കേന്ദ്ര പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി എസ് എൻ എല്ലിൽ വീണ്ടും സ്വയം വിരമിക്കൽ പദ്ധതി (വി ആർ എസ്) അടിച്ചേൽപ്പിക്കാനുള്ള നീക്കം തകൃതി. ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ആലോചിക്കാതെ അതീവ ഗോപ്യമായാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള 55,000 ജീവനക്കാരിൽ 25,000 പേരെ അടുത്ത വി ആർ എസിലൂടെ ഒഴിവാക്കാനാണ് ആലോചന. ഇപ്പോൾ ശമ്പളത്തിന് വേണ്ടി വരുന്ന 7,500 കോടി രൂപ 5,000 കോടിയായി കുറയ്ക്കാൻ കഴിയുമെന്നതാണ് ഇതു കൊണ്ടുണ്ടാകുന്ന നേട്ടമായി പറയുന്നത്. 2020 ൽ നടപ്പാക്കിയ ആദ്യ വി ആർ എസിനു ശേഷം അവശേഷിക്കുന്നവരാണ് നിലവിലുള്ളവർ. ആ കൂട്ടപ്പിരിച്ചുവിടലിനു ശേഷം അഞ്ച് വർഷത്തിനിടയിൽ കമ്പനിയിലെ അവശ്യവിഭാഗങ്ങളിലേക്ക് പോലും സ്ഥിരം നിയമനം നടത്തിയിട്ടില്ല. ഇപ്പോഴുള്ളതിന്റെ 35 ശതമാനം പേരെ ഒഴിവാക്കാൻ ടെലിംകോം മന്ത്രാലയം മന്ത്രിസഭയുടെ അനുമതിക്കായി കാക്കുകയാണ്.
25,000 പേരെ ആനുകൂല്യം നൽകി ഒഴിവാക്കാൻ ധനമന്ത്രാലയത്തോട് 15,000 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ പുനരുദ്ധാരണത്തിനായി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ അടിയന്തരമായി പരിഗണിക്കേണ്ട 4 ജി സംവിധാനം പോലും കണക്കിലെടുക്കാതെ നടപ്പാക്കാൻ തിടുക്കം കാണിച്ചത് ജീവനക്കാരെ ഒഴിവാക്കുന്ന കാര്യമാണ്. അതോടെ, ജീവനക്കാരുടെ വലിയ ക്ഷാമത്തിലേക്ക് ബി എസ് എൻ എൽ കൂപ്പുകുത്തുകയും ചെയ്തു. രണ്ടാം വിആർഎസ് കൂടിയാകുമ്പോൾ സ്ഥിതി കുറെക്കൂടി രൂക്ഷമാകും. വി ആർ എസിലൂടെ വലിയ ശതമാനം സ്ഥിരം ജീവനക്കാരെ ഒഴിവാക്കി, ഗൗരവപ്പെട്ട ജോലികളിലടക്കം പുറം കരാർ ഏർപ്പെടുത്തുന്നതിനാണ് പരിഗണന നൽകുന്നത്.
ആദ്യഘട്ടത്തിൽ ഇതിൽ നിന്ന് എക്സ്ചേഞ്ചുകളെ ഒഴിവാക്കിയിരുന്നു. ഇപ്പോൾ അവയെയും പുറംകരാറിന് കീഴിൽ കൊണ്ടുവരികയാണ്. ഇതിന്റെ മുന്നോടിയായി വലിയ എക്സ്ചേഞ്ചുകളിലെ നാഷണൽ ഇന്റർനെറ്റ് ബാക്ക്ബോണിന്റെ ഭാഗമായുള്ള സർവറുകളുടെയും റൗട്ടറുകളുടെയും, എക്സ്ചേഞ്ചുകളിലെ ട്രാൻസ്മിഷൻ ഉപകരണങ്ങളുടെയുമൊക്കെ പരിപാലനം, എക്സ്ചേഞ്ചുകളിലെ ടവറുകളുടെ ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ തുടങ്ങിയവയും പുറംകരാറിൽ ഉൾപ്പെടുത്തുകയാണ്. രണ്ടാം വി ആർ എസിന് എതിരെ കടുത്ത നിലപാടുമായി ജീവനക്കാരുടെ സംഘടനകൾ രംഗത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.