22 December 2024, Sunday
KSFE Galaxy Chits Banner 2

നിലപാടുകളിലെ പൊള്ളത്തരം തുറന്നുകാട്ടുന്ന വിജയദശമി സന്ദേശം

Janayugom Webdesk
October 14, 2024 5:00 am

ർസംഘ്ചാലക് മോഹൻ ഭാഗവത് സ്വയംസേവകർക്ക് വിജയദശമി ദിനത്തിൽ നൽകിയ സന്ദേശം പരസ്പരബന്ധമില്ലാത്തതും ബോധപൂർവം വസ്തുതകളെ വളച്ചൊടി‌ക്കാൻ ലക്ഷ്യംവച്ചുള്ളതുമാണ്. രാജ്യം ആഗോളതലത്തിൽ കൈവരിച്ച നേട്ടങ്ങളെപ്പറ്റി ഭാഗവത് വാചാലനായ അതേദിവസം തന്നെയാണ് ആഗോള വിശപ്പ് സൂചിക പുറത്തുവന്നത്. 127 ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 105-ാമതാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ദക്ഷിണേഷ്യൻ രാഷ്ട്രങ്ങൾക്കൊപ്പം ‘ഗുരുതര’ വിശപ്പ് രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉൾപ്പെട്ടിട്ടുള്ളത്. ഭാഗവതും മോഡിയും ഉൾപ്പെട്ട സംഘ്പരിവാർ നേതൃത്വത്തിന്റെ അവകാശവാദങ്ങൾ തുറന്നുകാട്ടാൻ സമാന പഠനങ്ങളുടെ പട്ടിക നിരത്തുകയല്ല ഇവിടെ ലക്ഷ്യം. മറിച്ച്, ഗുരുതരമായ സാമ്പത്തിക അനീതികളിൽ വീർപ്പുമുട്ടുന്ന ജനതയ്ക്ക് മുമ്പിൽ അവർ അവതരിപ്പിക്കുന്ന വ്യാജ ആഖ്യാനങ്ങളിലേക്ക് വിരൽചൂണ്ടുക മാത്രമാണ്. ഹിന്ദു സമൂഹം കരുത്തരായിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ബംഗ്ലാദേശിലെ ചില സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം അടിവരയിടുന്നു. 

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും മറ്റ് പിന്നാക്ക ജനവിഭാഗങ്ങളും ഭരണകൂട പിന്തുണയോടെ നേരിടുന്ന തീവ്ര ഹിന്ദുത്വ ജാതി മേധാവിത്വത്തിന്റെ അതിക്രമങ്ങൾ അപ്പാടെ വിസ്മരിച്ചുകൊണ്ടാണ് ഭാഗവതിന്റെ ഐക്യദാർഢ്യ പ്രകടനം. അതേ പ്രസംഗത്തിൽത്തന്നെ ദുർബലരോടുള്ള സർസംഘ്ചാലകിന്റെ സഹാനുഭൂതിയുടെ പൊള്ളത്തരം അദ്ദേഹം തന്നെ തുറന്നുകാട്ടുന്നുമുണ്ട്. പശ്ചിമേഷ്യയിൽ പലസ്തീനികൾക്കും ഇതര അറബ്, ഇസ്ലാം മതവിശ്വാസികൾക്കുമെതിരെ യുഎസ് സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ തുടർന്നുവരുന്ന ഉന്മൂലനയുദ്ധത്തെ പിന്തുണയ്ക്കാനും ന്യായീകരിക്കാനും ഭാഗവതിന് യാതൊരു മനഃസാക്ഷിക്കുത്തുമില്ലെന്നത് ആരെയും അത്ഭുതപ്പെടുത്തില്ല. കാരണം, ഹിറ്റ്ലർ മുതൽ നെതന്യാഹുവരെയുള്ള ‘കരുത്തരായ’ ഫാസിസ്റ്റുകളോടുള്ള ആരാധനയും വിധേയത്വവുമാണല്ലോ ഭാഗവതിന്റെയും ആർഎസ്എസിന്റെയും മുഖമുദ്ര.

