
ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് രാജ്യതലസ്ഥാനത്ത് ഊഷ്മള വരവേല്പ്. പ്രോട്ടോക്കോളുകൾ തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി പുടിനെ സ്വീകരിക്കുകയായിരുന്നു. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘ഇല്യൂഷൻ 96’ വൈകിട്ട് ഏഴരയോടെയാണ് ഡൽഹിയിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ വച്ച് മൂന്നു സേനാ വിഭാഗങ്ങളുടെയും ഗാർഡ് ഓഫ് ഓണർ നൽകി അദ്ദേഹത്തെ ആദരിച്ചു. ഭാരതീയ നൃത്തത്തിന്റെ അകമ്പടിയോടെയായിരുന്നു സാംസ്കാരിക സ്വീകരണം. തുടർന്ന് ഒരേ കാറിലാണ് ഇരുനേതാക്കളും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിലേക്ക് യാത്ര തിരിച്ചത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇന്ന് ഭാരത് മണ്ഡപത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി നടക്കുക. ഇതിന് മുന്നോടിയായി രാവിലെ പുടിൻ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.
ഉച്ചകോടിക്ക് ശേഷം ഇരുനേതാക്കളും സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കും. ആഗോള സുരക്ഷ, പ്രതിരോധം, ഊർജം, വ്യാപാരം തുടങ്ങിയ നിർണായക മേഖലകളിലെ സഹകരണം ചർച്ചയാകും. പ്രധാനമന്ത്രി ഒരുക്കിയ സ്വകാര്യ അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം പുടിൻ താമസസൗകര്യം ഒരുക്കിയിരിക്കുന്ന ഐടിസി മൗര്യയിലേക്ക് മടങ്ങി. ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിന് ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലും അദ്ദേഹം പങ്കെടുക്കും. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി രാത്രി ഒമ്പത് മണിയോടെ പുടിൻ മടങ്ങും. ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ സന്ദർശനത്തിന് പാശ്ചാത്യ ലോകവും വലിയ പ്രാധാന്യം നൽകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.