28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 10, 2024
December 9, 2024
December 4, 2024
December 3, 2024
November 18, 2024
November 10, 2024
November 4, 2024
November 2, 2024
November 1, 2024

വിഴിഞ്ഞം സമരം: സൈബര്‍ ആക്രമണവുമായി അഡാനി പക്ഷം

കെ രംഗനാഥ്
തിരുവനന്തപുരം
October 21, 2022 9:33 pm

വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ സൈബര്‍ ആക്രമണവുമായി അഡാനി പക്ഷം. പ്രക്ഷോഭകര്‍ക്ക് വന്‍തോതില്‍ വിദേശപ്പണം ലഭിക്കുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ ദുരാരോപണം ഉന്നയിക്കുന്ന അഡാനി പക്ഷം അതിജീവനപ്പോരാട്ടം നടത്തുന്ന ദരിദ്രരായ മത്സ്യത്തൊഴിലാളികളെ ദേശവിരുദ്ധ ശക്തികളായും ചാപ്പകുത്തുന്നു.
വിദേശ ഭരണാധികാരി നല്കിയ തുക സമരപ്പന്തലില്‍ വച്ച് കൈമാറുന്നുവെന്ന വ്യാജ വീഡിയോ പോലും പ്രചരിപ്പിക്കുന്നു. വിദേശസഹായം പരസ്യമായി ആരും നല്കാറില്ലെന്ന സമാന്യ സത്യം പോലും നഗ്നമായി കാറ്റില്‍ പറത്തിയാണ് ഈ വീഡിയോ പ്രചാരണം. വിദേശ ഭരണാധികാരി മാത്രമല്ല വിവിധ തുറമുഖങ്ങളിലെ ട്രാന്‍സ്ഷിപ്പ്മെന്റ് മാഫിയകളും സാമ്പത്തിക സഹായം നല്കുന്നുവെന്ന പച്ചക്കള്ളവും അഡാനി ക്യാമ്പ് പ്രചരിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 90 ശതമാനവും ദുബായ്, കൊളംബൊ, സിംഗപ്പൂര്‍ തുറമുഖങ്ങള്‍ വഴിയാണ് നടക്കുന്നതെന്നും വിഴിഞ്ഞം യാഥാര്‍ത്ഥ്യമായാല്‍ 92 ശതമാനം ഇറക്കുമതിയും വിഴിഞ്ഞം വഴിയാകുമെന്ന് അഡാനി പക്ഷ ലോബി വാദിക്കുന്നു. ഇതുകൊണ്ടാണ് മത്സ്യത്തൊഴിലാളികളെ പദ്ധതി നിര്‍മ്മാണത്തിനെതിരെ അണിനിരത്തിയിരിക്കുന്നതത്രേ. തുറമുഖം മൂലമുള്ള തലസ്ഥാന ജില്ലയിലെ തീരശോഷണം, തൊഴില്‍രഹിതരായ മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥ എന്നിവ പരിഹരിക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യങ്ങളെക്കുറിച്ച് അഡാനിയുടെ പ്രചാരകര്‍ മിണ്ടുന്നേയില്ല.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം കടുപ്പിച്ചതോടെ മറ്റ് ജില്ലകളിലും സമരസഹായ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ക്രൈസ്തവേതര സമുദായസംഘടനകളും ഈ അതിജീവന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
ഈ സാഹചര്യത്തിലാണ് വിഴിഞ്ഞം സമരക്കാരെ ദേശദ്രോഹ മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ അഡാനി ലോബിയുടെ നീക്കം. സമരസമിതിയില്‍പ്പെട്ടവരെ വിലയ്ക്കെടുക്കാനുള്ള തന്ത്രങ്ങളും അഡാനി എടുത്തുപയറ്റുന്നുണ്ട്. അതും വിഫലമായതോടെയാണ് സൈബര്‍ ആക്രമണം രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍.
സമരം ശക്തമായതോടെ കോര്‍പറേറ്റ് ഭീമനായ അഡാനി മുതലാളിത്തത്തിന്റെ വികൃതമായ തൊഴിലാളിവിരുദ്ധ മുഖം പുറത്തെടുത്തതും ശ്രദ്ധേയം. ജീവിക്കാന്‍ വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തിന് കോടികളുടെ പിഴ ചുമത്തണമെന്ന് അഡാനി സര്‍ക്കാരിനോടും കോടതിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. നൂറുകോടിയുടെ നഷ്ടം സമരം മൂലം തങ്ങള്‍ക്കുണ്ടായെന്നും അത് സമരത്തിനു നേതൃത്വം നല്കുന്ന ലത്തീന്‍ അതിരൂപതയില്‍ നിന്നും ഒരുനേരത്തെ അന്നത്തിനു പോലും വകയില്ലാത്ത മത്സ്യത്തൊഴിലാളികളില്‍ നിന്നും പിഴയായി ഈടാക്കണമെന്ന അഡാനിയുടെ ആവശ്യം സര്‍ക്കാര്‍ അപ്പാടെ തള്ളിക്കളഞ്ഞിരുന്നു. ആയിരം ദിവസത്തിനുള്ളില്‍ തുറമുഖം പ്രവര്‍ത്തന സജ്ജമാക്കുമെന്നായിരുന്നു കരാര്‍ പ്രകാരം അഡാനി നല്കിയ ഉറപ്പ്. ഈ കാലപരിധി ലംഘിച്ചാല്‍ പ്രതിദിനം 12 ലക്ഷം രൂപ പിഴയായി നല്കാമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. കരാര്‍ വ്യവസ്ഥയനുസരിച്ച് അഡാനി ഗ്രൂപ്പ് 160 കോടിയിലേറെ സര്‍ക്കാരിനു പിഴയടയ്ക്കാനുണ്ട്. അത് നല്കാതെ ഒഴിഞ്ഞുമാറാനാണ് തൊഴിലാളികള്‍ക്കും ലത്തീന്‍ അതിരൂപതയ്ക്കുമെതിരെ 100 കോടിയുടെ പിഴയിടണമെന്ന അഡാനിയുടെ കാടടച്ചുള്ള കണക്കെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Eng­lish Sum­ma­ry: Vizhin­jam strike: Adani side with cyber attack

You may also like this video also

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.