
വാക്ക്, വരകളിൽ സംഗീതമാകുന്നു. ആയിരം വാക്കിന് തുല്യമാണൊരു ചിത്രം. കാണാക്കാഴ്ചകൾ വിരിയുന്നത് വരകളിലാണ്. അകക്കണ്ണിന് കുളിരേകിയ ചിത്രങ്ങളാൽ മലയാളക്കരയെ സമ്പന്നമാക്കിയ വരയച്ഛനാണ് നമ്പൂതിരി. സാഹിത്യത്തിനും ദൃശ്യകലകൾക്കുമിടയിൽ വ്യാഖ്യാനത്തിന്റെ പാലമായിരുന്നു നമ്പൂതിരിയൻ വരകൾ. രേഖാകലയിലെ ആഗോളമുഖമായ നമ്പൂതിരിയുടെ വരകൾക്കായി എഴുത്തുകാർ കൊതിയോടെ കാത്തുനിന്നു. നമ്പൂതിരിയുടെ വരകാണാൻ മാത്രം ഞാൻ അനന്തരം എന്ന നോവലെഴുതിയെന്ന വികെഎൻ സാക്ഷ്യം ഓർമപ്പെടുത്തുന്നത് നമ്പൂതിരി ഒരു യുഗപുരുഷൻ കൂടിയാണെന്നാണ്. രേഖായനങ്ങളുടെ വസന്തസ്മൃതികളിൽ നമ്പൂതിരി ചിത്രങ്ങൾ ഉയിരുറപ്പോടെ തിളങ്ങിനിൽക്കുന്നു.
‘വരകളിലെ കാലാവസ്ഥയാണ് നമ്പൂതിരി‘യെന്ന വിശേഷണം എം എൻ വിജയന്റേതാണ്. പ്രതിഭയുടെ ധാരാളിത്തം സമ്പന്നമാക്കിയ ഈ വരകുലപതിയുടെ വിരലുകൾക്ക് ദൈവത്തിന്റെ കയ്യൊപ്പുണ്ട്. മലയാളിയുടെ വായനാനുഭവത്തിന് ദൃശ്യബോധത്തിന്റെ മഹാകാശം പകർന്നുനൽകിയ വിസ്മയക്കരുത്താണ് നമ്പൂതിരി. പൊന്നാനിയിലെ പൂഴിമണലിൽ, ബാല്യകാലത്തെ രോഗാവസ്ഥയുടെ ഏകാന്തത മറികടക്കാൻ നമ്പൂതിരി കോറിയിട്ട വരകളാണ് പിന്നീട് അക്ഷരക്കൂട്ടുകളിലെ മഹാവിസ്മയമായത്. കിളിമാനൂർ കൊട്ടാരഭിത്തിയിലെ വെളുത്ത പ്രതലത്തിൽ രവിവർമ്മ തീർത്ത കരിവരകൾ ലോകഭൂപടത്തിലെ നേർവരകളായി പരിണമിച്ചതിന്റെ പിന്തുടർച്ച നമ്പൂതിരിവരകളിലാണ് പിന്നീട് ദൃശ്യപ്പെട്ടത്. നമ്പൂതിരി വരകളിലെ ത്രിമാനതയ്ക്കടിസ്ഥാനം അദ്ദേഹത്തിന്റെ ശില്പകലാബോധ്യങ്ങളുടെ പതിഫലനമാണ്. വാക്കിൽ വരയുടെ ദീപ്തി പടരുമ്പോൾ വായനയ്ക്ക് തെളിച്ചമേറുന്നു. മലയാളി വായിച്ചത് എഴുത്താണോ നമ്പൂതിരിയുടെ വരയാണോ എന്നത് ഇപ്പോഴും സന്ദേഹസാധ്യതയുള്ള ചോദ്യമാണ്. ഇവ രണ്ടും എന്ന മധ്യവർത്തിനിലപാട് റദ്ദുചെയ്യാനുള്ള കരുത്താണ് നമ്പൂതിരിയുടെ വരകൾക്കുള്ളത്. ചിത്രവായനയിൽ കഥാവായന പൂർത്തിയാകുന്നത് അമ്പരപ്പോടെയാണ് നാം തിരിച്ചറിഞ്ഞത്. സൂക്ഷ്മവും