വഴി ലേലത്തിൽ
ജീവിതം പിഞ്ഞിയ
ഒരുവളെ കണ്ടു
പാഴ് വില പറഞ്ഞ്
മേനിയിൽ ചന്തയിൽ
ഉയർത്തുന്നു
തലതാഴ്ത്തിയൊരു
കറുത്ത കൊടിക്കൂറ
ഇവൾക്ക് കൂട്ടിനായ്
വരും ഇരുട്ടുവാർന്ന
പകൽ — ചുവരു തുരന്ന്
ഓടി പോകും
വേല ചെയ്ത്
പുലരുവാൻ
അവളോടി തളർന്ന വഴിയിൽ
നിയമ വീഥികൾ
മരംകൊത്തിയായി
കൊത്തുന്നു നിയമപാലകർ
മുറിയുടെ ചുവരും
തുറന്നവൾ
ചേക്കേറി
ഉന്മാദത്തിന്റെ
കാൽവിരൽ നീട്ടി
ജയിലിലേയ്ക്കവളെ
നാട് കടത്തി
ചന്ത തിരക്കിലെ
ചന്തമുള്ളതാം
വേനൽമഴയിൽ
ചോളം വിൽക്കും
മിന്നൽക്കൊടിയായ്
ഉരുകി വീഴുന്നു വെയിലിന്റെ
കണ്ണുവെട്ടിച്ചോടിയിട്ടും
കടലാവണക്കിൻ എണ്ണ
തൂത്തെടുത്ത
കൈത്തിരികളിലവൾ
വിളക്കായ് ജ്വലിച്ചു
പാതിരാവിൽ
ചന്ദ്രികയായ്
ഉടുപുടവ തുമ്പാൽ
ഉറങ്ങുംവരെ
കണ്ണീരൊപ്പി
മരണത്തിൽ
പഴകി ജീർണിച്ച
വെള്ള തുണി മാത്രംചുറ്റി
യക്ഷനൃത്തമാടി
പൂരക്കളി കണ്ടു
ചന്ദ്രഗിരി കടന്നു
ഉണർവോ, ഉന്മാദമോ
കുതിര വട്ടമോ
കരുതൽ വെട്ടമോ
കറുപ്പിലവൾ വെളുപ്പിനടയിരുന്നു
വെന്തുറങ്ങി
വ്യസന വാത്സല്യം
വാത്സ്യായനായ്
കൂടെ വരുമ്പോൾ
കാമദയായവൾ
ചെവിയിലണിഞ്ഞു
ചോപ്പേറും ചെമ്പരത്തി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.