5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 2, 2025
November 28, 2024
October 22, 2024
September 5, 2024
August 24, 2024
August 23, 2024
August 7, 2024
June 21, 2024
June 2, 2024

കേരളീയ കലകളുടെ വർണോത്സവം

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി
January 3, 2025 4:30 am

കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക സവിശേഷതകൾ വിളിച്ചോതുന്ന 63-ാമത് കേരള സ്കൂൾ കലോത്സവത്തിന് നാളെ മുതൽ എട്ട് വരെ തലസ്ഥാനനഗരിയായ തിരുവനന്തപുരം വേദിയാവുകയാണ്. അഞ്ച് ദിനരാത്രങ്ങൾ കലകളുടെ കൗമാരസംഗമവേദികൾ മലയാളികളുടെ കണ്ണിന്റെയും കാതിന്റെയും ആകർഷണ വലയത്തിലായിരിക്കും. കലാകേരളത്തിന്റെ പുതുനാമ്പുകളെ വരവേൽക്കാൻ നിറഞ്ഞ മനസോടെ കാത്തിരിക്കുകയാണ് അനന്തപുരിയിലെ മണ്ണും സമൂഹവും. സംസ്ഥാനം രൂപീകൃതമായതിനു ശേഷം ഇരുനൂറോളം പേർ പങ്കെടുത്ത ഒരു കലാമത്സരം എന്ന നിലയിലായിരുന്നു തുടക്കം. ഇപ്പോൾ അത് പതിനാലായിരത്തോളം പ്രതിഭകൾ പങ്കെടുക്കുന്ന മഹാ കലാസംഗമമായി വളർന്നു. നവലിബറൽ നയങ്ങൾ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും ഇല്ലാതാക്കി, ഏകതാനത കലാരംഗത്തും സാംസ്കാരികരംഗത്തും അടിച്ചേല്പിക്കുമ്പോഴാണ് കേരളത്തിന്റെ കലാസാംസ്കാരിക വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും സംരക്ഷിക്കാനും കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാനും നാം ശ്രമിക്കുന്നത്. ഇതിന്റ ഭാഗമായി തദ്ദേശീയ ജനതയുടെ കലകളെക്കൂടി കൗമാരകലയുടെ ഭാഗമാക്കി മാറ്റാൻ ഈ വർഷത്തെ സ്കൂൾ കലോത്സവങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. 

ഫ്യൂഡൽ കാലം കെട്ടിപ്പൊക്കിയ അസമത്വത്തിന്റെയും അധമ മനോഭാവത്തിന്റെയും കോട്ടകളെ മനുഷ്യമനസുകളിൽ നിന്നും പിഴുതെറിയാൻ ഇടനൽകിയ നവോത്ഥാന മുന്നേറ്റങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന ശ്രീനാരായണ ഗുരു, അയ്യൻ കാളി, ചട്ടമ്പിസ്വാമികൾ, വക്കം അബ്ദുൾ ഖാദർ മൗലവി തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾക്ക് ജന്മം നൽകിയ മണ്ണാണ് തിരുവനന്തപുരം. സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട കുമാരാനാശാൻ, ഉള്ളൂർ എസ് പരമേശ്വര അയ്യർ തുടങ്ങിയ മഹാകവികളുടെയും നാടാണിത്. സി വി രാമൻപിള്ളയെപ്പോലുള്ള സാഹിത്യകാരെയും ഓർക്കേണ്ടതുണ്ട്.
കലാരംഗത്തും സാസ്കാരിക രംഗത്തും മുന്‍നിരയില്‍ ഇടം നേടിയ നിരവധി പേർ തിരുവനന്തപുരത്ത് ജനിച്ചുവളർന്നവരാണ്. നവോത്ഥാന മുന്നേറ്റങ്ങളിലും രാഷ്ട്രീയ പരിവർത്തനങ്ങളിലും കലാ, സാംസ്കാരിക മേഖലകളിലും തനതായ മുന്നേറ്റത്തിന്റെ പശ്ചാത്തലമുള്ള മണ്ണാണ് കലാകേരളത്തിന്റെ ഭാവി പ്രതീക്ഷകളെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നത്. ഒമ്പത് വർഷം മുമ്പാണ് അവസാനമായി തിരുവനന്തപുരത്ത് കലോത്സവം നടന്നത്. അതിനെക്കാൾ വളരെ വിപുലമായ മേളയായാണ് ഇത്തവണ നടക്കുന്നത്. 