കൊൽക്കത്തയിലെ ആർകെ കർ മെഡിക്കൽ കോളജിലെ സംഭവത്തെ അപമാനകരം എന്ന് അപലപിച്ച ഭാഗവത് തന്റെയും ആർഎസ്എസിന്റെയും പിന്തുണയോടെ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരം കയ്യാളുന്ന ഭരണകൂടങ്ങളുടെ ഒത്താശയിലും സംരക്ഷണയിലും അരങ്ങേറിയതും തുടർന്നുവരുന്നതുമായ ജുഗുപ്സാവഹമായ സംഭവങ്ങളെപ്പറ്റി സൗകര്യപൂർവം നിശബ്ദത പാലിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽനിന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്നും ഒട്ടും വ്യത്യസ്തമല്ല ഇക്കാര്യത്തിൽ ഭാഗവതിന്റെയും നിലപാട്. ദക്ഷിണ സമുദ്രാതിർത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടുമടക്കം അതിർത്തി സംസ്ഥാനങ്ങളിലെ ‘അസ്വസ്ഥത’കളിൽ ഭാഗവത് ഖിന്നനാണ്. മോഡിയടക്കം തന്റെ അനുയായികളും അനുചരന്മാരും അധികാരം കയ്യാളുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മണിപ്പൂർ ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടും അടുത്തദിവസംവരെ മോഡി സർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിലായിരുന്ന ജമ്മു കശ്മീരിനോടും കേരളത്തെയും തമിഴ്‌നാടിനെയും തുലനംചെയ്ത് അവതരിപ്പിക്കാനുള്ള പാഴ്ശ്രമമാണ് സർസംഘ്ചാലകിന്റെത്. ഏത് അർത്ഥത്തിലും മാനദണ്ഡത്തിലും ബിജെപി ഭരിക്കുന്ന ഏത് സംസ്ഥാനത്തെയുംകാൾ മികച്ച പ്രകടനമാണ് ഇരു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടേതുമെന്ന് കേന്ദ്ര സർക്കാരിന്റെ സ്ഥിതിവിവരക്കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ആർഎസ്എസ് സംസ്ഥാന ഘടകം ദശകങ്ങളായി പ്രവർത്തിച്ചിട്ടും കേരളത്തിന്റെ മതേതര അന്തരീക്ഷത്തിനോ നവോത്ഥാന സംസ്കാരത്തിനോ തെല്ലൊരു പോറൽ വീഴ്ത്താൻപോലും കഴിഞ്ഞില്ലെന്നത് ഭാഗവതിന്റെ മനഃസ്വസ്ഥത കെടുത്തുന്നതിൽ അത്ഭുതമില്ല. കേരളത്തിന്റെയും തമിഴ്‌നാടിന്റേയും സമാധാനാന്തരീക്ഷം തകർക്കാനും അങ്ങനെ ഉളവാകുന്ന അസ്വസ്ഥത മുതലെടുക്കാനും ആർഎസ്എസും സംഘ്പരിവാറും തുടർന്നുവരുന്ന കുത്സിത തന്ത്രങ്ങൾ ഫലംകാണാത്തതിൽ ഭഗവതിനും സംഘിനുമുള്ള ഇച്ഛാഭംഗമാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഹിന്ദു ഐക്യത്തെപ്പറ്റി വാചാലനാകുന്ന ഭാഗവത് ദുർബല ജാതികളെ ‘ഉയർത്തി’ കൊണ്ടുവരുന്നതിനെപ്പറ്റി തന്റെ സന്ദേശത്തിൽ വാചാലനാകുന്നുണ്ട്. ജാതിവ്യവസ്ഥയെയും അതിൽ അന്തർലീനമായ ക്രൂരവും മനുഷ്യത്വഹീനവുമായ വിവേചനത്തെയും എന്നെന്നേക്കുമായി തുടച്ചുനീക്കുന്നതിനെപറ്റിയല്ല, മറിച്ച് സവർണ ഹിന്ദുത്വയുടെ ഔദാര്യത്തിൽ ഉയർത്തികൊണ്ടുവരിക എന്നാണ് വിവക്ഷ. സവർണ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉള്ളിലിരുപ്പാണ് ഭാഗവതിന്റെ വാക്കുകളിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ജലം പാഴാക്കാതെ സംരക്ഷിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, ഏകമാത്ര പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുക, വീട്ടുവളപ്പിലും വഴിയോരങ്ങളിലുമടക്കം വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകവഴി ഭൂമിയെ ഹരിതാഭമാക്കുക തുടങ്ങിയവയിലൂടെ പരിസ്ഥിതിയെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടാനും ഭാഗവത് സ്വയം സേവകരെ ആഹ്വാനം ചെയ്യുന്നു. മനുഷ്യരാശിയും പ്രപഞ്ചവും നേരിടുന്ന എക്കാലത്തെയും ഏറ്റവും വലിയ വെല്ലുവിളിക്കുള്ള ഒറ്റമൂലിയാണ് ഭാഗവത് മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയിലും ലോകത്തും പരിസ്ഥിതിക്കും പ്രകൃതിക്കും അഭൂതപൂർവമായ വെല്ലുവിളി ഉയർത്തുന്ന കോർപറേറ്റ് ലാഭാർത്തിക്കും അതിന് കുടപിടിക്കുന്ന മോഡി ഭരണകൂടത്തിന്റെ വിനാശകരമായ സാമ്പത്തിക നയപരിപാടികൾക്കുമെതിരെ ഒരക്ഷരമുരിയാടാതെ പരിസ്ഥിതി സംരക്ഷണത്തിന്റെ സമ്പൂർണ ഉത്തരവാദിത്തം ജനങ്ങളുടെ തലയിൽ കെട്ടിയേല്പിക്കുക കൂടിയാണ് സർസംഘ്ചാലക് തന്റെ വിജയദശമി സന്ദേശത്തിലൂടെ നിർവഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.