പൊതുഫണ്ട് ദുരുപയോഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഫ്രഞ്ച് തീവ്രവലതുപക്ഷ നേതാവ് മരീന്‍ ലെ പെന്നിന് പിന്തുണയുമായി അനുയായികളുടെ റാലി. കോടതിയുടെ രാഷ്ട്രീയപ്രേരിത വിധിയോടുള്ള പ്രതികരണമെന്ന നിലയിലാണ് മരീന്‍ ലെ പെന്നിന്റെ പാര്‍ട്ടിയായ നാഷണല്‍ റാലി പ്രകടനത്തെ ചിത്രീകരിക്കുന്നത്. 30 വർഷമായി അനീതിക്കെതിരെ പോരാടിയെന്നും തുടര്‍ന്നും അതു ചെയ്യുമെന്നും മരീന്‍ ലെ പെന്‍ അനുയായികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഫ്രാൻസിലെ ജഡ്ജിമാർ പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്ന് അനുയായികളെ അഭിസംബോധന ചെയ്ത് നാഷണല്‍ റാലി പ്രസിഡന്റ് ജോർദാൻ ബാർഡെല്ല ആരോപിച്ചു.
മാർച്ച് 29 ഫ്രാൻസിന് ഒരു ഇരുണ്ട ദിവസമായിരുന്നു. പെന്നിന്റെ ശിക്ഷാവിധിയുടെ തീയതി പരാമർശിച്ചുകൊണ്ട് ബാര്‍ഡെല്ല പറഞ്ഞു. രാഷ്ട്രീയ ജഡ്ജിമാരുടെ ഇടപെടലില്ലാതെ ജനങ്ങൾക്ക് അവരുടെ നേതാക്കളെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കണം. നാഷണല്‍ റാലി ജനാധിപത്യത്തെ ബഹുമാനിക്കുന്നുണ്ടെന്നും ബാര്‍ഡെല്ല അവകാശപ്പെട്ടു. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടേണ്ടി വന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടാണ് അനുയായികള്‍ മരീന്‍ ലെ പെന്നിനെ താരതമ്യം ചെയ്തത്. ട്രംപിന് മത്സരിച്ച് വിജയിക്കാന്‍ കഴിഞ്ഞെന്നും പെന്നിന് അത് എന്തുകൊണ്ട് സാധിക്കില്ലെന്നുമൊക്കെയായിരുന്നു പ്രകടനക്കാര്‍ ഉയര്‍ത്തിയ ചോദ്യം.
പാര്‍ട്ടി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് മരീന്‍ ലെ പെന്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. അഞ്ച് വർഷത്തേക്ക് പൊതു ഓഫിസ് സ്ഥാനം വഹിക്കുന്നതിനും വിലക്കുണ്ട്. നാഷണൽ റാലി അനുകൂലികൾ ഈ വിധിയെ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുന്നുണ്ടെങ്കിലും കൃത്യവും നിയമാനുസൃതവുമായ നടപടിയെന്നാണ് ഭൂരിഭാഗം പേരും വിശേഷിപ്പിക്കുന്നത്. അതേസമയം, നാഷണല്‍ റാലിയുടെ പ്രകടനത്തെ പ്രതിരോധിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ റാലിയിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. ഫ്രാൻസിന്റെ തീവ്ര വലതുപക്ഷം യുഎസ് ശൈലിയിലുള്ള സ്വേച്ഛാധിപത്യത്തെ വളര്‍ത്തിയെടുക്കകയാണെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കി. ഫ്രാൻസിൽ ട്രംപിസം വേണ്ട എന്നും ഫാസിസ്റ്റ് വിരുദ്ധ പ്രതികരണം എന്നും എഴുതിയ പ്ലക്കാർഡുകളുമായായിരുന്നു പ്രകടനക്കാരെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.