
സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ തിളക്കത്തിൽ ഈ വർഷം ശ്രദ്ധേയനായത് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ “കുതന്ത്രം” എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ലഭിച്ച വേടൻ മലയാള സിനിമയിലെ മുഖ്യധാരയിലേക്ക് കുതിച്ചുകയറുകയാണ്. സുഷിൻ ശ്യാം സംഗീതം പകർന്ന ഈ റാപ്പ് ഗാനം പാടുകയും എഴുതുകയും ചെയ്തത് വേടനാണ്. “വിയർപ്പുതുന്നിയിട്ട കുപ്പായം അതിൽ നിറങ്ങളുണ്ട് കട്ടായം, കിനാവുകൊണ്ടു കെട്ടും കൊട്ടാരം അതിൽ മന്ത്രി, നമ്മൾ തന്നെ രാജാവും”—ഈ വരികളിലൂടെ സമൂഹത്തിന്റെ അടിത്തട്ടിലെ ജീവിതാവസ്ഥകള്‍ യുവാക്കളിലേക്കെത്തിക്കാനും പ്രചോദനം നല്‍കാനും സാധിച്ചു. യുട്യൂബിൽ ഈ ഗാനം മൂന്ന് കോടിയിലേറെ പേരാണ് വീക്ഷിച്ചത്.
വേടന്റെ വിജയം വ്യക്തിപരമായ നേട്ടം മാത്രമല്ല; സാമൂഹികമായി അവഗണിക്കപ്പെട്ട സമുദായത്തിന്റെ ശബ്ദമാണ് അതിലൂടെ ഉയർന്നത്. തൃശൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള സ്വപ്നഭൂമി കോളനിയിൽ വളർന്ന വേടൻ നിർമ്മാണ ജോലിക്കാരനായാണ് ജീവിതം തുടങ്ങിയത്. പിന്നീട് തിരുവനന്തപുരത്ത് ഫിലിം എഡിറ്റർ ബി അജിത് കുമാറിന്റെ സ്റ്റുഡിയോയിൽ ബോയിയായി ജോലി ചെയ്യവെ അന്തരിച്ച അമേരിക്കൻ റാപ്പർ ടുപാക് ഷക്കൂറിന്റെ സംഗീതം അദ്ദേഹത്തെ പ്രചോദിപ്പിച്ചു. സമൂഹത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ജാതി വിവേചനവും സാമൂഹിക അനീതിയും വേടന്റെ വരികൾക്ക് ആഴം നൽകി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം പ്രതികരിക്കുന്നതിന് മുമ്പുതന്നെ വേടൻ മലയാളത്തിൽ പ്രതിഷേധഗാനം എഴുതിയിരുന്നു. കോവിഡ് കാലത്ത് പുറത്തിറങ്ങിയ ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന ഗാനം അദ്ദേഹത്തിന്റെ ശൈലിയെയും നിലപാടിനെയും വ്യക്തമായി പ്രതിഫലിപ്പിച്ചു. സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങൾ രാഷ്ട്രീയമായി അവതരിപ്പിക്കുന്ന വേടന്റെ സംഗീതം കേവലം വിനോദമല്ല, അത് പ്രതിരോധത്തിന്റെ ശബ്ദമായി മാറി. കാലിക്കറ്റ് സർവകലാശാല വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ വേടന്റെ രചനകൾ അക്കാദമിക് വേദിയിലും സ്ഥാനം നേടി. മലയാള സിനിമ മയക്കുമരുന്ന് കേസുകളിലും വിവാദങ്ങളിലുമൊക്കെ മുങ്ങിക്കിടക്കുമ്പോൾ പ്രമുഖ നടന്മാരും സംവിധായകരും ഉൾപ്പെട്ട കേസുകളേക്കാൾ കൂടുതൽ ശ്രദ്ധ ആകർഷിച്ചത് റാപ്പറും ഗാനരചയിതാവുമായ വേടന്റെ അറസ്റ്റാണ്. അതുകൂടാതെ നിരവധി ആരോപണങ്ങളാണ് വേടനെതിരെ ഉയര്‍ന്നു വന്നത്. എന്നാല്‍ സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന ഈ യുവാവിന്റെ ശബ്ദം, ഭൂരിപക്ഷം വരുന്ന മലയാളി യുവതയുടെ ആത്മ സംഗീതമായി മാറുകയാണ്. വിയർപ്പും വേദനയും ചേർന്ന അതിശക്തമായ വേടന്റെ വരികള്‍, കേരളത്തിന്റെ സാമൂഹികാവസ്ഥയുടെ പ്രതിഫലനങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.