18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

വഖഫ് നിയമഭേദഗതി: മതവിഭജനത്തിന്റെ അടിത്തറയിടല്‍; ബിനോയ് വിശ്വം

 നാളെ രാജ്യവ്യാപക പ്രതിഷേധം
 ബിജെപിക്ക് മുന്നില്‍ കോണ്‍ഗ്രസ്
ദിശയറിയാതെ നില്‍ക്കുന്നു: ബിനോയ് വിശ്വം
Janayugom Webdesk
തിരുവനന്തപുരം
April 11, 2025 10:47 pm

വഖഫ് നിയമഭേദഗതിയിലൂടെ മതവിഭജനത്തിന് അടിത്തറയിടുന്ന നിയമനിര്‍മ്മാണമാണ് നടത്തിയിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നാളെ രാജ്യവ്യാപകമായി സിപിഐ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് മൂന്ന് ദിവസത്തെ നേതൃയോഗങ്ങള്‍ക്കുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

ലോകത്തെവിടെയുമുള്ള ഫാസിസ്റ്റുകളെപ്പോലെ ഭിന്നിപ്പുണ്ടാക്കാനാണ് മോഡി സര്‍ക്കാരിന്റെയും ശ്രമം. വഖഫ് നിയമത്തിന്റെ ലക്ഷ്യം ഇന്ത്യയിലെ മതേതരരാഷ്ട്രീയത്തിന്റെ അടിത്തറ പൊളിക്കലാണ്. വെള്ളം കലക്കി മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും വിനാശകരമായ ബിജെപി സ്നേഹം ഗുണകരമാണോയെന്ന് ക്രിസ്ത്യന്‍ സഭകളിലെ ശ്രേഷ്ഠയിടന്മാര്‍ ചിന്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബിജെപി എന്തെല്ലാം തന്ത്രങ്ങള്‍ മെനഞ്ഞാലും കേരളത്തിലെ ചിന്തിക്കുന്ന ജനങ്ങള്‍ അവരുടെ രാഷ്ട്രീയത്തിന്റെ ഇരകളാകാന്‍ പോകുന്നില്ല.

ബിജെപി രാഷ്ട്രീയത്തിന് മുന്നില്‍ കോണ്‍ഗ്രസ് വഴിയറിയാതെ നില്‍ക്കുകയാണ്. അഹമ്മദാബാദില്‍ കൂടിയ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവ് മല എലിയെ പ്രസവിച്ചതുപോലെയായി. മഹാത്മാഗാന്ധിയെ കൊന്ന ഘാതകന്മാരുടെ പ്രത്യയശാസ്ത്രം, ഗോഡ്സെയുടെ വെടിയുണ്ടയെ സൃഷ്ടിച്ച ആശയം, എല്ലാ ഇന്ത്യന്‍ മൂല്യങ്ങളെയും വെല്ലുവിളിക്കുമ്പോള്‍ അതിനുനേരെ ഉറച്ചുനില്‍ക്കാനുള്ള ഫലപ്രദമായി വഴികള്‍ ഉണ്ടാക്കാതെ കോണ്‍ഗ്രസ് ആശയപരമായ ഇരുട്ടറയില്‍ നില്‍ക്കുകയാണ്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനപക്ഷത്താണ്. ബിജെപിയുടെ കണ്ണിലെ കരടായ ഈ സര്‍ക്കാരിനെ ശ്വാസംമുട്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ മതേതരത്വം, ജനാധിപത്യം, പൗരാവകാശങ്ങള്‍ തുടങ്ങിയവയെല്ലാം സംരക്ഷിക്കാന്‍ വേണ്ടിയുള്ള കര്‍ത്തവ്യമാണ് എല്‍ഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള രാഷ്ട്രീയമാണ് എല്‍ഡിഎഫിനുള്ളത്.

നാലാം വാര്‍ഷികാഘോഷം നടക്കുന്ന വേളയില്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കാന്‍ പോകുന്ന എല്ലാ പരിപാടികളിലും സജീവമായി പങ്കുവഹിക്കാനും സംസ്ഥാന നേതൃയോഗങ്ങള്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. എക്സാലോജിക് കേസ് രാഷ്ട്രീയപ്രേരിതമാക്കി മാറ്റാന്‍ ശ്രമിച്ചാല്‍ സിപിഐ രാഷ്ട്രീയമായി അതിനെ നേരിടും. രണ്ട് കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട് മാത്രമാണത്. വീണാ വിജയനെതിരെയുള്ള കേസും മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കവും രണ്ടും രണ്ടുതന്നെയാണ്. മുഖ്യമന്ത്രിയുടെ നിലപാടിന്റെ കൂടെ സിപിഐ നില്‍ക്കും. മുഖ്യമന്ത്രിയുടെ മകള്‍ക്കോ മറ്റേതെങ്കിലും ബന്ധുക്കള്‍ക്കോ കമ്പനി ഉണ്ടാക്കാനും മറ്റ് കമ്പനികളുമായി ഉടമ്പടി ഉണ്ടാക്കാനും അവകാശമുണ്ട്. അതുമായി ബന്ധപ്പെട്ട കേസ് ആ വഴിക്ക് നീങ്ങും. അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഷ്ട്രീയമായ താല്പര്യമില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കാര്യം പാര്‍ട്ടിയുടെ വിഷയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സര വിലക്കെന്നത് അസംബന്ധം

പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരവിലക്ക് ഏര്‍പ്പെടുത്തിയെന്ന പ്രചരണം പൂര്‍ണ അസംബന്ധമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനശൈലി അറിയാത്തവരും എന്താണെന്ന് മനസിലാക്കാത്തവരും മനസിലാക്കിയാലും ദുര്‍വ്യാഖ്യാനം ചെയ്യുന്നവരുമാണ് ഇത് പ്രചരിപ്പിക്കുന്നത്. പൂര്‍ണമായും പാര്‍ട്ടി ഭരണഘടന പാലിച്ച് മാത്രമേ സമ്മേളനങ്ങള്‍ നടക്കൂ. മത്സരിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. അത് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ പാര്‍ട്ടിയുടെ സമ്മേളനങ്ങളെ വഴിതെറ്റിച്ചുകൊണ്ടുപോകാന്‍ ആരെങ്കിലും സംഘടിതനീക്കം നടത്തിയാല്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന കാര്യവും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളിലെ ഓരോ വാക്കും പൂര്‍ണമായും പാര്‍ട്ടി ഭരണഘടനയ്ക്ക് വിധേയമായിട്ടുള്ളതാണ്. പാനലിനെതിരെ മത്സരങ്ങളാകാം. എന്നാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഗ്രൂപ്പുണ്ടാക്കി ബദല്‍ പാനലുണ്ടാക്കി മത്സരിക്കാനുള്ള നീക്കം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയല്ല. മുന്‍കാലങ്ങളില്‍ സമ്മേളനകാലത്ത് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളില്‍ അധികമായി ഒന്നും തന്നെ ഇതിലില്ല. അതിന് പുതിയ വ്യാഖ്യാനം കൊടുക്കുന്നത് മാധ്യമ താല്പര്യപ്രകാരമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.