മൂർച്ചയുമുള്ള ഒറ്റവരകളിൽ പൂരിപ്പിക്കപ്പെട്ടത് മനുഷ്യജീവിതത്തിന്റെ വൈവിധ്യവും ഭാവാത്മകതയുമാണ്. കുത്തുകൾ വരകളായും വരകൾ രൂപങ്ങളായും രൂപങ്ങൾ ദൃശ്യങ്ങളായും വളരുന്ന മഹാവൃക്ഷപ്പടർച്ചയുടെ ശീതളിമ നാം നമ്പൂതിരീ വരകളിൽ അനുഭവിച്ചു. അനുഭവച്ചൂരും ഔചിത്യപ്പൊലിമയും പതിഭാവിലാസവുമിണങ്ങിയ സംഗമവേദിയായിരുന്നു നമ്പൂതിരി ചിത്രങ്ങൾ. ക്ലാസ് മുറികളിൽ നിന്നും അക്ഷരങ്ങൾ അന്യമായൊരു ബാല്യകാലത്തെ, സംസ്കൃതവും വൈദ്യവും പിന്നെ മദ്രാസ് സ്കൂൾ ഓഫ് ആർട്സിലെ ചിത്രകലാപഠനവും കൊണ്ട് പൂരിപ്പിക്കാൻ നമ്പൂതിരിക്കായി. റോയ് ചൗധരി, കെ സി എസ് പണിക്കർ എന്നീ ഗുരുക്കന്മാർ നമ്പൂതിരിയുടെ പ്രതിഭയെ കണിശമാക്കി.
രണ്ടാമൂഴത്തിനു മുമ്പും ശേഷവുമെന്ന വിഭജനസങ്കല്പം സ്വയമണിഞ്ഞ് തന്റെ വരകളിലെ വ്യതിയാനങ്ങളെ നമ്പൂതിരി ചിത്രവൈവിധ്യങ്ങളിലൂടെ പ്രകടമാക്കുകയുണ്ടായി. എംടിയുടെ രണ്ടാമൂഴം, ഒ വി വിജയന്റെ ഖസാക്കിൻറെ ഇതിഹാസം, വി കെ എൻ കഥകൾ, ബഷീർക്കഥകൾ എന്നിവയ്ക്ക് ജീവൻ പകർന്നത് നമ്പൂതിരിയുടെ വരകളാണ്. ഒരു സാധാരണമനുഷ്യൻ രണ്ടാമനായി പുറന്തള്ളപ്പെടുമ്പോഴുണ്ടാകുന്ന തീവ്രനൊമ്പരത്തിൻറെ കഥ പറയുന്ന രണ്ടാമൂഴത്തിൽ നിറയുന്നത് അവഗണനയുടെ സങ്കടക്കടലാണ്. ആ കടലിലേക്കാണ് നമ്പൂതിരി വരകൾ കൊണ്ടൊരു തോണിയിറക്കിയത്. തകഴിയുടെ ഏണിപ്പടികൾ, തിക്കോടിയന്റെ ചുവന്ന കടൽ, വി കെ എന്നിന്റെ പിതാമഹൻ, കെ സുരേന്ദന്റെ ഗുരു, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ എന്നീ നോവലുകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ അവയുടെ വായനാക്ഷമത വർധിപ്പിച്ചു. വ്യക്തികൾ അവരുടെ പ്രത്യക്ഷഭാവങ്ങളിലും ആൾക്കൂട്ടം ആഘോഷഭാവങ്ങളിലും നമ്പൂതിരിവരകളിൽ തിളങ്ങി. ചിത്രകാരൻ നിർവഹിച്ച ചരിത്രവ്യാഖ്യാനങ്ങളായിരുന്നു അവയെല്ലാം. ചിത്രം, വരയ്ക്കാൻ മാതമല്ല, എഴുതാനും കഴിയുമെന്ന് തെളിയിച്ചത് നമ്പൂതിരിയാണ്. വരയെഴുത്തിലൂടെ സർഗാത്മകതയുടെ പൂർണഭാവങ്ങളെ അദ്ദേഹം വെളിവാക്കി. മാതൃഭൂമി, കലാകൗമുദി, സമകാലികമലയാളം, ഭാഷാപോഷിണി തുടങ്ങിയ ആനുകാലികങ്ങളിൽ പൂത്തുലഞ്ഞ നമ്പൂതിരിയുടെ വരക്കരുത്തിൽ ആസ്വാദകലോകം അലിഞ്ഞുചേർന്നു. ഭാഷാപോഷിണിയിൽ വരകൊണ്ടും വാക്കുകൊണ്ടും സ്വന്തം ജീവിതത്തെയും അദ്ദേഹം വരച്ചിട്ടു. വരകൾ വാസനിക്കുന്നിടമായിരുന്നു അവയുടെ ഓരോ പുറവും. ‘രേഖകൾ’ എന്നാണ് ആത്മകഥയ്ക്ക് അദ്ദേഹം പേരിട്ടത്. നമ്പൂതിരിയുടെ ഭാഷ ലളിതവും ഹൃദ്യവുമായിരുന്നു. നമ്പൂതിരിയുടെ മലയാളം അദ്ദേഹത്തിന്റെ രേഖകൾ പോലെ സുതാര്യമായിരുന്നു. ആത്മകഥയിൽ അദ്ദേഹം ജീവിതം പറഞ്ഞു. സ്വയം പറയുന്നതിൽ പിശുക്കനായ അദ്ദേഹം മറ്റുള്ളവരെ പറയുന്നതിൽ ഉദാരനാകുന്നതാണ് രേഖകളിൽ കാണാനാവുന്നത്. ഓർമ്മയുടെ പാരിജാതപ്പൂക്കളാൽ അലംകൃതമായിരുന്നു അവ. അതിൽ കണ്ണീരും പ്രണയവുമെല്ലാമുണ്ട്. നീലാകാശത്തിലെ നക്ഷത്രപ്പൂക്കൾ പോലെ അവ വായനക്കാരുടെ ഹൃദയത്തിൽ വെളിച്ചമായി.
മലയാളിയുടെ വായനാകൗതുകത്തിന് ഹൃദയത്തുടിപ്പേറ്റിയ കഥാവരയുടെ ആറുപതിറ്റാണ്ടുകൾ. നിർമ്മലതയുടെ പരാഗരേണുക്കൾ പുരണ്ട നിരന്തര വിസ്മയത്തിന്റെ മേളച്ചമയങ്ങൾ. ലോകത്തെ മുഴുവൻ ഒരുമഹാചിത്രപടമായി കണ്ണുകളിലാവാഹിച്ച നമ്പൂതിരി അവയുടെ സൂക്ഷ്മകണങ്ങളെ ചെറുബിന്ദുക്കളാൽ കൂട്ടിയോജിപ്പിച്ച് പൂർണമാക്കുകയായിരുന്നു. പ്രകൃതിയുടെ സമഗ്രഭാവത്തെ ഒപ്പിയെടുക്കാൻ പാകത്തിലുള്ള കാമറക്കണ്ണുള്ള കലാകാരനായിരുന്നു നമ്പൂതിരി. അദ്ദേഹത്തിന്റെ ഓരോ വരകളും ദൃശ്യബോധം പകരുന്ന വാങ്മയങ്ങളായിരുന്നു. വാദ്യകല, കഥകളി, സംഗീതം എന്നിവയോടുള്ള പ്രണയത്തിന്റെ തീവ്രതയാണ് നമ്പൂതിരിയുടെ വരകളിൽ പ്രതിഫലിച്ചത്. മരം, മണ്ണ്, കല്ല്, ലോഹം എന്നിവയുടെ ഉള്ളിലലിഞ്ഞ സംഗീതത്തെ തന്റെ മാന്ത്രികവിരലാൽ ഒപ്പിയെടുത്ത് അവയുടെ പുതുരൂപനിർമ്മിതിയിൽ സായൂജ്യമടഞ്ഞ മഹാശില്പിയെയും നമ്പൂതിരിയിൽ നമുക്ക് കാണാം. കേരളത്തിന്റെ കലാസാംസ്കാരിക ചരിത്രം നമ്പൂതിരിയുടെ വരകളിൽ അലിഞ്ഞുകിടക്കുന്നു.
