17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 4, 2024
November 2, 2024
November 1, 2024
September 13, 2024
August 30, 2024
August 29, 2024
July 13, 2024
July 12, 2024
July 12, 2024

വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു

web desk
തിരുവനന്തപുരം
December 6, 2022 7:37 pm

വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തിവന്ന സമരം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിതല ഉപസമിതി അംഗങ്ങളുമായും നടത്തിയ ചര്‍ച്ചയിലാണ് സമരസമിതി സമവായത്തിലെത്തിയത്. പുനരധിവാസ പാക്കേജ് പ്രകാരം പുതിയ താമസ സ്ഥലത്തേക്ക് മാറ്റാത്ത കുടുംബങ്ങള്‍ക്ക് വാടക സര്‍ക്കാര്‍ നല്‍കും. 5,500 രൂപവീതമാണ് പ്രതിമാസ വാടക അനുവദിക്കുക. ജോലിക്ക് പോകാനാവാത്ത ദിവസത്തെ നഷ്ടപരിഹാരവും സര്‍ക്കാര്‍ നല്‍കുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.

അതേസമയം, തീരുമാനങ്ങളില്‍ പൂര്‍ണസംതൃപ്തിയില്ലെന്ന് ലത്തീന്‍ സഭാ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കൊടുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരം ഒത്തീര്‍പ്പാക്കാന്‍ സമരസമിതി വിട്ടുവീഴ്ച ചെയ്യുകയാണെന്നും അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. ആദ്യം മന്ത്രിതല ഉപസമിതി അംഗങ്ങളുമായാണ് ചര്‍ച്ച നടത്തിയത്. അതിനുശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച  നടത്തുകയായിരുന്നു.

സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമമാണ് തുടര്‍ന്നിരുന്നത്. ഇതിനിടയില്‍ യുഡിഎഫും ബിജെപിയും മുതലെടുപ്പിന് ശ്രമിച്ചിരുന്നു. സമരം തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഇന്ന് രാവിലെ നിയമസഭയില്‍ പോലും യുഡിഎഫും കോണ്‍ഗ്രസും ആരോപിച്ചത്. ഇത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണെന്ന് മുഖ്യമന്ത്രി മറപടി നല്‍കുകയും ചെയ്തിരുന്നു. പ്രത്യേകം മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്. ഓഗസ്റ്റ് 19 ന് ആദ്യ യോഗം ചേര്‍ന്നതു മുതല്‍ ഈ സമിതി സജീവമായ നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിനകം ഓഗസ്റ്റ് 19, ഓഗസ്റ്റ് 24, സെപ്റ്റംബര്‍ 5, സെപ്റ്റംബര്‍ 23 എന്നീ തീയതികളില്‍ മന്ത്രിസഭാ ഉപസമിതി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനുപുറമെ അനൗപചാരിക ചര്‍ച്ചകളും നടത്തി. സംസ്ഥാന ചീഫ് സെക്രട്ടറിതലത്തിലും ഒന്നലധികംവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രതിഷേധം നടത്തുന്നവരുമായി ചര്‍ച്ചയ്ക്കും ആശയവിനിമയത്തിനുമായുള്ള എല്ലാ വാതിലുകളും തുറന്നുവയ്ക്കുന്ന സമീപനമായിരുന്നു സര്‍ക്കാര്‍. അവരുടെ ആശങ്കകള്‍ ദൂരികരിക്കാന്നുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

ഓഗസ്ത് 16 മുതലാണ് തുറമുഖനിര്‍മ്മാണത്തിനെതിരെ അതിന്റെ കവാടത്തില്‍ ഉപരോധ സമരം ആരംഭിച്ത്ച. സമരത്തെ തുടര്‍ന്ന് തടസ്സപ്പെട്ട നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് തടസ്സമില്ല എന്ന് സമര സമിതി നേതാക്കള്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. നവംബര്‍ 26 ന് രാവിലെ 11 ന് നിര്‍മ്മാണത്തിനാവശ്യമായ പാറയുമായി വന്ന ലോറികള്‍ സമരാനുകൂലികള്‍ തടഞ്ഞു. കോടതിയില്‍ നല്‍കിയ ഉറപ്പിനും കോടതി നിര്‍ദേശത്തിനും വിരുദ്ധമായ നടപടിയായിരുന്നു ഇത്. അവിടെ സമരസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുറമുഖ വിരുദ്ധര്‍ തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ മുന്നണിയുടെ സമരപ്പന്തലിലേക്ക് മാര്‍ച്ച് നടത്തി. അതിൽ എല്ലാ പാർട്ടിക്കാരുമുണ്ടായിരുന്നു. അവരുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കി. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സമാധാനത്തിനായി ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സമീപ വീടുകളിലെ ജനാലകള്‍ തുറമുഖ വിരുദ്ധര്‍ കല്ലെറിഞ്ഞ് നശിപ്പിച്ചു. മുല്ലൂര്‍ പനവിള ക്ഷീരോത്പാദക സഹകരണ സംഘത്തിലെ കമ്പ്യൂട്ടര്‍, മില്‍ക്ക് ടെസ്റ്റിങ്ങ് യന്ത്രം, ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവ നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തുറമുഖ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ എട്ട് കേസുകളും ജനകീയ മുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ 1 കേസും ഉള്‍പ്പെടെ ആകെ ഒമ്പത് കേസുകള്‍ അന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു.

കേസുകളില്‍ ഒന്നില്‍ പ്രതിയായ ചരുവിള കോളനി സ്വദേശിയെ അടുത്ത ദിവസം ഉച്ചയ്ക്കും മറ്റൊന്നില്‍ പ്രതികളായ നാലുപേരെ വൈകീട്ടും സിറ്റി ഷാഡോ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ അഞ്ച് പ്രതികളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സന്ധ്യയോടെ സ്ത്രീകള്‍ ഉള്‍പ്പെടെ ആദ്യം 100 പേരും തുടര്‍ന്ന് ജനക്കൂട്ടവും വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. മൂന്നു പൊലീസ് ജീപ്പുകള്‍, രണ്ട് ബസ് എന്നിവ ഉള്‍പ്പെടെ അ‍ഞ്ച് പൊലീസ് വാഹനങ്ങളും, രണ്ട് കെഎസ്ആര്‍ടിസി ബസ്സുകളും കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ഒരു കാറും നിരവധി ബൈക്കുകളും നശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. അര്‍ധരാത്രിയോടെ പൊലീസ് ഇടപെടലിലെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമായി.

എന്നാല്‍ സമരക്കാരെ ശാന്തമായി നേരിട്ടത് ശരിയായില്ലെന്ന നിലപാടുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. സമരക്കാരുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നായിരുന്നു കെ സുരേന്ദ്രനും വി ഡി സതീശനും പ്രസ്താവിച്ചത്. ഈ സമയത്തും കേരളത്തിന്റെ സ്വപ്നപദ്ധതിക്ക് ദോഷം വരാതെ, മത്സ്യത്തൊഴിലാളികള്‍ക്കും തദ്ദേശവാസികള്‍ക്കും ആശങ്കകളില്ലാതെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയായിരുന്നു സര്‍ക്കാര്‍. അതിന്റെ ഫലമാണ് ഇന്ന് പരിസമാപ്തിയിലെത്തിയത്.

 

Eng­lish Sam­mury: vizhin­jam strike withdraw

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.