
വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല വിധി കേന്ദ്രസർക്കാരിനേറ്റ അടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണിത്. എന്നാല്‍ ഇതില്‍ നിന്ന് ഒരു പാഠവും ബിജെപി പഠിക്കാൻ ഇടയില്ല. അങ്ങനെ പാഠം പഠിക്കുന്ന പ്രത്യയശാസ്ത്രമല്ല ആര്‍എസ്എസ് തുടരുന്നത്. അന്ധമായ ന്യൂനപക്ഷ വിരോധം, ഇസ്ലാം, ക്രിസ്ത്യൻ വിരോധം അവരുടെ മുഖമുദ്രയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്നം ഉടൻ പരിഹരിക്കുമെന്ന ബിജെപിയുടെ അവകാശവാദം കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു തന്നെ പൊളിച്ചിരിക്കുന്നു. മുനമ്പം പ്രശ്നത്തിൽ പരിഹാരം കാണുന്നതിനായി നിവാസികൾ സുപ്രീംകോടതിയിൽ കേസ് നടത്തി അവരുടെ സ്വത്ത് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് സംശയലേശമന്യേ പറഞ്ഞ മന്ത്രി മുനമ്പം നിവാസികളെ വഞ്ചിക്കുകയായിരുന്നു. കൂടാതെ വഖഫ് സ്വത്തുക്കളിൽ നിലവിലെ ഘടനയിൽ യാതൊരു മാറ്റവും പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞുവച്ചതോടുകൂടി ബിജെപി സർക്കാർ മുനമ്പം നിവാസികളെ നിരന്തരം മോഹന വാഗ്ദാനങ്ങൾ കൊടുത്ത് പറ്റിക്കുകയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ക്രിസ്ത്യൻ, മുസ്ലീം മതവിഭാഗങ്ങൾക്കിടയിൽ വൈരം വളർത്തി രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ബിജെപി, ആർഎസ്എസ് തന്ത്രങ്ങൾ വിജയം കണ്ടില്ലായെന്നും സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി അർത്ഥശൂന്യമാണെന്ന് തെളിഞ്ഞതായും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ ക്രിസ്ത്യൻ സമൂഹം നടത്തിയ ”കുരിശിന്റെ വഴി” മതഘോഷയാത്ര തടസപ്പെടുത്തി അനുമതി നിഷേധിച്ചതും ന്യൂനപക്ഷ വിരോധം ഒന്നുകൊണ്ടു മാത്രമാണ്. ബിജെപി എല്ലാ അർത്ഥത്തിലും കബളിപ്പിക്കലിന്റെ പാർട്ടിയാണ്. അതിന്റെ മുഖംമൂടി ഓരോ അവസരങ്ങളിലും അഴിഞ്ഞുവീണു കൊണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി സുപ്രീം കോടതിയിൽ വഖഫ് ഭേദഗതി കേസിൽ കക്ഷി ചേർന്നിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.