15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024
October 11, 2024
October 3, 2024
October 1, 2024
September 27, 2024
September 9, 2024

വിചിത്ര സ്വഭാവത്തിലൂടെ കഥ പറഞ്ഞ് ‘വിചിത്രം’

മഹേഷ് കോട്ടയ്ക്കൽ
October 14, 2022 7:36 pm

വ്യത്യസ്ത രീതിയിലുള്ള അവതരണത്തിലൂടെ നവാഗതനായ അച്ചു വിജയന്റെ സംവിധാനത്തിൽ പ്രേക്ഷകരെ മടുപ്പിക്കാതെ വിചിത്ര സ്വഭാവത്തിലൂടെ കഥ പറഞ്ഞ് ‘വിചിത്രം’. ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ ആസ്വാദക ശ്രദ്ധ നേടിയിരുന്ന ചിത്രം ഒരു മിസ്റ്ററി ക്രൈം ത്രില്ലറാണ്. ജാസ്മിന്റെയും അഞ്ച് ആൺമക്കളുടെയും ജീവിതവും അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുമാണ് പ്രമേയം. അതിസമ്പന്നതയിൽ ജനിച്ചു വളർന്ന ജാസ്മിൻ തന്റെ ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും തുടർന്ന് കുടുംബത്തിൽ നിന്നും അകലുകയും ചെയ്യുന്നു. പിന്നീട് ചില സാഹചര്യങ്ങളാൽ കാലങ്ങൾക്ക് ശേഷം വീണ്ടും ചില അസ്വാഭാവികതകൾ ഉണ്ടെന്ന് പറയപ്പെടുന്ന കുടുംബ വീട്ടിൽ ജാസ്മിനും മക്കളും തിരിച്ചെത്തുന്നു.

തുടക്കം മുതലേ രംഗങ്ങളിൽ പതിയെപ്പതിയെ കാണിച്ചു പോന്ന നിഗൂഢതകൾ ചുരുളഴിക്കപ്പെട്ടു തുടങ്ങും. രംഗങ്ങളോട് ഇഴചേർന്ന് പശ്ചാത്തല സംഗീതവും. ഇവിടം മുതലാണ് ഒരോ പ്രേക്ഷകരേയും ചിത്രം കൂടുതൽ അടുപ്പിക്കുന്നത്. അമ്മയോടുള്ള സ്നേഹവും അവരുടെ സന്തോഷവും സഹോദരന്മാരുടെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാമാണ് ആദ്യ പകുതി. അപ്രതീക്ഷിതമായ രംഗത്തിലൂടെയാണ് ഇടവേളയിലേക്കെത്തുന്നത്. രണ്ടാം പാതി മുതലാണ് ചിത്രം എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് പ്രേക്ഷകർക്ക് മനസ്സിലായി തുടങ്ങുക.

ഹൊറർ ആണോ, ത്രില്ലർ ആണോ എന്ന സംശയം തോന്നിപ്പിക്കും വിധത്തിലാണ് ഇടവേളക്ക് ശേഷം ഒരോ രംഗങ്ങളും പ്രേക്ഷകരിലേക്കെത്തുന്നത്. സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകരോട് പറയാൻ ഉദ്ദേശിച്ചതെല്ലാം മനോഹരമായി തന്നെ നടീ നടന്മാർ അഭിനയിച്ച് പ്രതിഫലിപ്പിച്ചു. നിഗൂഢതകളെല്ലാം കഥയുടെ ഒഴുക്കിൽ തനിയെ മറനീക്കി പ്രക്ഷകരിലേക്കെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിൽ അലക്സാണ്ടറായി കുറച്ചുഭാഗങ്ങളിൽ മാത്രമുള്ള ലാലിന്റെ സാന്നിധ്യം മികച്ചതാണ്.

നിഖിൽ രവീന്ദ്രന്റെ തിരക്കഥയിൽ അർജുൻ ബാലകൃഷ്ണന്റെ ക്യാമറ കണ്ണുകളും, മിഥുൻ മുകുന്ദന്റെ സംഗീതവും ചിത്രത്തെ മനോഹരമാക്കി. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജാസ്മിനായി ജോളി ചിറയത്തും, ജാക്സനായി ഷൈൻ ടോം ചാക്കോയും, ബാലു വർഗീസും മാർത്തയെന്ന കഥാപാത്രമായി കനി കുസൃതിയും സ്ക്രീനിലെത്തിയപ്പോൾ ചലച്ചിത്ര മേഖലയിലെ എഡിറ്റർ എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ അച്ചു വിജയൻ സംവിധാന രംഗത്തും ചുവട് ഉറപ്പിച്ചു എന്നുറപ്പിക്കാം.

Eng­lish Summary:vichitram malay­alam film review janayugomonline
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.