പില്ക്കാലത്ത് ഈ മാനവവാദ പരിപ്രേക്ഷ്യം ചലനമറ്റു പോകുകയും തുടർന്നു കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിൽ നടന്ന ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ നടന്ന പ്രക്ഷോഭങ്ങളിലേക്ക് ഊർജ്ജം പകരാൻ ചരിത്രപരമായി ആ മാനവവാദസമീക്ഷക്കു കഴിഞ്ഞില്ല. സ്വാതന്ത്ര്യാനന്തരം സമസ്തമേഖലകളിലും അപചയവും ധാർമ്മികാധഃപതനവും സംഭവിക്കുന്നതു കണ്ടു വേദനിക്കാനും നിരാശനാകാനുമായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. 

‘പൊഴിഞ്ഞ പൂക്കൾ’ എന്ന ലേഖനത്തിൽ വി ടി എഴുതുന്നു; “ഞാനാകുന്ന പടുമരം മുളച്ചുപൊന്തിയത് മനവളപ്പിലാണ്. അതിനാൽ നമ്പൂതിരി എന്ന പേരിൽ അറിയപ്പെടേണ്ടി വന്നു. എന്നല്ല ചാതുർവർണ്യം മായാസൃഷ്ടത്തിന്റെ കർത്താവും പ്രഭുവും സാക്ഷിയും എന്റെ ഏതോ തലതൊട്ടപ്പനാണെന്ന ധാരണയാൽ ഒരെച്ചിൽക്കൂടു എനിക്കു ചുമക്കേണ്ടതായും വന്നു. അതുകൊണ്ട് സ്വാഭാവികമായി എന്റെ അഭിമതം സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ചുറ്റിത്തിരിഞ്ഞു. നമ്പൂതിരിയെ മനുഷ്യനാക്കാൻ ആഹ്വാനം ചെയ്ത മഹാൻ ഞാനല്ല. എന്നാൽ അവരെ മനുഷ്യലോകത്തിലേക്കു ക്ഷണിച്ചിരുത്തി മറ്റുള്ളവരെപ്പോലെ ജീവിപ്പിക്കാൻ വിഭവമൊരുക്കിക്കൊടുത്തതും തടസ്സങ്ങൾ തട്ടിനീക്കിയതും ഞാനുൾപ്പെട്ട എന്റെ കൂട്ടാളികളാണ്. പൂണൂൽ പൊട്ടിച്ചത്, മറക്കുട തല്ലിപ്പൊളിച്ചത്, ചേലപ്പുതപ്പ് ചീന്തിയെറിഞ്ഞത്, കാമിക്കുന്നവരെ കല്യാണം കഴിക്കുവാൻ ആവശ്യമായ സാഹചര്യം സൃഷ്ടിച്ചത്. എല്ലാം സാമൂഹ്യപരിവർത്തന പ്രക്രിയയിലൂടെയാണ്. ഇതെല്ലാം എളുപ്പത്തിൽ സാധിച്ചതല്ല; വിശ്രമമെന്ന ഒന്നില്ലാതെ, സുഖമൊന്നും ആസ്വദിക്കാതെ, വീടുതോറും കയറിയിറങ്ങി തൊണ്ടകാറി പ്രസംഗിച്ചതിന്റെയും ഉറക്കമിളച്ചിരുന്നു സാഹിത്യം സൃഷ്ടിച്ചതിന്റെയും പരിണതഫലമാണ്. ഹരിജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും ക്ഷേത്ര പ്രവേശന സംരംഭത്തിനും മിശ്രഭോജനത്തിനും വിവാഹത്തിനും അർപ്പിക്കപ്പെട്ട കണ്ണുനീരിന്റെ പുളിപ്പും ബന്ധുജനവിരഹത്തിന്റെ കയ്പും ഇന്നും മാറിക്കഴിഞ്ഞിട്ടില്ല. ”

