
സാധാരണ ഉപതെരഞ്ഞെടുപ്പുകളിലില്ലാത്ത വിധം വർഗീയ രാഷ്ട്രീയമാണല്ലോ പ്രചരണത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്. യുഡിഎഫ് അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുമുണ്ടല്ലോ?
വർഗീയത വലിയ നാശം വിതയ്ക്കും. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ ആപത്താണ്. അവർ തമ്മിലടിക്കുന്നത് നശിക്കാനല്ല, വളരാനാണ്. അതുകൊണ്ടാണ് യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധത്തെ ഞങ്ങൾ തുടക്കം തൊട്ടേ എതിർക്കുന്നത്. ഹിന്ദുരാഷ്ട്രം വേണമെന്ന് പറയുന്ന ആർഎസ്എസിനെ പോലെ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. നാല് വോട്ട് കിട്ടാൻ നിലമ്പൂരിൽ അവരെയാണ് വി ഡി സതീശനും സംഘവും കൂട്ടുപിടിച്ചിരിക്കുന്നത്. വസ്തുതകൾ വോട്ടർമാരോട് പറയേണ്ടേ, അതേ ഞങ്ങൾ ചെയ്യുന്നുള്ളൂ.
ജമാഅത്തെ ഇസ്ലാമി പഴയ നിലപാടൊക്കെ മാറ്റി മിതവാദികളായെന്നാണല്ലോ പ്രതിപക്ഷ നേതാവ് പറയുന്നത്?
അവർ ഒരു തിരുത്തലും നടത്തിയിട്ടില്ല. അന്നും ഇന്നും എന്നും അവരുടെ ലൈൻ ഒന്നുതന്നെയാണ്. അവരെ വെള്ളപൂശാൻ നടത്തുന്ന വിചിത്രമായ വാദങ്ങളൊന്നും വിലപ്പോവില്ല. കേരളത്തിൽ ആ സംഘടന ഒരു ചെറിയ ഗ്രൂപ്പായിരിക്കാം. പക്ഷേ അവർ ഉയർത്തുന്ന മുദ്രാവാക്യം അങ്ങേയറ്റം അപകടകരമാണ്. അതറിയാവുന്നതുകൊണ്ടല്ലേ ലീഗിന്റെ ആദ്യകാല നേതാക്കളെല്ലാം അവരെ അകറ്റി നിർത്തിയിരുന്നത്. പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നല്ലോ. പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് അവരോ കോൺഗ്രസ് ദേശീയ നേതൃത്വമോ ഒരക്ഷരം ഇതുവരെ പറഞ്ഞിട്ടില്ല.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തടുത്ത് വരികയാണ്. പുതിയ സഖ്യത്തിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത് അതൊക്കെയായിരിക്കില്ലേ?
തീർച്ചയായും. കേവലം ഒരു തെരഞ്ഞെടുപ്പിൽ ഒതുങ്ങുന്നതല്ല വർഗീയതയുടെ രാഷ്ട്രീയ പ്രത്യാഘാതം. എല്ലാ മതവിഭാഗത്തിലും പെട്ട വിശ്വാസികളായ മനുഷ്യർ വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ അണിനിരക്കണമെന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങൾ വിശ്വാസികൾക്കെതിരല്ല. വർഗീയതയെ മാത്രമേ എതിർക്കുന്നുള്ളൂ. വിശ്വാസികൾ വർഗീയ വാദികളല്ല. വർഗീയവാദികൾ വിശ്വാസികളുമല്ല. വർഗീയ വാദികൾ വിശ്വാസത്തെ ഒരുപകരണമായി ഉപയോഗിക്കുന്നുവെന്ന് മാത്രം. അതുകൊണ്ട് തന്നെ യഥാർത്ഥ വിശ്വാസികളുടെ വോട്ട് എൽഡിഎഫിനായിരിക്കും.
