18 February 2026, Wednesday

Related news

February 17, 2026
February 15, 2026
February 13, 2026
February 13, 2026
February 11, 2026
February 9, 2026
February 9, 2026
February 8, 2026
February 7, 2026
February 4, 2026

വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന് സമാപനം; കേരള വികസന മാതൃക നിരന്തരമായ നവീകരണത്തിന്റേതെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 17, 2026 5:00 pm

ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസ‑ആരോഗ്യ മേഖലകളിലെ നിക്ഷേപം എന്നിവ മുതൽ സാമൂഹ്യ സുരക്ഷയും വികേന്ദ്രീകൃത ആസൂത്രണവും വരെ നീളുന്ന ‘കേരള വികസന മാതൃക’ നിരന്തരമായ നവീകരണത്തിന്റേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിൽ ‘മതേതരത്വം, ജനാധിപത്യം, കൺസൾട്ടേറ്റീവ് ഗവൺമെന്റ്’ എന്ന സമാപന സെഷനിൽ ആമുഖഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിപണികൾക്ക് മാത്രം സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയില്ലെന്നും, മാനവിക വികസനത്തിന് പൊതു ഇടപെടലുകളും ജനാധിപത്യ സ്ഥാപനങ്ങളും കൂട്ടായ മുന്നേറ്റവും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വരുംകാലത്ത് കേരളത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയുടെ അടിത്തറയാവും ഈ കോൺഫറൻസിൽ ഉയർന്നുവന്ന ചർച്ചകളും നിർദേശങ്ങളും എന്ന കാര്യത്തിൽ സംശയമില്ല. ഇത് കേരളത്തിന്റെ വികേന്ദ്രീകൃത ജനാധിപത്യവൽക്കരണത്തെ ഒരുപടി കൂടി മുന്നോട്ടു കൊണ്ടുപോകും. ഈ സമ്മേളനത്തിന്റെ നിർദേശങ്ങളിൽ തുടർനടപടികൾ എടുക്കാൻ സംസ്ഥാന സർക്കാർ പ്രവർത്തിക്കും. ഇവയിൽ നിയമനിർമ്മാണം ആവശ്യമുള്ള കാര്യങ്ങൾ നിയമനിർമ്മാണ സഭകളുടെ ശ്രദ്ധയിൽ കൊണ്ടുവരും. കൂടുതൽ ഗവേഷണവും പഠനവും ആസൂത്രണവും ആവശ്യമായ കാര്യങ്ങളിൽ വിശദവും ആധികാരികവുമായ റിപ്പോർട്ടുകൾ തയ്യാറാക്കും. നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുകയും ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള തൊഴിലവസരങ്ങളോടു കൂടിയ വളർച്ച, ജനാധിപത്യ പങ്കാളിത്തം, സാമൂഹ്യനീതി എന്നീ പരസ്പരബന്ധിതമായ മൂന്ന് തത്വങ്ങളിലാണ് കേരളത്തിന്റെ ഭാവി അധിഷ്ഠിതമെന്ന് വിഷൻ 2031 ചർച്ചകൾ കാണിച്ചുതരുന്നു. സാങ്കേതികവിദ്യ, ഉന്നത വിദ്യാഭ്യാസം, നവീകരണം, നൈപുണ്യ വികസനം എന്നിവയിലൂടെ ഒരു നോളജ് ഇക്കോണമി കെട്ടിപ്പടുക്കാനുള്ള ആഗ്രഹം കേരളത്തിന്റെ മാനവിക വികസന നേട്ടങ്ങളിൽ അധിഷ്ഠിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിച്ചു. പ്ലാനിങ് ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ചർച്ചകളുടെ സംഗ്രഹം അവതരിപ്പിച്ചു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള, തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്, മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി ഷാ, ദ ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ എൻ റാം, കനിമൊഴി കരുണാനിധി എംപി, സിപിഐ(എം) മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സയീദ് അക്തർ മിർസ, പ്രൊഫ. വി കെ രാമചന്ദ്രൻ, ജിജു പി അലക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി നിശാഗാന്ധിയിൽ ഫോട്ടോ പ്രദർശനവും ഒരുക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.