എങ്കിലും തിരിഞ്ഞുനോക്കുമ്പോൾ അദ്ദേഹത്തിനു പൂർണ സംതൃപ്തിയാണുണ്ടായിരുന്നത്. പാരമ്പര്യവിശ്വാസങ്ങളെയും സമുദായത്തിനകത്തെ അനാചാരങ്ങളെയും ബ്രാഹ്മണ്യത്തെയും ജന്മിത്വത്തെയും പല്ലും നഖവുമുപയോഗിച്ച് എതിർത്ത വി ടി ഭട്ടതിരിപ്പാടിന് തന്റെ ജീവിത സായാഹ്നത്തിൽ അതിന്റെ ഫലം നേരിൽ കാണാൻ ഭാഗ്യമുണ്ടായി. ഐക്യകേരള രൂപീകരണത്തിനുശേഷം കേരളത്തിൽ ജാതീയത വൻശക്തിയായി തിരിച്ചുവന്നു. അവർണ/സവർണ നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാം ചവിട്ടിത്താഴ്ത്തിയ ജാത്യാഭിമാനവും ജാതിചിന്തയും പതിന്മടങ്ങു ശക്തിയോടെ കേരളത്തിൽ തിരിച്ചെത്തിയതിന്റെ ഫലമാണ് 1959 ലെ കുപ്രസിദ്ധ വിമോചന സമരം. നവോത്ഥാന സമര മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകിയ സമുദായ സംഘടനകളെല്ലാം ജാതിസംഘടനകളും രാഷ്ട്രീയത്തിലെ വിലപേശൽ സംഘടനകളുമായിത്തീർന്നു. എസ്എൻഡിപി, എൻഎസ്എസ് തുടങ്ങിയ സംഘടനകൾ സമുദായത്തെ വോട്ടുബാങ്കാക്കി മാറ്റി. അവയെ രാഷ്ട്രീയ വിലപേശലിനുള്ള ഉപകരണങ്ങളാക്കി മാറ്റിയതോടെ അവയുടെ ചരിത്രപ്രാധാന്യം അസ്തമിച്ചു തുടങ്ങി. 

ജാതീയമായ സ്വത്വബോധവും ജാത്യാഭിമാനവും പുനരുല്പാദിപ്പിക്കുന്നതിനും വേണ്ടി 1978 ൽ നമ്പൂതിരി യോഗക്ഷേമസഭയും പുനരുജ്ജീവിപ്പിക്കപ്പെടുകയുണ്ടായി. നമ്പൂതിരി മനുഷ്യനായി മാറിയപ്പോൾ ജാതിശ്രേണിയിലെ അധീശത്വം നഷ്ടപ്പെട്ടുവെന്ന ഒരു തോന്നൽ യാഥാസ്ഥികരിൽ വളർന്നുവന്നു. അതുകൊണ്ടു നമ്പൂതിരിയുടെ നഷ്ടപ്പെട്ടുപോയ ‘നമ്പൂരിത്ത’വും ബ്രാഹ്മണിക്കൽ ചിഹ്നങ്ങളും ഷോഡശസംസ്കാരവുമെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ സഭയ്ക്കകത്തു ആരംഭിച്ചു. നമ്പൂതിരിമാർ മറ്റുളളവരിൽ നിന്നും കേമന്മാരും ശ്രേഷ്ഠരുമാണെന്ന് അവർ കരുതുന്നു. പാരമ്പര്യമൂല്യങ്ങളും വിശ്വാസാചാരങ്ങളും നമ്പൂതിരിമാർക്കിടയിൽ മാത്രം പ്രയോഗത്തിലിരുന്ന പദപ്രയോഗങ്ങളും തിരിച്ചുപിടിക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നു. ആധുനിക ജീവിതമൂല്യങ്ങളെ പുണർന്നുകൊണ്ടു തന്നെ പാരമ്പര്യ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്ന പുതിയൊരു ജീവിതരീതി അവർ സ്വീകരിച്ചുതുടങ്ങി. 

ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലകളിലും ബ്രാഹ്മണിക്കൽ മൂല്യങ്ങളുടെ അധീശത്വം കാണാം. പൊതുജീവിതത്തിലും സാംസ്കാരിക മണ്ഡലത്തിലും ഇപ്പോഴും സവർണാധീശത്വം നിലനിൽക്കുന്നു. ഒരു അധഃകൃത സമുദായാംഗത്തിന് എന്തുകൊണ്ട് ഒരമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ തന്ത്രിസ്ഥാനം നൽകികൂടാ എന്നുറക്കെ ചിന്തിച്ച വി ടിയുടെ ചോദ്യത്തിന് ഇന്നും ഉത്തരമില്ല. പരിഷ്കരണ മുന്നേറ്റങ്ങളിൽ നിന്നും കൂടുതൽ ആവേശം ഉൾക്കൊണ്ട് സമുദായാംഗങ്ങൾക്കിടയിൽ സാഹോദര്യം, മതനിരപേക്ഷത, മാനവികത, സമത്വം തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിച്ച് തികച്ചും ജാതിവിരുദ്ധവും ബ്രാഹ്മണിക്കൽ വിരുദ്ധവുമായ സമുദായ നിർമ്മിതിയിലേക്ക് ഉയരേണ്ട നമ്പൂതിരി സമുദായം ഇന്ന് പുനരുജ്ജീവനമാർഗ്ഗങ്ങളിലേക്കും “നമ്പൂരിത്ത’ത്തിലേക്കും മടങ്ങുകയാണ്. നമ്മുടെ ചരിത്രത്തെയും സാംസ്കാരിക പാരമ്പര്യത്തെയും ഹൈന്ദവവൽക്കരിക്കുവാനും നാം പൊരുതിനേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെയെല്ലാം കടപുഴക്കിയെറിയുവാനും ബ്രാഹ്മണിക്കൽ ഹൈന്ദവമത രാഷ്ട്രീയശക്തികൾ ഇന്നു ശ്രമിച്ചുകൊണ്ടിരിക്കുന്നു. കോർപ്പറേറ്റ് ഹിന്ദുത്വവും നവയാഥാസ്ഥിതികത്വവും നമ്മെ വിഴുങ്ങിക്കൊണ്ടിരിക്കുയാണ്. കീഴാള/സവർണ നവോത്ഥാന പ്രസ്ഥാനങ്ങൾ വളർത്തിയെടുത്ത മതനിര പേക്ഷത, സാഹോദര്യം, സമത്വം, മാനവികത എന്നിവയിധിഷ്ഠിതമായ ലോകബോധവും ഇടതുപക്ഷമൂല്യങ്ങളും പൊതുമണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. ശ്രീനാരായണഗുരുവും അയ്യൻകാളിയും വി ടി ഭട്ടതിരിപ്പാടുമടക്കമുള്ളവരുടെ നവോത്ഥാന പ്രത്യയശാസ്ത്രങ്ങൾ ഇന്ന് ജാതിസംഘടനകളുടെ ഊർജ്ജമായി മാറുന്നു. ബ്രാഹ്മണിക്കൽ വിരുദ്ധവും ജാതിവിരുദ്ധവുമായ അവരുടെ ആശയങ്ങളെ ജാതിസംഘടനകളും ഹിന്ദുത്വരാഷ്ട്രീയശക്തികളും കവർന്നെടുത്ത് അവരെ ജാതിനേതാക്കളും ഹൈന്ദവ ധർമ്മത്തിന്റെ വക്താക്കളുമാക്കിത്തീർക്കുകയാണ്. 