തലപ്പൊക്കമുള്ള പല കോൺഗ്രസ് നേതാക്കളെയും ഇവിടെ പ്രചരണരംഗത്ത് കാണുന്നില്ലല്ലോ?
വർഗീയ കൂട്ടുകെട്ട് വിവാദം വന്നപ്പോൾ തന്നെ അവിടെ എല്ലാവരും നാലുവഴിക്കായില്ലേ. മുസ്ലിം ലീഗിലും ആകെ ആശയക്കുഴപ്പമാണ്. എന്തുമാകട്ടെ, അത് അവരുടെ കാര്യം.
പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വത്തെ എങ്ങനെ വിലയിരുത്തുന്നു?
അദ്ദേഹവും മത്സരിക്കട്ടെ. ഞങ്ങൾക്ക് മുന്നിൽ അതൊരു ഘടകമേയല്ല.
മുഖ്യമന്ത്രിയുടെ പര്യടനങ്ങളിലും എൽഡിഎഫ് പ്രചരണത്തിലും വികസന രാഷ്ട്രീയം ഒരു പ്രധാന ഘടകമായിരുന്നല്ലോ?
തെരഞ്ഞെടുപ്പിലെ ഞങ്ങളുടെ പ്രധാന മുദ്രാവാക്യം തന്നെ അതാണ്. ഒമ്പത് വർഷം കൊണ്ട് സമാനതകളില്ലാത്ത വികസനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം അങ്ങനെ എല്ലാ രംഗത്തും. ഒരു തുണ്ട് ഭൂമിക്കായി പതിറ്റാണ്ടുകളായി കാത്തിരുന്ന ലക്ഷക്കണക്കിനാളുകൾക്ക് പട്ടയം നൽകി. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങളുടെ ഭവന സ്വപ്നമാണ് പൂവണിഞ്ഞത്. അതുകൊണ്ടുകൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് തുടർ ഭരണത്തിനുള്ള കളമൊരുക്കലാവുമെന്ന് ഞങ്ങൾ പറയുന്നത്.
നിലമ്പൂർ വനാതിർത്തിയിലുള്ള മണ്ഡലമായതിനാലാവും വന്യജീവി ആക്രമണം തടയാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെന്നാണ് കഴിഞ്ഞദിവസം പ്രിയങ്ക ഗാന്ധി പറഞ്ഞത്.
പ്രിയങ്ക ഗാന്ധി വസ്തുതകളറിയാതെ സംസാരിക്കുകയാണ്. കേന്ദ്ര വനം, വന്യജീവി നിയമം അന്നത്തെ കോൺഗ്രസ് സർക്കാരാണ് കൊണ്ടുവന്നത്. അതിൽ ഇടയ്ക്കിടെ ഭേദഗതി വരുത്തി ബിജെപി സർക്കാർ കൂടുതൽ കടുത്ത വകുപ്പുകൾ കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. ഈ പരിമിതികൾക്കകത്ത് നിന്നുകൊണ്ടാണ് സംസ്ഥാന സർക്കാർ കർഷക രക്ഷയ്ക്കായി പലതും ചെയ്യുന്നത്. പുതിയ കുറെ നടപടികൾ നിര്‍ദേശിച്ച് ഒരു പ്രോജക്ട് കേന്ദ്രത്തിന് സമർപ്പിച്ചിട്ട് നാളേറെയായി. ഒരു പ്രതികരണവുമില്ല. ഇതെല്ലാം മറച്ചുവച്ചാണ് പ്രിയങ്ക ഗാന്ധി ഇവിടെ വന്ന് പലതും വിളിച്ചുപറയുന്നത്. യുഡിഎഫ് അടിമുടി നിരായുധരാണ്. അതിനാലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇറക്കിവിട്ടുകൊണ്ടിരിക്കുന്നത്.
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമോ ഈ തെരഞ്ഞെടുപ്പ്?
അങ്ങനെ വേണമെങ്കിൽ കരുതിക്കോ. ഞങ്ങൾക്ക് ഒരു ഭയവുമില്ല. നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.