18 December 2024, Wednesday
KSFE Galaxy Chits Banner 2

അടുക്കള ബജറ്റിന് ആശ്വാസമായി പച്ചക്കറി വില താഴേയ്ക്ക്

സ്വന്തം ലേഖിക
December 3, 2022 8:00 pm

ആലപ്പുഴ: അടുക്കള ബഡ്ജറ്റിന് ആശ്വാസമായി പച്ചക്കറി വില താഴേയ്ക്ക്. സര്‍ക്കാര്‍ ഇടപെടലുകളുടെ ഫലമായി അരിയുടെ വിലയിൽ നേരിയ കുറവ് വന്നതിന് പിന്നാലെ പച്ചക്കറി വിലയിലും കുറവുണ്ടായത് വീട്ടമ്മമാർക്ക് ആശ്വാസമായി. പാചക വാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വില വർധന കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കുന്ന സ്ഥിതിയായിരുന്നു. ഒരുമാസം മുൻപ് 60, 80, 100 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്ന ഭൂരിഭാഗം പച്ചക്കറികളുടെയും വില കുത്തനെ കുറഞ്ഞു. 60 രൂപയുണ്ടായിരുന്ന ബീൻസ്, പയർ, വെണ്ടയ്ക്ക എന്നിവയുടെ മൊത്ത വ്യാപാര വില 20 ആയി. ചില്ലറ വില്പന നിരക്ക് 30 ഉം. പാവയ്ക്ക, പടവലം, പയർ തുടങ്ങിയവ പ്രാദേശിക വിപണിയിൽ നിന്ന് കൂടുതലായി എത്തിത്തുടങ്ങി. മറ്റുള്ളവ മൈസൂർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവരുന്നു. 

മുളക് ‑40, കാരറ്റ് ‑55, വെണ്ടയ്ക്ക ‑26, തക്കാളി ‑24, ബീൻസ് ‑20, കാബേജ് ‑28, കാബേജ് റെഡ് ‑45, പയർ ബി-40, പയർ സി ‑25, കറിക്കായ‑36, പാവയ്ക്ക‑40, മുരിങ്ങയ്ക്ക ‑90, കത്രിക്ക ‑30, വെള്ളരി ‑20, പടവലം-30, പച്ചതക്കാളി-24, സവാള‑24, മത്തൻ-20, കൂർക്ക‑50, ചുരയ്ക്ക ‑15 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. ഒരുമാസം മുമ്പ് പച്ചക്കറി വില ഉയര്‍ന്നപ്പോള്‍ ശക്തമായ വിപണി ഇടപെടലുകളായിരുന്നു സര്‍ക്കാര്‍ നടത്തിയത്. തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി ഹോര്‍ട്ടികോര്‍പ്പ്, കുറഞ്ഞ വിലക്ക് പച്ചക്കറി വാങ്ങി വില്പന തുടങ്ങിയതോടെയാണ് വിലക്കയറ്റം കുറഞ്ഞുതുടങ്ങിയത്.

പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ നിന്നും ഗ്രേഡ് ചെയ്യിച്ച പച്ചക്കറികൾ ഹോർട്ടിക്കോർപ്പ് നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കുകയായിരുന്നു. തമിഴ്നാട്ടിലടക്കം ലഭ്യത കൂടുകയും ചെയ്തതോടെ ബീൻസ് ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില നന്നേ താഴുകയും ചെയ്തു. പച്ചക്കറിക്ക് താൽക്കാലിക ക്ഷാമം സൃഷ്ടിച്ച് കേരളത്തിലെ ജനങ്ങളെ പിഴിയുന്നത് തമിഴ്നാട്ടിലെ ഇടനിലക്കാരുടെ പ്രധാന നീക്കമായിരുന്നു. കച്ചവടം നിയന്ത്രിക്കുന്നതും വില നിശ്ചയിക്കുന്നതും ഇത്തരം സംഘങ്ങളായിരുന്നു. കേരളത്തിലേക്കു പച്ചക്കറികൾ എത്തിച്ചിരുന്ന തമിഴ്‌നാട്ടിലെ ഒട്ടം ഛത്രം, തേനി, കമ്പം, ചിന്നമന്നൂർ തുടങ്ങിയ കർഷക വിപണികളൊക്കെ ഇടനിലക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ഇത്തരം ചൂഷണങ്ങള്‍ക്കാണ് കൃഷിവകുപ്പിന്റെ ഇടപെടലുകളോടെ അറുതിയായിരിക്കുന്നത്. 

Eng­lish Summary:Vegetable prices come down to ease kitchen budgets
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.