4 January 2025, Saturday
KSFE Galaxy Chits Banner 2

വാഴക്കുല വീണ്ടും വായിക്കുമ്പോൾ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
October 12, 2023 4:30 am

എൺപത്താറ് വര്‍ഷം മുമ്പുണ്ടായ കവിതയാണ് മഹാകവി ചങ്ങമ്പുഴയുടെ വാഴക്കുല. ഇന്നത് പോയകാലത്തിന്റെ കണ്ണാടിയായി മാറിയിരിക്കുന്നു. കവിതയിലൂടെ ചരിത്രം അനാവൃതമാകുന്ന അസാധാരണ സന്ദർഭം. വായനക്കാരിലൂടെയും കഥാപ്രസംഗകരിലൂടെയും നാടകക്കാരിലൂടെയും ഈ കവിത കേരളത്തിൽ ഉടനീളം പടർന്ന് പന്തലിച്ചു. ഹൃദയപക്ഷ രാഷ്ട്രീയ പ്രസംഗകർ കണ്ണീരും ചോരയും കൊണ്ടെഴുതിയ ഈ കവിത വേദികളിൽ ഉദ്ധരിച്ചു. മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള മാനവരെല്ലാം കവിത വായിച്ചു കരയുകയും ഈ സാമൂഹ്യവ്യവസ്ഥയ്ക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പിന്നെയും രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രിസഭ കേരളത്തിലുണ്ടായതും, കുടികിടപ്പവകാശം നിയമമായതും. അതിനു ശേഷമാണ് ചങ്ങമ്പുഴ വാഴക്കുലയിലൂടെ അവതരിപ്പിച്ച സാമൂഹ്യ ദുരവസ്ഥ അവസാനിച്ചത്. എന്തായിരുന്നു ആ ദുരവസ്ഥ? മലയപ്പുലയൻ തന്റെ കുപ്പമാടത്തിന്റെ മുറ്റത്തു മഴവന്ന നാളിൽ ഒരു വാഴ നട്ടു. അതിനെ ആ തൊഴിലാളി കുടുംബം താലോലിച്ചുവളർത്തി. കുട്ടികൾ ആ വാഴത്തണലിൽത്തന്നെ കഴിഞ്ഞുകൂടി. വാഴ കുലയ്ക്കുന്നതും പഴുക്കുന്നതും പഴം തിന്നുന്നതും പകൽക്കിനാവ് കണ്ടു. പന്തയം വച്ചു. കുട്ടികളുടെ ഈ ആഹ്ലാദം കണ്ടിട്ട് ഒന്നു വേഗം കുലച്ചാൽ മതിയെന്നു വാഴ പോലും ആഗ്രഹിച്ചു. വാഴ കുലച്ചു. ആ കൊതിയസമാജത്തിന്റെ ആഗ്രഹം പോലെ കുല വിളഞ്ഞുപഴുക്കാറായി. അപ്പോഴാണ് മലയപ്പുലയന് കുലവെട്ടി ഭൂമിയുടെ ഉടമസ്ഥനായ ജന്മിയുടെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടിവന്നത്.

അങ്ങനെയായിരുന്നു അക്കാലത്തെ അലിഖിത നിയമം. പശുവിനെ വളർത്തുന്നത് കുടികിടപ്പുകാരനായ ചെറുമൻ. പാലും വെണ്ണയും തൈരും മോരും നെയ്യുമെല്ലാം ജന്മിക്ക്. തെങ്ങിൻതൈ നട്ടു പരിപാലിക്കുന്നത് ചെറുമൻ. ഓലയും കരിക്കും തേങ്ങയുമെല്ലാം ജന്മിക്ക്. പൊരിവെയിലത്ത് വയലിൽ വിളവൊരുക്കുന്നത് ചെറുമൻ. നിറയുന്നത് ജന്മിയുടെ പത്തായം. എന്തിന്, ചെറുമന്റെ പെണ്ണിന്റെ ആദ്യരാത്രി പോലും ജന്മിക്ക്. ഇന്ന് അവിശ്വസനീയമായിട്ടുള്ള അക്കാലത്താണ് മഹാകവി ചങ്ങമ്പുഴ വാഴക്കുല എഴുതിയത്. മലയപ്പുലയന്റെ ദുരനുഭവം അടയാളപ്പെടുത്തിയിട്ട് ഇത് പണമുള്ളോർ നിർമ്മിച്ച നീതിയാണെന്നും അദ്ദേഹം കുറിക്കുന്നുണ്ട്. ഹൃദയസ്പർശിയായ ഒരു സാക്ഷിമൊഴിയായിരുന്നു ആ കവിത. ആശയതീഷ്ണത കൊണ്ടുമാത്രമല്ല, അപൂർവമായ പ്രയോഗചാരുത കൊണ്ടും ആ കവിത ശ്രദ്ധേയമായിരുന്നു. കരിമാടിക്കുട്ടൻമാർ, ആട്ടിയബാലനിൽ ഗ്രാമീണകന്യകയ്ക്കുള്ള അനുരാഗാരംഭം, പകലിന്റെ കുടൽമാലച്ചോര കുടിച്ച സന്ധ്യ, ചൂരപ്പഴം, വാഴ കുലച്ചപ്പോൾ വന്ന തിരുവോണം, ഇലവിനെ വലയം ചെയ്യുന്ന ലതകൾ, അസിധാധരത്തിൽ നിന്നടരുന്ന മുല്ലപ്പൂക്കൾ, കുതുകത്തിന്റെ പച്ചക്കഴുത്ത് ഇങ്ങനെ നിരവധി കല്പനകളാലും മധുരിതമാണാ കവിത.


ഇതുകൂടി വായിക്കൂ: നാവുകള്‍ പിഴുതെടുക്കുന്ന കറുത്തകാലം


ഈ കവിത ചരിത്രത്തിന്റെ ഭാഗമാകുന്നത്, വ്യവസ്ഥിതി മാറിയതുകൊണ്ടാണ്. കുടികിടപ്പുനിയമം ഉണ്ടായി. കിടപ്പാടങ്ങൾ പൊളിച്ച് കളയാനും തീവയ്ക്കാനുമൊക്കെയുള്ള ജന്മിയുടെ അഹങ്കാരം അവസാനിച്ചു. സ്വന്തം വീട്ടുമുറ്റത്ത് നട്ടുവളർത്തുന്ന വാഴയുടെ കുല, നട്ടുവളർത്തിയവനുതന്നെ അനുഭവിക്കാമെന്നായി. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന ചോദ്യം ഉത്ഭവിക്കുമ്പോൾ ഈ കവിതയും പിന്നീടുണ്ടായ സമരപ്പകലുകളും ഉത്തരമായി വരും. 86 വര്‍ഷം മുമ്പ് കേരളത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്ന് വാഴക്കുലയെന്ന കവിത വിളിച്ചുപറയുന്നു. നമ്മുടെ ഭൂതകാലം തീരെ ശോഭനമായിരുന്നില്ല. അഭിമാനകരവും ആയിരുന്നില്ല. ജീവിതശോഭയും അഭിമാനവുമൊക്കെ കയ്യെത്തിപ്പിടിക്കാൻ കഴിഞ്ഞത് വാഴക്കുലപോലെയുള്ള കവിതകൾ ഹൃദയത്തിലേല്പിച്ച മുറിവുകളിൽ നിന്നും ഊർജം ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ്. വർത്തമാനകാലത്തെ പ്രതിബിംബിപ്പിക്കുന്ന കവിത ചരിത്രത്തിന്റെ തിളങ്ങുന്ന ഒരു അടരായി മാറുകതന്നെ ചെയ്യും.

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.