ഒരു ദിവസത്തെ മത്സര പരിപാടി എന്ന നിലയിൽ നിന്നും അഞ്ച് ദിവസത്തെ മഹോത്സവമായി മാറിയതിനു പിന്നിൽ ഒട്ടേറെ ആലോചനകളും ചർച്ചകളും ഉണ്ടായിരുന്നു. പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തും പ്രോത്സാഹനങ്ങൾ ഏർപ്പെടുത്തിയുമാണ് മേള ഓരോ പടവും കടന്നുവന്നത്. മത്സരങ്ങളുടെ ഗൗരവം വർധിച്ചപ്പോൾ കൃത്യമായ നിയമാവലികൾ രൂപപ്പെടേണ്ട സാഹചര്യം ഉണ്ടായി. ഇതാണ് യുവജനോത്സവ നിയമാവലിയുടെ ആവിർഭാവത്തിലേക്ക് നയിച്ചത്. തദ്ദേശീയ ജനതയുടെ കലകളും മറ്റും ഉൾക്കൊള്ളുന്നതിനായി മാന്വൽ ഈ വർഷവും പരിഷ്കരിക്കുകയുണ്ടായി.
25 വേദികളിലായി 249 ഇനങ്ങളില്‍ 15,000ത്തോളം മത്സരാർത്ഥികളും അതിനിരട്ടിയോളം രക്ഷിതാക്കളും അനുഗമിക്കുന്ന അധ്യാപകരും അടക്കം കാൽലക്ഷത്തിലധികം പേർ കലാേത്സവത്തില്‍ നേരിട്ട് ബന്ധപ്പെടുന്നവരായി നഗരത്തിൽ എത്തും. ഇവർക്ക് പുറമെ കാണികളായി വരുന്ന വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും വേറെ. വിവിധതലങ്ങളിലെ സംഘാടകരായി മൂവായിരത്തോളം പേരും കാണും. എൻസിസി, എസ്‌പിസി, സ്കൗട്സ് ആന്റ് ഗൈ ഡ്സ്, എന്‍എസ്എസ്, ജെആർസി എന്നിവയില്‍ നിന്നും പ്രത്യേക പരിശീലനം നൽകി ആയിരത്തോളം വോളണ്ടിയർമാരെ സജ്ജരാക്കിക്കഴിഞ്ഞു.
നൂറുകണക്കിന് മാധ്യമപ്രവർത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കലോത്സവ വിശേഷങ്ങൾ ഒപ്പിയെടുക്കാൻ തിരുനന്തപുരത്ത് എത്തുന്നത്. ഇത്രയും വലിയ ഒരു ജനാവലിക്ക് കുറ്റമറ്റ വരവേല്പ് നൽകാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. കേരള സ്കൂൾ കലോത്സവം കേരളീയ സംസ്കൃതിയുടെയും തനിമയുടെയും പ്രകടിത സമ്മേളനമായി മാറും എന്ന് ഉറപ്പാണ്. ഈ സാംസ്കാരിക കൂട്ടായ്മ കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ അനുഭവങ്ങൾ തിരുവനന്തപുരം നഗരി നൽകുമെന്നതും തർക്കമറ്റ കാര്യമാണ്.
സാംസ്കാരികത്തനിമ അനാവരണം ചെയ്യാനുള്ള വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ സമൂഹത്തിന് പൊതുവെയും കുട്ടികൾക്ക് വിശേഷിച്ചും അനുഭവവേദ്യമാക്കുന്ന പഠനപരിപാടി കൂടിയാണ് സ്കൂൾ കലോത്സവങ്ങൾ. ദൗർഭാഗ്യവശാൽ ചില രക്ഷിതാക്കളെങ്കിലും ഈ പൊതുപഠന വേദിയെ അമിതമായ മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മലീമസമാക്കാൻ ശ്രമിക്കുന്നുവെന്നതും ഒരു ദുഃഖസത്യമാണ്. ഇതിനെതിരെ സ്വയം ജാഗ്രത്താവാൻ നമുക്ക് കഴിയേണ്ടതുണ്ട്. കുട്ടികൾക്ക് നിർഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ. ഒരുമയുടെ സന്ദേശം സ്വയം ഉൾക്കൊള്ളേണ്ട, മറ്റുള്ളവരെ ഉൾക്കൊള്ളാൻ സഹായിക്കേണ്ട ഈ അവസരത്തെ ആ രീതിയിൽ ഉയർത്താൻ നിർണായക പങ്ക് വഹിക്കേണ്ടത് രക്ഷിതാക്കളാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് കേരള സ്കൂൾ കലോത്സവം കേരളീയ സംസ്കൃതിയുടെയും തനിമയുടെയും ആവിഷ്കാര വേദിയാക്കി മാറ്റാം.
ആത്മവിശ്വാസത്തോടെ കുട്ടികൾക്ക് ഈ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കാൻ കഴിയട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു. ‘മത്സരം വേണ്ട, ഉത്സവം മതി’ എന്ന അഭിപ്രായത്തിന്റെ സത്ത ഉൾക്കൊള്ളാൻ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കഴിയുമെന്നുറപ്പുണ്ട്. 

TOP NEWS

January 5, 2025
January 5, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.