ഹിന്ദുത്വ രാഷ്ട്രീയത്തിനും ബ്രാഹ്മണ്യാധികാരത്തിനും ജാതീയതയ്ക്കുമെതിരെ അതിവിശാലമായൊരു കീഴാള ബദൽ ജനകീയ ജനാധിപത്യരാഷ്ട്രീയ വ്യവഹാരം ഇന്നു രൂപപ്പെടടേണ്ടിയിരിക്കുന്നു. മാർക്സ്, മഹാത്മാഗാന്ധി, അംബേദ്ക്കർ എന്നിവരുടെ കീഴാള ചിന്തകൾക്കൊപ്പം ശ്രീനാരായണഗുരു, അയ്യൻകാളി, വി ടി ഭട്ടതിരിപ്പാട്, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയവരുടെ ബ്രാഹ്മണിക്കൽ വിരുദ്ധവും ജാതിവിരുദ്ധവുമായ ആശയങ്ങളെയും നവോത്ഥാന സങ്കല്പങ്ങളെയും ഉൾക്കൊണ്ട് കീഴാള ജനകീയ ജനാധിപത്യ രാഷ്ട്രീയ വ്യവഹാരം കൂടുതൽ വികസിക്കേണ്ടതുണ്ട്. കീഴാള ജനതയുടെയും നമ്പൂതിരി സമുദായത്തിന്റെയും വിമോചനത്തിനും ആധുനികവൽക്കണരത്തിനും വേണ്ടി പ്രവർത്തിച്ച സംഘടനകളെല്ലാം ഇന്നു ജാതി പ്രമാണിമാരുടെ വിലപേശൽ സംഘടനകളായി അധഃപതിച്ചതിനാൽ ജാതിപ്രമാണിമാരുടെ അത്തരം സംഘടനകളിൽ നിന്നും ഹിന്ദുശക്തികളുടെ തടറവറകളിൽ നിന്നും നാം വി ടി അടക്കമുള്ള നവോത്ഥാന നായകരെ വിമോചിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. കേരളീയ നവോത്ഥാനത്തെ സാദ്ധ്യമാക്കിയ ശ്രീ നാരായണ മൂല്യമണ്ഡലം, പൊയ്കയിൽ അപ്പച്ചൻ, അയ്യൻകാളി, പാമ്പാടി ജോൺ ജോസഫ് തുടങ്ങിയവരുടെ ദലിത് ചിന്തകളും ദലിത് വിമോചന പ്രവർത്തനങ്ങളും ഉല്പാദിച്ചിച്ചെടുത്ത ദലിത് പ്രബുദ്ധത എന്നിവയെപ്പോലെ അനിതരസാധാരണമായ ഒരു പങ്ക് കേരളത്തിന്റെ ധൈഷണിക മണ്ഡലത്തിൽ വി ടിയുടെ ചിന്തകൾക്കും ആശയലോകത്തിനുമുണ്ടെന്നു പറയാം. 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആഭിചാരക്കൊലകളുമെല്ലാം കേരളീയ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വി ടിയുടെ സമരോത്സുകമായ ആശയമണ്ഡലത്തെ നാം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. വർദ്ധിച്ചുവരുന്ന യാഥാസ്ഥിതികത്വത്തിനും ബ്രാഹ്മണിക് മൂല്യങ്ങളുടെ അധിനിവേശത്തിനുമെതിരെ പൊരുതുവാൻ വി ടി ഭട്ടതിരിപ്പാടിന്റെ ധാർമ്മികതയിലും മാനുഷികതയിലും യുക്തിചിന്തയിലുമധിഷ്ഠിതമായ ആശയങ്ങൾ ശക്തമായൊരു ആയുധം തന്നെയാണ്. എംആർബി ഒരിക്കൽ എഴുതി; “വി ടി തന്റെ കുതിരകളെ വളർത്തിപ്പോന്നത് അലങ്കരിച്ചു നിർത്താനല്ല, സവാരിക്കായിരുന്നു” എന്ന്. ബ്രാഹ്മണ്യാധീശത്വത്തിലും മൂല്യ സങ്കല്പങ്ങളിലും ബ്രാഹ്മണിക്കൽ പുരോഹിത മത ധർമ്മശാസ്ത്രങ്ങളിലും മനുസ്മൃതി നിയമ സംഹിതയിലും അധിഷ്ഠിതമായ ഹിന്ദു രാഷ്ട്രീയം പ്രബലപ്പെട്ടുവരുന്ന സാഹചര്യത്തിൽ വി ടിയുടെ കുതിരകളെ ഇന്നു