
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. കേസില്‍ കക്ഷിചേരാന്‍ കേരള സര്‍ക്കാര്‍ അപേക്ഷ നല്‍കി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് വാദം തുടങ്ങിയത്. നിയമം ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്ക് എത്തിയെങ്കിലും അഞ്ച് ഹര്‍ജിക്കാരുടെ അപേക്ഷകളേ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെ വേര്‍തിരിവ്, ഇസ്ലാമിക മത കാര്യങ്ങളില്‍ അനാവശ്യമായ ഇടപെടല്‍, വഖഫ് മാനേജമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയാണ് ഹര്‍ജിക്കാര്‍ മുഖ്യമായും മുന്നോട്ടു വച്ചിരിക്കുന്നത്. നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളെ കേന്ദ്രം ശക്തിയുക്തം പ്രതിരോധിക്കുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി കേന്ദ്ര സര്‍ക്കാരിന് പിന്തുണ ഉറപ്പാക്കുന്നു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും കേസില്‍ കക്ഷിചേരാനുള്ള അപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
കേസില്‍ കക്ഷിചേരാന്‍ കേരളവും ഇന്നലെ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. പുതിയ നിയമ പ്രകാരം കേരളത്തിലെ മുസ്ലിം വിഭാഗത്തിന്റെ മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടുമോ എന്ന ആശങ്ക ഹര്‍ജിയില്‍ ഉന്നയിക്കുന്നു. ഒരിക്കല്‍ വഖഫ് ആയാല്‍ അത് എന്നും എക്കാലവും വഖഫെന്നും കേരളത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനു പുറമെ നിയമത്തെ എതിര്‍ത്തുകൊണ്ട് ശ്രീ നാരായണ മാനവ ധര്‍മ്മ ട്രസ്റ്റും കോടതിയെ സമീപിച്ചിട്ടുണ്ട്.
വഖഫ് ബോര്‍ഡുകളില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയത് വഖഫ് നിയന്ത്രണം മുസ്ലിം വിഭാഗത്തില്‍ നിന്നും ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചാണ്. മുസ്ലിങ്ങള്‍ വഖഫ് ചെയ്യുന്നതിലൂടെ അവരുടെ സ്വത്തുക്കള്‍ അള്ളാഹുവിനാണ് നല്‍കുന്നത്. ഇത് മതേതര സ്വഭാവത്തിലുള്ള ഒന്നല്ല. അതിനാല്‍ അമുസ്ലിങ്ങളെ ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദമുയര്‍ത്തി.
അതേസമയം ഹര്‍ജികളില്‍ ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെ കേസ് പരിഗണിച്ച ബെഞ്ച് കണ്ടെത്തിയ മൂന്ന് വിഷയങ്ങളില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ വേണ്ടിയാണിതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കോടതി വഖഫ് വസ്‌തുക്കളായി പ്രഖ്യാപിച്ചവയെ തിരികെ അവ അങ്ങനെയല്ലെന്ന് പറഞ്ഞ് വിജ്ഞാപനം ചെയ്യാനാകുമോ, ജില്ലാകളക്‌ടര്‍ അന്വേഷിച്ച് ഒരു വസ്‌തുവിനെ വഖഫ് വസ്‌തു അല്ലായെന്ന് കണ്ടെത്താനാകുമോ, സംസ്ഥാന വഖഫ് ബോര്‍ഡുകളും കേന്ദ്ര വഖഫ് കൗണ്‍സിലും മുസ്ലിം അംഗങ്ങള്‍ മാത്രമായി പ്രവര്‍ത്തിക്കാനാകുമോ തുടങ്ങിയ വിഷയങ്ങളിലാണ് അടിയന്തരമായി ഉത്തരവ് വേണ്ടത്. ഈ വിഷയങ്ങളില്‍ കേന്ദ്രം സത്യവാങ് മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങളില്‍ മാത്രമായി നടപടി കൈക്കൊള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജികളില്‍ മൂന്നു മണിക്കൂര്‍ 45 മിനിറ്റാണ് കോടതി ഇന്നലെ വാദം കേട്ടത്. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളില്‍ കോടതികള്‍ സാധാരണ നിലയില്‍ ഇടപെടാറില്ല. അതിശക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു കോടതി ഇടപെടലിനു സാധ്യതയുള്ളൂവെന്ന് കേസിന്റെ വാദം തുടങ്ങിയപ്പോള്‍ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഹര്‍ജികളില്‍ ഇന്നും വാദം തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.