21 November 2024, Thursday
KSFE Galaxy Chits Banner 2

വയോമനം

ടി വി സജിത്
ചെറുകഥ
April 28, 2024 11:45 pm

അറിയാതെയാണെങ്കിലും മംഗലാപുരത്ത് നിന്നുള്ള സ്റ്റേറ്റ്ബസിന്റെ പതിമൂന്നാം നമ്പർ സീറ്റിലിരുന്ന് ഞാൻ മൂത്രമൊഴിച്ചു. ഈ എൺപത്തിരണ്ടാംവയസ്സിൽ. ഇളയമകളുടെ പേറെടുക്കാൻ പോയതാണ് മംഗലാപുരത്തേക്ക്. അതിന് മുമ്പ് ഒരു വർഷത്തോളം മുംബൈയിലുള്ള മൂത്തമകന്റെ ഫ്ലാറ്റിലായിരുന്നു. അങ്ങനെ കേരളത്തിൽ നിന്നും രണ്ട് വർഷത്തോളമായി മാറിനിൽക്കുന്നു. ഇപ്പോൾ നാട്ടിലേക്കുള്ള വരവാണ്. മംഗലാപുരത്ത് നിന്നും ആൾക്കാർ കയറ്റിവിട്ടു എന്ന് വേണമെങ്കിൽ പറയാം.
മുംബൈയിലേക്ക് വരദാക്ഷിയെന്ന് എന്നെ മൂത്തമകൻ വിമാനത്തിലായിരുന്നു കൊണ്ടുപോയത്. ആദ്യത്തെ വിമാനയാത്രയായിരുന്നു അത്. കോഴിക്കോടുനിന്നും ഇരുവരും ഒന്നിച്ചായിരുന്നു പോയതെങ്കിൽ, തിരിച്ച് ട്രെയിനിൽ ഒറ്റയ്ക്ക് കയറ്റിവിടുകയായിരുന്നു മംഗലാപുരം വരെ അവിടെ സ്വീകരിക്കാൻ മരുമകൻ ഉണ്ടായിരുന്നു. നാട്ടിലേക്കുള്ള യാത്രയപ്പിൽ മരുമകനോ മകളോ ഉണ്ടായിരുന്നില്ല. അവർ സിംഗപൂരിലേക്ക് ഇന്നലെ പുറപ്പെട്ടതാണ്. അവരുടെ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ബസ്റ്റാന്റിലിറക്കി വിട്ടതാണ്. “ചോദിച്ച് പോയിക്കോളു. . ബസേതാണെന്ന് ആരേലും പറഞ്ഞ് തരും’ എന്ന വാക്ക്
ആയിരംരൂപയ്ക്കൊപ്പം നൽകി.
എന്നെക്കൊണ്ടുള്ള അവരുടെ ആവശ്യവും കഴിഞ്ഞു. ഇനി അടുത്തകാലത്തൊന്നും ഇന്ത്യയിലേക്കില്ല എന്നാണ് പറഞ്ഞത്. മൂത്ത മകനും ഭാര്യയും ഇതുപോലെ വിദേശത്തേയ്ക്ക് പറന്നതാണ്. ബിസിനസ്സ് കെട്ടിപ്പടുത്താൻ…
മുംബൈയിലുള്ള മകനും എന്നെക്കൊണ്ട് ആവശ്യമുണ്ടായിരുന്നു. ജോലിത്തിരക്കുള്ള അവരുടെ രണ്ടുവയസ്സുള്ള മകനെ നോക്കാനായിരുന്നു അത്.
പുറംലോകം കാണാതെയായിരുന്നു ഇരുഫ്ലാറ്റിലും ഞാൻ കഴിഞ്ഞത്. ഞാൻ കഴിഞ്ഞത്. കൊച്ചുമക്കളുടെയും മക്കളുടെയും മരുമക്കളുടെയും അല്ലാതെ ഒരു മുഖവും ഈ രണ്ട് വർഷവും കണ്ടില്ലെന്ന് പറയാം. എന്നെ പുറത്തൊന്നും കൊണ്ട് പോയിരുന്നില്ല. ഫ്ലാറ്റിന്റെ അകംകാഴ്ചയിൽ ഞാൻ ഒതുങ്ങിക്കൂടി. ദിവസങ്ങളോളം കൊച്ചുമക്കളുമായി മാത്രം കഴിച്ചുകൂട്ടിയിട്ടുണ്ട്. 

