
രാജ്യത്തൊട്ടാകെ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധന നടത്തുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഈ മാസം 30നകം ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഒക്ടോബർ-നവംബർ മാസങ്ങളിൽത്തന്നെ പരിഷ്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് സൂചന.
ഈ മാസം ആദ്യം ഡൽഹിയിൽ നടന്ന സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെ സമ്മേളനത്തിൽ അടുത്ത 10 മുതൽ 15 ദിവസത്തിനുള്ളിൽ എസ്‌ഐആർ നടപ്പിലാക്കാൻ തയ്യാറാകാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ കൂടുതൽ വ്യക്തതയ്ക്കായാണ് സെപ്റ്റംബർ 30 എന്ന സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
ബിഹാറിന് ശേഷം രാജ്യത്തുടനീളം തീവ്ര പുനഃപരിശോധന നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് വേഗത്തിൽ എസ്ഐആർ നടപ്പാക്കാനുള്ള തീരുമാനത്തിലേക്ക് കമ്മിഷൻ എത്തിയത്. ബിഹാറിലെ തീവ്ര വോട്ടര്‍ പരിഷ്കരണത്തില്‍ 65 ലക്ഷത്തിലേറെ വോട്ടര്‍മാരെ ഒഴിവാക്കിയത് വിവാദമാവുകയും സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.
ഏറ്റവും ഒടുവില്‍ നടന്ന തീവ്ര പുനഃപരിശോധനയ്ക്ക് ശേഷം ഓരോ സംസ്ഥാനങ്ങളിലെയും വോട്ടര്‍ പട്ടികകള്‍ തയ്യാറാക്കി വയ്ക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും 2002–2004 കാലഘട്ടത്തിലാണ് വോട്ടര്‍ പട്ടിക പരിഷ്കരണം നടന്നിട്ടുള്ളത്. ബിഹാറില്‍ 2003ല്‍ പരിഷ്കരിച്ച വോട്ടര്‍ പട്ടിക അനുസരിച്ചാണ് തീവ്രപരിഷ്കരണം നടപ്പാക്കുന്നത്. ഉത്തരാഖണ്ഡില്‍ 2006ലെയും ഡല്‍ഹിയില്‍ 2008ലെയും ഇലക്ടറല്‍ റോള്‍ ആണ് റഫറന്‍സ് പോയിന്റായി ഉപയോഗിക്കുക.
പല സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ അവസാന തീവ്ര പുനഃപരിശോധന നടപ്പാക്കിയ ശേഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികകള്‍ ഇതിനകം തന്നെ തങ്ങളുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.