സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലൻസ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി മേന്മ കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിപണിയിൽ വില്‍ക്കുന്നതിന് ഒത്താശ ചെയ്ത് കൊടുക്കുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ ഹെല്‍ത്ത്-വെല്‍ത്ത്’ എന്ന പേരില്‍ പരിശോധന ആരംഭിച്ചത്.
സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷണറുടെ കാര്യാലയത്തിലും പതിനാലു ജില്ലകളിലെയും അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണർമാരുടെയും ഓഫിസുകളിലും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബുകളിലുമായാണ് രാവിലെ 11 മണി മുതൽ ഒരേ സമയം മിന്നൽ പരിശോധന ആരംഭിച്ചത്.
ഭക്ഷ്യസുരക്ഷാ ലാബുകളിൽ നിന്നും സുരക്ഷിതമല്ലെന്നും നിലവാരമില്ലാത്തതെന്നും ഫലം ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാതാക്കൾക്കെതിരെയുള്ള നടപടികൾ, കൈക്കൂലി വാങ്ങി ഒഴിവാക്കുന്നതായും നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഓരോ വർഷവും മാർച്ച് 31നകം അതത് സാമ്പത്തിക വർഷം വിറ്റുപോയ ഭക്ഷ്യ വസ്തുക്കളുടെ അളവ് ഭക്ഷ്യ സുരക്ഷാ ഓഫിസർക്ക് ഫയൽ ചെയ്യണമെന്നും അല്ലാത്ത പക്ഷം ദിനംപ്രതി 100 രൂപ വീതം പിഴ ഈടാക്കണമെന്നും ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്നു. എന്നാൽ സംസ്ഥാനത്തിനകത്ത് ഭക്ഷ്യ വസ്തുക്കൾ വില്‍ക്കുന്നതിന് ലൈസൻസ് എടുത്തിട്ടുള്ള മുന്നൂറോളം ലൈസൻസികളിൽ വെറും 25 ശതമാനം പേർ മാത്രമേ റിട്ടേൺ ഫയൽ ചെയ്യുന്നുള്ളൂവെന്നും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള ക്രമക്കേടുകളാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
English Summary: Vigilance Lightning Inspection in Food Safety Department
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.