22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 7, 2026
January 6, 2026
December 17, 2025
December 11, 2025
November 26, 2025
October 28, 2025
October 22, 2025
October 6, 2025

വിഎസ് — കമ്മ്യൂണിസ്റ്റ് രക്തതാരകം; റവന്യൂ മന്ത്രി കെ രാജൻ

Janayugom Webdesk
തിരുവനന്തപുരം
July 21, 2025 6:18 pm

മുൻ മുഖ്യമന്ത്രിയും സിപിഐ(എം) മുതിർന്ന നേതാവുമായ സഖാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അനുസ്മരണ ലേഖനമെഴുതി. 

“രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് സഖാവ് വി എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും കേരള ജനതയുടെ ആവേശമായി മാറിയ നേതാവായിരുന്നു. അഴിമതിക്കാർക്കും മാഫിയകൾക്കും എതിരെ സന്ധിയില്ലാത്ത പോരാട്ടവും ഇടപെടലുകളുമായിരുന്നു, വി എസിൻ്റെ ജീവിതം. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തെത്തുകയും പിന്നീട് സ്റ്റേറ്റ് കോൺഗ്രസിൻ്റെ ഭാഗവുമായി മാറിയ വി എസ്, 1940ലാണ് സിപിഐയിൽ അംഗമാവുന്നത്. പോരട്ടങ്ങൾക്കിടെ ക്രൂര മർദ്ദനങ്ങൾക്കും ജയിൽവാസത്തിനും ഇരയായി. 1957 മുതൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിച്ചു. 1964 ൽ സിപിഐയിൽ നിന്ന് പുറത്തുപോയ 32 പേരിൽ ഒരാളായിരുന്നു വി എസ്. 

സ്ഥാനമാനങ്ങൾക്കും പദവികൾക്കും അപ്പുറം, തൻ്റെ പ്രത്യയ ശാസ്ത്ര നിലപാടുകൾക്കും ശരികൾക്കും ഒപ്പം നിലയുറപ്പിച്ച വി എസിനെയാണ് പിന്നീടും നാം കണ്ടത്. മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ കേരളത്തിൻ്റെ വികസനത്തിന് ഒട്ടനവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. വല്ലാർപ്പാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെൻ്റ് ടെർമിനലും അതിനായുള്ള റോഡുകളും റെയിൽ ലൈനുകളും പ്രാവർത്തികമാക്കാൻ 2006 ൽ വി എസ് അച്യുതാനന്ദൻ്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടൽ സ്മരണീയമാണ്. കേരളത്തിൽ ആദ്യത്തെ ഐടി പാർക്ക് കൊല്ലത്ത് സ്ഥാപിച്ചത് വി എസിൻ്റെ കാലത്താണ്. പൊതുവിദ്യഭ്യാസ രംഗത്ത് ഇന്നുള്ള സ്വതന്ത്ര സോഫ്റ്റ്‌വേർ സമ്പ്രദായം കൊണ്ടുവന്നതും വി എസ് സർക്കാരാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പദ്ധതിയുടെ നിർദ്ദേശം സമർപ്പിച്ച് അംഗീകാരം നേടിയെടുക്കുകയും തൻ്റെ സർക്കാരിൻ്റെ കാലത്തു തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് 2008 ൽ അംഗീകാരം നൽകി കേന്ദ്രാനുമതിക്ക് അയച്ചതും വി എസ് മന്ത്രിസഭയാണ്. മുഖ്യമന്തിയായിരിക്കേയും അദ്ദേഹം ജനകീയ വിഷയങ്ങളിൽ പോരാട്ടം തുടർന്നു. 84-ാം വയസിൽ പരസഹായവും വൈദ്യപരിശോധനയുമടക്കം നിരസിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയായ വി എസ് കാൽനടയായി ശബരിമലയിലേക്ക് കയറിയത്. സന്നിധാനത്തെ ആശുപത്രി ഉദ്ഘാടനവും തീർത്ഥാടകരുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനും വേണ്ടിയായിരുന്നു വി എസിൻ്റെ മലകയറ്റം. ഭൂമി കയ്യേറ്റം നടന്ന മതികെട്ടാൻമലയിലേക്ക് നടന്നു കയറിക്കൊണ്ട്, വി എസ് എന്ന ബഹുജന നേതാവ് തൻ്റെ പ്രതിച്ഛായ വർധിപ്പിച്ചു. പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിന് വേണ്ടിയും, മറയൂരിലെ ചന്ദനക്കൊള്ളയ്ക്കെതിരെയും വി എസ് നടത്തിയ ഇടപെടലുകൾ ജനശ്രദ്ധപിടിച്ചു പറ്റിയവയായിരുന്നു. സംസ്ഥാനത്ത് അനധികൃത ലോട്ടറി കച്ചവടം നടത്തിയ ലോട്ടറി മാഫിയയ്ക്ക് അദ്ദേഹം കൂച്ചുവിലങ്ങിട്ടു. കോവളത്തെ റിസോർട്ട് മാഫിയയ്ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചു. 

പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയ അനവധി സമരങ്ങൾക്കാണ് വി എസ് നേതൃത്വം നൽകിയത്. ‘സമരം തന്നെ ജീവിതം’ എന്ന അദ്ദേഹത്തിൻ്റെ പുസ്തകം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠമാക്കാവുന്ന ഒന്നാണ്. കറകളഞ്ഞ രാഷ്ട്രീയ നേതാവായ വി എസ് അച്യുതാനന്ദൻ്റെ വിയോഗം ഇന്ത്യയിലെ ഇടതു മുന്നേറ്റത്തിനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടമാണ്.” മന്ത്രി കുറിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.