പ്രപഞ്ചത്തെ ഒരേ സമയം വരയുടെ ലോകവും കാൻവാസുമാക്കി നമ്പൂതിരി. ഏതൊരു പ്രതലവും വരയുടെ ശരീരത്തിനിണങ്ങുമെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെ കാണുന്നതെല്ലാം കാൻവാസായി മാറി നമ്പൂതിരിക്ക്. ഒഴിഞ്ഞ കാൻവാസിൽ ഏകാന്തതയും ദുഃഖവും തളംകെട്ടിക്കിടക്കുന്നതായി നമ്പൂതിരി തിരിച്ചറിഞ്ഞു. അതിനാൽ വരയിൽ സ്ഥിരോത്സാഹിയായി അദ്ദേഹം. ഒരിക്കലും വരകൾക്കവധി നൽകാൻ അദ്ദേഹം തയാറായില്ല. കരുവാട്ട് വാസുദേവൻ നമ്പൂതിരിക്ക് വരയായിരുന്നു ലോകം. വരികളുടെ നൃത്തരൂപമാണ് നമ്പൂതിരിയുടെ വരകൾ. സിനിമയിലും നമ്പൂതിരീ സാന്നിധ്യം ചാരുതയേറ്റി. ജി അരവിന്ദന്റെ ഉത്തരായനത്തിലെ കലാസംവിധായകനായ നമ്പൂതിരിക്ക് മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു.
സാഹിത്യസൗന്ദര്യശാസ്ത്രത്തിലെ വെൺതിങ്കൾച്ചമയം തീർത്ത അതുല്യതയാണ് നമ്പൂതിരിയുടെ കൈത്തഴക്കത്തിൽ വിരിഞ്ഞുണർന്നത്. ദേശങ്ങളും മനുഷ്യരും അവരുടെ സ്വതസിദ്ധമായ പൈതൃകനിറവിൽ ആവിഷ്കരിക്കപ്പെട്ടുവെന്നതാണ് നമ്പൂതിരിയിലെ രചനാവൈദഗ്ധ്യത്തിന് തെളിവേറ്റിയത്. ജീവിതത്തിന്റെ ആർദ്രനിമിഷങ്ങളെ അപൂർവചാരുതയോടെ അദ്ദേഹം ആവിഷ്കരിച്ചു. ഗ്രാമ നഗര ജീവിതങ്ങളെ അവയുടെ തനിമയിലും ആഴത്തിലും അവതരിപ്പിച്ചു. കഥാപാത്രങ്ങളുടെ നോട്ടങ്ങളിലും കൺകോണുകളിലെ തുടിപ്പുകളിലും കടലെരിഞ്ഞ അനുഭവം പ്രകടമായിരുന്നു. അതിലൂടെ വികാരങ്ങളുടെ ഉള്ളുപൊള്ളിയ ദൈന്യം അനുവാചകഹൃദയത്തിൽ ഇരമ്പിയാർത്തു. രൂപത്തിൽ, രൂപം വരുത്തുന്ന മാറ്റങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു. വെമ്പലാർന്ന സ്ത്രീചേതസുകളിൽ ഉയിരിടുന്ന വേലിയേറ്റങ്ങളെ കടുംനീലയിലാവിഷ്കരിച്ചപ്പോൾ മുഴക്കമുള്ള ഉന്മത്തഭാവങ്ങളിൽ പുരുഷചിത്രീകരണവും നിർവഹിച്ചു. മൂർച്ചയാർന്ന ആഖ്യാനഭാഷയും കരുത്തുറ്റ നർമബോധവും ചേർന്ന് പുഴമണൽപോലെ പവിത്രമായിരുന്നു നമ്പൂതിരിയുടെ രചനാരീതി.
നമ്പൂതിരി ഉടലഴകാർന്ന സ്ത്രീരൂപങ്ങൾ മാത്രമേ വരച്ചുള്ളൂ. നമ്പൂതിരിച്ചിത്രംപോലെ സുന്ദരിയായ സ്ത്രീ എന്ന പ്രയോഗം പോലും മലയാളത്തിലെ പശസ്ത നിരൂപകൻ എം കൃഷ്ണൻനായരുടേതായുണ്ട്. ‘കലയുടെ വേരാണ് രേഖാചിത്രം’ എന്ന് ലിയാനാർഡോ ഡാവിഞ്ചി. മലയാളത്തിലെ വേരുറപ്പുള്ള രചനകൾ നിർവഹിച്ച വാസുദേവൻ നമ്പൂതിരിയുടെ ജന്മവർഷത്തിനും നൂറാണ്ടു തികയുന്നു. രേഖകളുടെ പൂക്കാലം തീർത്ത നമ്പൂതിരീ വരകൾ എക്കാലവും മലയാളിയുടെ മനസിൽ മിഴിവോടെ നിൽക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.