19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 5, 2024
November 30, 2024
December 15, 2023
December 15, 2023
December 14, 2023
December 11, 2023
December 10, 2023
December 8, 2023
December 8, 2023

മനസു നിറയെ സിനിമയുമായി വാസു ഇത്തവണയും ചലിത്രമേളയിലുണ്ട്‌

കെ കെ ജയേഷ്
കോഴിക്കോട്
March 22, 2022 1:48 pm

തലയിൽ ഭാരം പേറുമ്പോഴും ചുമട്ടു തൊഴിലാളിയും സി പി ഐ പ്രവർത്തകനുമായ വാസുവിന്റെ മനസ്സു നിറയെ സിനിമയാണ്. ജീവിത ദുരിതങ്ങളെ സിനിമാക്കാഴ്ചകളിലൂടെ മറികടന്ന വാസു നടുവണ്ണൂരിന് സിനിമാസ്വാദനമെന്നാൽ കച്ചവട സിനിമകൾ പകരുന്ന കേവല വിനോദം മാത്രമല്ല. ലോകരാജ്യങ്ങളെ അടുത്തറിയാനും ലോകത്ത് ചിതറിക്കിടക്കുന്ന മനുഷ്യരുടെ വേദനകൾ അറിയാനും പോരാട്ടങ്ങളിൽ അവരോട് ഐക്യപ്പെടാനും വാസുവിനെ സിനിമകൾ സഹായിക്കുന്നു. 1994 ൽ കോഴിക്കോട് നടന്ന ആദ്യ രാജ്യാന്തര മേളയിൽ പങ്കെടുത്തതോടുകൂടിയാണ് കാഴ്ചകളുടെ വലിയൊരു ലോകം വാസുവിന് മുന്നിൽ തുറന്നത്. പിന്നീട് എല്ലാ ചലച്ചിത്രമേളകളിലും വാസുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇരുപത്താറാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടക്കുമ്പോൾ കാഴ്ചകളുടെ പുതിയ ആകാശങ്ങൾ തേടി നടുവണ്ണൂർ അങ്ങാടിയിലെ ചുമട്ടു തൊഴിലാളിയായ വാസു ഇവിടെയുണ്ട്. വർഷങ്ങളായി മേളയ്ക്കൊപ്പമാണ് തന്റെ ജീവിതം മുന്നോട്ടു പോകുന്നതെന്നും തന്നിലെ മനുഷ്യനെ, ആസ്വാദകനെ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നത് ചലച്ചിത്ര മേളകളാണെന്നും ഇദ്ദേഹം പറയുന്നു.

സിപിഐ ചേനോളി ബ്രാഞ്ച് അസി. സെക്രട്ടറിയും യുവകലാസാഹിതി ജില്ലാ എക്സി. അംഗവും കൂടിയാണ് വാസു നടുവണ്ണൂർ. മേളകളിലെത്തി സിനിമകൾ കണ്ടു മറക്കുന്നതിൽ ഒതുങ്ങുന്നില്ല ഇദ്ദേഹത്തിന്റെ സിനിമാസ്വാദനം. താൻ കണ്ട നല്ല സിനിമകൾ ഫിലിം സൊസൈറ്റികളിലൂടെ സാധാരണക്കാരായ നാട്ടുകാരിലേക്കെത്തിക്കാനും ഇദ്ദേഹം പരിശ്രമിക്കുന്നു. ജീവിത യാഥാർത്ഥ്യങ്ങളുടെയും അതിജീവനത്തിന്റെയും കഥകൾ പറയുന്ന ഇറാനിയൻ സിനിമകളോടാണ് വാസുവിന് ഏറെയിഷ്ടം. സംഘർഷ ഭരിതമായ നാടിന്റെ യാഥാർഥ്യങ്ങൾ ഏറ്റവും ലളിതമായി ആവിഷ്ക്കരിക്കുന്ന ഇറാനിയൻ സിനിമകൾ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവയാണെന്ന് ഇദ്ദേഹം പറയുന്നു.