സവാരിക്കല്ല ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പോർമുഖത്തേക്ക് നയിക്കാനാണ് നാം തയ്യാറാവേണ്ടത്. യാഗയജ്ഞങ്ങളും നാമ ജപഘോഷയാത്രകളും ബ്രാഹ്മണിക്കൽ പുരോഹിതമതാചാരങ്ങളും ശക്തമായിക്കൊണ്ടിരിക്കുന്ന കേരളത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. ഇത്തരം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടത്തിൽ മുഴുവൻ യഥാർത്ഥ മതവിശ്വാസികളെയും ഈശ്വരവിശ്വാസികളെയും മതനിരപേക്ഷ ജനാധിപത്യശക്തികൾ കൂടെ അണിനിരത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. യജ്ഞശാലയെ കശാപ്പുശാല എന്നു വിശേഷിപ്പിച്ച വി ടിയുടേതുപോലെ നിർഭയവും ആത്മവീര്യവും ധാർമ്മിക വിശുദ്ധിയും മുഴങ്ങി നിൽക്കുന്ന ഒരു ശബ്ദം ഇന്നു പൊതുജീവിത്തിൽ ഉയർന്നു കേൾക്കുന്നില്ല. വിശ്വാസവും അന്ധവിശ്വാസവും ഏതാണെന്നു തിരിച്ചറിയാതെ ജനം ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെ പിറകേ സഞ്ചരിക്കുകയാണ്.

കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങൾ നൽകിയ ഊർജ്ജത്തെ ഏറ്റെടുത്തു മുന്നോട്ടുപോകുന്നതിൽ നാം കാണിച്ച അലസതയാണ്, നമ്മുടെ നിഷ്ക്രിയത്വമാണ് ഒരു പരിധിവരെ ഇത്തരമൊരു അവസ്ഥയിലേക്കു നമ്മെ നയിച്ചത്. നവോത്ഥാനം നൽകിയ ചരിത്രപരമായ മുന്നേറ്റങ്ങളെ വിമർശനാത്മകമായി ഉൾക്കൊള്ളുവാനും ആ പാരമ്പര്യത്തെ തിരിച്ചു പിടിച്ച് പുതിയ കുതിപ്പുകൾ സൃഷ്ടിച്ചെടുക്കുവാനും നമുക്കു കഴിയേണ്ടതാണ്. ഹൈന്ദവ ഫാസിസത്തിനു മതതീവ്രവാദത്തിനും ആഗോള/കമ്പോള മുതലാളിത്തത്തിനുമെതിരെ മാനവികതയിലും മതനിരപേക്ഷതയിലും ഇടതുപക്ഷമൂല്യങ്ങളിലും അധിഷ്ഠിതമായ പുതിയൊരു ബദൽ ജനകീയ ജനാധിപത്യ രാഷ്ട്രീയ വ്യവഹാരം വളർന്നുവരേണ്ടിയിരിക്കുന്നു. അത്തരമൊരു പ്രസ്ഥാനത്തിനു മാത്രമേ നമ്മുടെ നവോത്ഥാന പാരമ്പര്യത്തെ തിരിച്ചുപിടിക്കുവാനും പുതിയൊരു ബദൽ ജനാധിപത്യമതനിരപേക്ഷകേരളത്തെ നിർമ്മിച്ചെടുക്കുവാനും കഴിയൂ. ബ്രാഹ്ണ്യവ്യവസ്ഥക്കും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പഞ്ചപുച്ഛമടക്കി ഓച്ചാനിച്ചു നിൽക്കാതെ വിട്ടുവീഴ്ച കൂടാതെ സമരങ്ങൾ നടത്തിയ കർമ്മോത്സുകനായ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതവും സാഹിത്യവും പ്രവർത്തനങ്ങളും ഓർമ്മകളും അത്തരമൊരു നവകേരള നിർമ്മിതിക്കും ജ്ഞാനസമൂഹത്തിനും വേണ്ടി പോരാടുന്നവർക്ക് മൂർച്ചയേറിയ ഒരു വജ്രായുധം തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.