
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഉന്മൂലനം ലക്ഷ്യമിട്ട് 10,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. കീഴടങ്ങുക- മരിക്കുക എന്ന മുന്നറിയിപ്പുമായാണ് സേനാ വിന്യാസം. ഛത്തീസ്ഗഢ് — തെലങ്കാന അതിര്‍ത്തിയിലാണ് 200 ഓളം മാവോയിസ്റ്റുകളെ ലക്ഷ്യമിട്ട് യുദ്ധസമാന പടയൊരുക്കം.
ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേന കാടിളക്കിയുള്ള മുന്നൊരുക്കമാണ് നടത്തിയത്. മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളായ ഹിഡ്മ, ദേവ, ദാമോദര്‍ എന്നിവരെയും ലക്ഷ്യമിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബസ്തറില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മേഖലയില്‍ 10,000 ഉദ്യോഗസ്ഥരെ വിന്യസിച്ചത്. സിആര്‍പിഎഫിന്റെ സി — 60 കമാന്‍ഡോ, ഛത്തീസ്ഗഢ് ജില്ലാ റിസര്‍വ് ഗാര്‍ഡ്, തെലങ്കാന പൊലീസ് വിഭാഗമായ ഗ്രേ ഹണ്ട്സ് എന്നിവ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. വെങ്കടപുരം കേന്ദ്രമാക്കി ബസ്തര്‍ ഐജി പി സുന്ദരരാജിന്റെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധന നടക്കുന്നുണ്ട്.
ഏറ്റുമുട്ടലില്‍ മൂന്ന് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ശേഷം സംഘാംഗങ്ങള്‍ കാട്ടിനുള്ളിലേക്ക് മറഞ്ഞതായും അവരെ പിടികൂടുകയാണ് ലക്ഷ്യമെന്നും പി സുന്ദരരാജ് പറഞ്ഞു. കീഴടങ്ങുക — അല്ലെങ്കില്‍ മരിക്കുക എന്നാണ് സുരക്ഷാ സേന മുന്നോട്ടുവച്ചിരിക്കുന്ന ഉപാധിയെന്നും ബസ്തര്‍ — നാരായണ്‍പൂര്‍ മേഖലയില്‍ നിന്നും മാവോയിസ്റ്റ് സാന്നിധ്യം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ആദിവാസികളും ഗോത്ര വിഭാഗം ജനങ്ങളും കൊടിയ ചൂഷണത്തിനും അതിക്രമത്തിനും വിധേയരാകുന്ന മേഖലയാണ് ബസ്തറും നാരായണ്‍പൂരും അടങ്ങുന്ന ദന്തേവാഡ മേഖല. ആദിവാസികളുടെ ഭൂമി കുത്തക കമ്പനികള്‍ക്ക് ഖനനത്തിന് വിട്ടുനല്‍കാന്‍ നീക്കം നടക്കുന്ന മേഖലയില്‍ ഇതിനെതിരെ രംഗത്തുവരുന്നവരെ മാവോയിസ്റ്റ് എന്ന പേരില്‍ കൊലപ്പെടുത്തുന്നത് വര്‍ഷങ്ങളായി തുടരുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഛത്തീസ്ഗഢില്‍ സുരക്ഷാ സേന 300ലധികം ആളുകളെ മാവോയിസ്റ്റുകളെന്ന പേരില്‍ വധിച്ചിരുന്നു. ഇതില്‍ പലതും വ്യാജ ഏറ്റുമുട്ടലുകളായിരുന്നുവെന്ന് വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.