ഇന്ന് മാസങ്ങൾക്കിപ്പുറം കോഴിക്കോടെന്ന എന്റെ എന്റെ നാട്ടിലെത്തി. പുലർച്ചെ നാലുമണിക്ക് എത്തിയതാണ്. ദൂരയാത്ര നടുവേദന ഇരട്ടിച്ചുവെങ്കിലും നാടിന്റെ സൗന്ദര്യം എനിക്ക് മനസ്സുഖം നേടിത്തന്നു. വീട്ടിലേക്ക് ടൗണിൽ നിന്നും ഒരുമണിക്കൂർ പിന്നെയും പോകാനുണ്ട്. പണ്ട് പുലർച്ചയ്ക്ക് ഈ ടൗണിലേക്ക് എത്തിയതൊക്കെ ഓർത്തുപോകുന്നു. അടക്കയും, കിഴങ്ങുമായി വില്പനയ്ക്ക് ചന്തയിലേക്ക് വരുമായിരുന്നു. അങ്ങനെയുള്ള ഞങ്ങൾക്ക്.
വരുമാനമാർഗ്ഗമായിരുന്നു മക്കളുടെ അച്ഛൻ തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു. അദ്ദേഹം കവുങ്ങിൽ നിന്ന് വീണ് ഏഴുവർഷത്തോളം കിടപ്പിലായിരുന്നു. രണ്ട് വർഷം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. എന്റെ ഇതേ വയസിൽ ശരീരമനക്കാനാകാതെ പായയിൽ മൂത്രമൊഴിച്ചപ്പോൾ അദ്ദേഹമെന്നോട് പറഞ്ഞവാക്കുകൾ അറംപറ്റിയപോലെയായിരിക്കുന്നു.
മനസ്സ് കൊണ്ട് നിയന്ത്രിക്കാൻ പറ്റില്ലെടീ ശരീരത്തിനെ. .
മംഗലാപുരത്ത് നിന്നുള്ള യാത്രയിൽ രണ്ട് തവണ ശരീരത്തെ ഇതുപോലെ നിയന്ത്രിക്കാൻ നോക്കി. എന്നിട്ടും ഉടുമുണ്ടിനെ മൂത്രം നനച്ചു. അവിടം മാത്രം കഴുകിയിട്ടും കാര്യമില്ല. അടിപ്പാവാട മൊത്തത്തിൽ പടർന്നിരുന്നു. അതിന്റെ നാറ്റം എനിക്കുപോലും അറിയാൻ പറ്റുന്നുണ്ട്. ആളുകൾ അടുത്ത് വരുമ്പോൾ അവർക്കറിയാൻ പറ്റും. മാറിയുടുക്കാൻ പാവാടയോ മുണ്ടോ കയ്യിലുണ്ടായിരുന്നില്ല. ബസിറങ്ങിയയുടൻ ശൗചാലയത്തിലേക്കാണ് പോയി പ്രാഥമികകൃത്യങ്ങൾ ചെയ്തു. 

