22 December 2024, Sunday
KSFE Galaxy Chits Banner 2

എസ് ഹരീഷിന് വയലാർ അവാർഡ്; പുരസ്കാരം മീശ നോവലിന്

Janayugom Webdesk
തിരുവനന്തപുരം
October 8, 2022 1:35 pm

നാൽപത്തിയഞ്ചാമത് വയലാർ അവാർഡ് എസ്.ഹരീഷിന്. മീശ എന്ന ന‌ോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശിൽപവുമടങ്ങുന്ന പുരസ്കാരം വയലാറിന്റെ ചരമ ദിനമായ ഒക്ടോബർ 27 ന് സമ്മാനിക്കും.

സാറാ ജോസഫ്,വി ജെ.ജയിംസ്,വിരാമൻ കുട്ടി എന്നിവരായിരുന്നു പുരസ്കാര നിർ‌ണയ സമിതി.സമകാല മലയാളസാഹിത്യത്തിൽ എണ്ണം പറഞ്ഞ ചെറുകഥകൾ കൊണ്ട് ശ്രദ്ധേയനായ ഹരീഷിന്റെ ആദ്യ നോവലാണ് മീശ. കുട്ടനാടിന്റെ ജീവിതം പറയുന്ന, സവിശേഷമായ ഭാഷയും ആഖ്യാനശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ രചനയിലെ ചില പരാമർശങ്ങളുടെ പേരിൽ വിവാദമുയർന്നിരുന്നു.

രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള, അതിസങ്കീർണമായ ഉള്ളടക്കമുള്ള മീശ വ്യത്യസ്തമായ രചനാ മികവ് പുലർത്തിയ കൃതിയാണെന്ന് പുരസ്കാരസമിതി നിരീക്ഷിച്ചു. രസവിദ്യയുടെ ചരിത്രം, ആദം, അപ്പൻ (കഥാസമാഹാരങ്ങൾ), ആഗസ്റ്റ് 15 (നോവൽ), ഗൊഗോളിന്റെ കഥകൾ (വിവർത്തനം) തുടങ്ങിയവയാണ് ഹരീഷിന്റെ മറ്റു കൃതികൾ. മാവോയിസ്റ്റ് എന്ന കഥയുടെ ചലച്ചിത്രരൂപമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമ. ഏദൻ എന്ന ചിത്രത്തിന് സഞ്ജു സുരേന്ദ്രനുമായി ചേർ‌ന്നെഴുതിയ തിരക്കഥയ്ക്ക് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജല്ലിക്കെട്ട്, ചുരുളി, നൻപകൽനേരത്തു മയക്കം എന്നിവയാണ് മറ്റു തിരക്കഥകൾ.കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ, നോവൽ പുരസ്കാരങ്ങൾ, ജെ.സി.ബി പുരസ്കാരം, സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Eng­lish Summary:
Vay­alar Award to S Har­ish; Award for Mee­sha novel

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.