കുട്ടിക്കാലം മുതൽ വാസു സിനിമകളെ പ്രണയിച്ചു തുടങ്ങിയിരുന്നു. അച്ഛനൊപ്പം തെരുവത്ത് കടവിലെ ശോഭാ ടാക്കീസിൽ നിന്നായിരുന്നു ആദ്യ സിനിമ കാണുന്നത്. ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത് തിക്കുറിശ്ശിയും കൊട്ടാരക്കര ശ്രീധരൻ നായരുമെല്ലാം വേഷമിട്ട ശബരിമല ശ്രീ അയ്യപ്പൻ എന്ന സിനിമയിലെ കാഴ്ചകൾ ആ ബാലനെ സിനിമയുടെ ലോകത്തേക്ക് അടുപ്പിച്ചു. ശോഭാ ടാക്കീസും നടുവണ്ണൂർ ജ്യോതി ടാക്കീസിലുമെല്ലാം ആ ബാലൻ പുതിയ ലോകങ്ങൾ കണ്ടു. സിനിമ ജീവിതത്തിന്റെ ഭാഗമായോടെ ക്ലാസ് കട്ടു ചെയ്ത് കോഴിക്കോട്ടെ തിയേറ്ററുകളിലെത്തി ഇംഗ്ലീഷ് സിനിമകൾ കാണാൻ തുടങ്ങി. ചെറിയ ജോലികൾ ചെയ്തു കിട്ടുന്ന വരുമാനം കൂട്ടിവെച്ചായിരുന്നു സിനിമകൾ കാണാനുള്ള യാത്ര. ജീവിത സാഹചര്യം കാരണം പഠനം പത്താം ക്ലാസിൽ അവസാനിച്ചു. പീന്നീട് നടുവണ്ണൂർ അങ്ങാടിയിൽ ചുമട്ടു തൊഴിലാളിയായപ്പോഴും സിനിമ കാണൽ തുടർന്നു. പിന്നീട് കോഴിക്കോട്ടെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുത്തതോടെ ആസ്വാദന രീതിയും മാറി മറഞ്ഞു. കണ്ടതിനപ്പുറം ആഴമേറിയ കാഴ്ചകളും സിനിമയ്ക്കുണ്ടെന്ന് മനസ്സിലായതോടെ ലോക സിനിമയുടെ ജാലകം മുന്നിൽ തുറന്നു. ഇതോടെ നടുവണ്ണൂരിലും പേരാമ്പ്രയിലുമെല്ലാം നടക്കുന്ന സമാന്തര സിനിമകളുടെ കാഴ്ചക്കാരനായും സംഘാടകനായും വാസു മാറി.

അശ്വിനി, ബാങ്ക് മെൻസ് ഫിലിം സൊസൈറ്റിയുമായുമെല്ലാം സഹകരിച്ച് നാട്ടിൻ പുറങ്ങളിലേക്ക് സിനിമകളെത്തിക്കുന്നതിൽ ഇദ്ദേഹം വ്യാപൃതനായി. നടുവണ്ണൂർ ഫിലിം സൊസൈറ്റിയും നൊച്ചാട്ടെ സമത ഫിലിം സൊസൈറ്റിയുമെല്ലാം രൂപീകരിക്കുന്നതിലും മുന്നിൽ നിന്നതും ഇദ്ദേഹം തന്നെയാണ്. സമതയുടെ സെക്രട്ടറിയായിരിക്കുമ്പോൾ സിനിമാ പ്രദർശനം കാണാൻ ആളുകളെത്തിയില്ലെങ്കിൽ സിനിമയുമായി അവരെ തേടി പോകുമായിരുന്നു വാസു. കല്ല്യാണ വീടുകളും സമ്മേളന ഹാളുകളിലും ആളുകൾ കൂടുന്ന മറ്റിടങ്ങളിലുമെല്ലാം സിനിമകളുമായി വാസുവെത്തി. പ്രൊജക്ടറും സൗണ്ട് സിസ്റ്റവുമെല്ലാം സ്വന്തം കാശു ചെലവാക്കി വാടക്കെടുത്തായിരുന്നു തുച്ഛമായ വേതനമുള്ള ഈ മനുഷ്യന്റെ യാത്ര.

കുട്ടികൾക്ക് വേണ്ടി അഭിനയ ശിൽപ്പ ശാലകളും നാടക ക്യാമ്പുകളുമെല്ലാം നടത്താനും അഭിനേതാവ് കൂടിയായ ഇദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. ഓറിയന്റൽ ഫിലിം  ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കാറ്റു വിതച്ചവർ എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജറായും ആർട്ട് സഹായിയായും പ്രവർത്തിച്ചു. മനോജ് കാന സംവിധാനം ചെയ്ത ആദിവാസികളുടെ ജീവിതം പറയുന്ന കെഞ്ചിറ എന്ന സിനിമയിൽ പൊലീസുകാരനായി വേഷമിട്ടിട്ടുണ്ട് വാസു നടുവണ്ണൂർ. പ്രതാപ് ജോസഫിന്റെ മാവോയിസ്റ്റ് എന്ന ചിത്രത്തിൽ തോട്ടം മാനേജറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുള്ള വാസുവിന്റെ സ്വപ്നം സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ്. നടുവണ്ണൂർ സ്വദേശിയായ വാസു ഇപ്പോൾ പേരാമ്പ്രക്കടുത്ത് നൊച്ചാടാണ് താമസിക്കുന്നത്.

Eng­lish sum­ma­ry; Vasu is in the film fes­ti­val this time too with a full mind

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.