ഏഴുമണിയായതേ ഉള്ളൂ. ഇന്നെലെ ഉച്ചയ്ക്ക് ചോറ് കഴിച്ചതാണ്. വിശപ്പും ഉണ്ടായിരുന്നു. ദൂരയാത്ര ചെയ്ത് ശീലമില്ലായിരുന്നു. ശാരീരികമായി തീരെ വയ്യ. . ഒരു കാലിച്ചായ കുടിച്ചപ്പോഴാണ് തെല്ലൊരാശ്വാസമായത്. ഒമ്പത് മണിയൊക്കെയാകും ടൗൺ ഒന്നുണരാൻ. അത് കഴിഞ്ഞ് നാട്ടിലേക്ക് പോകണം. ആ പത്തുസെന്റ് സ്ഥലത്തുള്ള ഓടിട്ട വീട്ടിലേക്ക്. മൂത്തമകന്റെ പേരിൽ എഴുതിക്കൊടുത്ത അവന്റെ അച്ഛന്റെ പേരിലുള്ള സ്വത്താണത്. അവന് മുംബെയിൽ ഫ്ലാറ്റൊക്കെ സ്വന്തമായുണ്ട്. അതു വിറ്റിട്ടാണ് വിദേശത്തേക്ക് പോയിരിക്കുന്നത്. ഇളയമകൾക്ക് എന്റെ പേരിലുള്ള സ്ഥലമായിരുന്നു ഭാഗം വച്ച് കൊടുത്തത്. അത് അവർ അന്ന് തന്നെ വില്പന നടത്തിയിരുന്നു. ഇപ്പോഴുള്ള വീട്ടിലായിരുന്നു അമ്പതുവർഷത്തോളം ഞാനും ഭർത്താവും ജീവിച്ചത്. മക്കളും ജനിച്ച് വളർന്നതും ഇപ്പോൾ ഞാൻ പോകുന്ന അതേകൊച്ചുവീട്ടിലായിരുന്നു.
മക്കളുടെ അച്ഛൻ പോയിട്ടും, അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾപോലും ഇപ്പോഴും അവിടെയുണ്ട്. രണ്ട് വർഷത്തിനുശേഷം അവിടേക്ക് പോകുമ്പോൾ ആരുമില്ലെന്ന തോന്നൽ എനിക്കില്ല. എനിക്കെന്റെ കുഞ്ഞപ്പേട്ടൻ ഉണ്ട്. ആ ചാരുകസേരയും, മുറക്കാൻ ചെല്ലവും എല്ലാം അതുപോലെയുണ്ടവിടെ. അവസാനകാലത്ത് കിടന്ന കട്ടിൽ അതേപോലെയുണ്ട്. അന്നുപയോഗിച്ച് പുതപ്പും തലയിണയും അവിടെയുണ്ട്. ഇടയ്ക്ക് ആ കട്ടിലിന്റെ താഴെ ഇരിക്കാറുണ്ട്. കുഞ്ഞപ്പേട്ടന്റെ ചലനമറ്റ കാൽ തഴുകിയിരിക്കാനെന്നപോലെ. മക്കൾ വളർന്ന് വലുതായപ്പോഴും കൊച്ചുമക്കളെ താലോലിക്കാനോ കളിപ്പിക്കാനോ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. കൊച്ചുമക്കളെ ഇരുവരെയും മരിക്കുംവരെ കണ്ടിട്ടുമുണ്ടായില്ല. പണ്ടൊക്കെ ഞാൻ ഈ കോഴിക്കോടങ്ങാടിയിലേക്ക് വന്ന് പോകുമ്പോൾ ഹൽവ വാങ്ങിവരുന്നതും കാത്ത് മക്കൾ വീട്ടിലുണ്ടാകും. . അദ്ദേഹത്തിനും ഇഷ്ടായിരുന്നു. ഇന്നും വാങ്ങണം. എന്റെ കുഞ്ഞപ്പേട്ടനും മക്കളും കൊച്ചുമക്കളും വീട്ടിലില്ലെങ്കിലും… അപ്പുറത്ത് റംലയുടെ മക്കൾക്ക് വാങ്ങണം. . ചന്ദ്രീടെ പെണ്ണിനും കൊടുക്കാം. എന്റെ മക്കൾ വാങ്ങിത്തന്നതാണെന്ന് കള്ളംപറഞ്ഞാലും അവർ സന്തോഷിക്കും. ഈ മധുരസ്നേഹം.
