27 April 2024, Saturday

പാചക വാതക വില100 രൂപ കുറച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 8, 2024 10:35 am

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില 100 രൂപ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. വനിതാ ദിന സമ്മാനമാണിതെന്നും രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങളുടെയും വനിതകളുടെയും സാമ്പത്തികഭാരം കുറയ്ക്കാന്‍ നടപടി സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്സില്‍ പറഞ്ഞു. നിലവില്‍ 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന് കേരളത്തില്‍ 910 രൂപയാണ് വില. 100 രൂപ കുറയുന്നതോടെ വില 810 രൂപയാകും. കഴിഞ്ഞ ഏറെമാസങ്ങളായി പരിഷ്കരിക്കാതിരുന്ന ഗാര്‍ഹിക സിലിണ്ടര്‍ വിലയിലെ മാറ്റം സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് നീക്കമാണെന്ന് വ്യക്തം.

2019ലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇതേ രീതിയില്‍ വോട്ട് ലക്ഷ്യമിട്ട് എല്‍പിജിക്ക് അടക്കം മോഡി സര്‍ക്കാര്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഏതാനും മാസം മുമ്പ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 200 രൂപ വെട്ടിക്കുറച്ചിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേവലം 500 രൂപ വിലയുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ 1200 രൂപയോളമായി വര്‍ധിച്ചിരുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിപണിയില്‍ വില കുറഞ്ഞുനിന്നപ്പോഴും എല്‍പിജി വില കുറയ്ക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. രാജ്യത്ത് വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായി മാറുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

വനിതാ വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയായ രാജ്യത്ത് പാചകവാതക വില രാഷ്ട്രീയത്തിലെ ചലനങ്ങളെ നിയന്ത്രിക്കാറുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് എല്‍പിജി സിലിണ്ടറിന് 500 രൂപ മാത്രമേ ഈടാക്കൂ എന്ന വാഗ്ദാനം ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തെലങ്കാനയില്‍ ബിആര്‍എസ് സിലിണ്ടറിന് 400 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം, 500 രൂപ നിരക്കില്‍ സിലിണ്ടര്‍ വിതരണം ചെയ്യാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചതോടെ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായി മാറി. ഉജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി ഒരുവര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. 14.2 കിലോഗ്രാം സിലിണ്ടറിനുള്ള 300 രൂപ സബ്സിഡിയാണ് 2025 മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചത്.

Eng­lish Summary:Cooking gas price reduced by Rs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.