ഒമ്പതുമണിയായി പാളയം മാർക്കറ്റിലെത്തി ഹൽവയും ചിപ്സും വാങ്ങിയപ്പോൾ കൈയ്യിലുള്ള കാശ് തീർന്നു. ബസ്സിനുവേണ്ടി മാറ്റിവച്ച 100 രൂപ മാത്രം മിച്ചം. വീട്ടിലെത്തി എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കണം. ചന്ദ്രീടടുത്ത്നിന്ന് കുറച്ച് അരി കടംവാങ്ങാം. അയൽപക്കമാണ്.
ബസ്റ്റാന്റിലെത്തി ബസ്സിൽ കയറി. കവലയിൽ ബസ്സിറങ്ങുമ്പോൾ ആകെ അത്ഭുതമായിരുന്നു. . ആകെ മാറിയിരിക്കുന്നു. നാട് പുരോഗമിച്ചിരിക്കുന്നു. പഴയ കടകളൊന്നും ഇല്ല. ആ സ്ഥാനത്ത് റോഡ് വീതികൂട്ടിയിരിക്കുന്നു.
ഞാൻ ഞെട്ടി. ഇങ്ങനെയാണെങ്കിൽ നമ്മുടെ വീട്… 

പഴയ റോഡിനോട് ചേർന്നായിരുന്നു എന്റെ ചന്ദ്രീടേം വീട്. അവിടേക്കുള്ള അരകിലോമീറ്റർ ദൂരം എന്റെ വയ്യായ്കയിലും ഞാൻ ഏന്തിവലിഞ്ഞുനടന്നു. വിറയലോടെ. അൽപ്പം ഉൾക്കിടിലത്തോടെ. വീടിരുന്ന സ്ഥലത്ത് എത്തിയപ്പോൾ ഞാൻ തകർന്ന് പോയി. അവിടെ വീടില്ല. റോഡ് മാത്രം. . ! !
രണ്ട് വർഷം കൊണ്ട് ആകെ മാറിയിരിക്കുന്നു പരിസരം.
കുറച്ചകലെയുള്ള പച്ച കളറുള്ള റംലയുടെ വീട് അവിടുണ്ട്. അവടെക്കെത്തിയപ്പോൾ റംലയുടെ മകൾ ഓടിവന്നു കയ്യിലുള്ള കവർ പിടിച്ച് വാങ്ങി മുറിക്കകത്തേക്കോടി. കുട്ടികളുടെ ഒച്ച കേട്ട് റംല ഓടി വന്നു.
“വരദേച്ചീ. . എവിടാരുന്നു ഇത്രേം നാൾ.…
ആ ചോദ്യത്തിലും നമ്മുടെ വീടിരുന്ന സ്ഥലത്തേക്കായിരുന്നു എന്റെ നോട്ടം. അതുകണ്ടിട്ടാവണം റംല ചോദിക്കാതെ തന്നെ ഉത്തരം നൽകി.
റോഡിന് വേണ്ടി വീടും സ്ഥലവും സർക്കാർ എടുത്തു. എല്ലാം പെട്ടന്നായിരുന്നു. മൂത്തമോൻ വന്നിരുന്നു. നല്ല പൈസ അവനും കിട്ടിയിരുന്നു. ലക്ഷങ്ങൾ… അമ്മ അറിഞ്ഞില്ലേ 63m20.… ?
ഇല്ലെന്ന് പറയാതെ ആ ഭാഗത്തേക്ക് ഞാൻ നോക്കിയിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. നിറകണ്ണിൽ ഒന്നും കാണുന്നുണ്ടായിരുന്നില്ല. വാഹനങ്ങൾ മഞ്ഞിനുള്ളിലൂടെ സഞ്ചരിക്കുന്നതുപോലെ… മനസ്സും പഴയകാലത്തേക്ക് സഞ്ചരിച്ചു. . മങ്ങലായ്.
റംല എന്തൊക്കൊയോ ചോദിക്കുന്നുണ്ടായിരുന്നു.
എനിക്ക് ഉത്തരമില്ലാത്ത അവസാന അവളുടെ ചോദ്യം ഇങ്ങനെയായിരുന്നു. “ഇന്ന് തന്നെ പോകുമോ. . ? ”
എവിടേക്ക്. . ! ! 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.