18 January 2026, Sunday

Related news

October 18, 2025
October 15, 2025
September 9, 2024
December 22, 2023
December 21, 2023
November 1, 2023
August 1, 2023
April 22, 2023
April 1, 2023

യുദ്ധക്കപ്പൽ അറ്റകുറ്റപ്പണി; കൊച്ചി കപ്പല്‍ ശാലയ്ക്ക് 488 കോടിയുടെ കരാർ

Janayugom Webdesk
കൊച്ചി
December 21, 2023 10:40 pm

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി കൊച്ചി കപ്പല്‍ശാലയും പ്രതിരോധമന്ത്രാലയവും 488.25 കോടി രൂപയുടെ കരാർ ഒപ്പു വച്ചു. ചെറിയ കാലയളവിലേക്കുള്ള കപ്പൽ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനാണ് ഓർഡർ. നിലവിൽ സർവീസ് നടത്തുന്ന കപ്പലുകളിലെ ഉപകരണങ്ങളും ആയുധങ്ങളുമുൾപ്പെടെയുള്ളവ മാറ്റി പുതിയവ സ്ഥാപിക്കും. 

പ്രതിരോധമന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ജൂലൈ-സെപ്റ്റംബർ പാദത്തിൽ തന്നെ ഇതിന്റെ പ്രവൃത്തികൾ ആരംഭിച്ചിരുന്നു. 2024–25 സാമ്പത്തിക വർഷത്തിൽ പണി പൂർത്തിയാക്കി കപ്പൽ കൈമാറും. വാണിജ്യ, പ്രതിരോധ കപ്പലുകളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും രാജ്യത്തെ തന്നെ മുൻനിര കമ്പനിയാണ് കൊച്ചി കപ്പല്‍ശാല.
2023 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 22,000 കോടി രൂപയുടെ ഓർഡറുകളാണ് കൊച്ചി കപ്പൽശാലയുടെ കൈവശമുള്ളത്. ഇതുകൂടാതെ 13,000 കോടി രൂപയുടെ ഓർഡറുകൾ ലഭിക്കുമെന്ന് ഉറപ്പായിട്ടുമുണ്ട്.
ഇന്ത്യയുടെ ആദ്യ തദ്ദേശ വിമാനവാഹിനി കപ്പലായ വിക്രാന്ത് നിർമ്മിച്ച് നേവിക്ക് കൈമാറിയത് കൊച്ചി കപ്പൽശാലയാണ്. നേവിക്കായുള്ള മൂന്ന് അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലുകൾ ഈ മാസമാദ്യം കപ്പൽശാല നീറ്റിലിറക്കിയിരുന്നു. 2023 സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ കൊച്ചി കപ്പൽശാലയുടെ ലാഭം 60.93 ശതമാനം ഉയർന്ന് 181.52 കോടി രൂപയിലെത്തിയിട്ടുണ്ട്. സംയോജിത വരുമാനം 1,100.40 കോടി രൂപയിലേക്കും ഉയർന്നു. 2022–23 സാമ്പത്തിക വർഷത്തിൽ 304.7 കോടി രൂപയായിരുന്നു കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ലാഭം. 

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ ഇന്നലെ മൂന്ന് ശതമാനത്തോളം ഉയർന്ന് 1,257 രൂപയിലാണ് വ്യാപാരം നടത്തിയത്. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ 260 ശതമാനത്തിലധികം നേട്ടം നൽകിയിട്ടുള്ള ഓഹരിയാണിത്. ഒരു വർഷക്കാലയളവിൽ 111 ശതമാനവും ഒരു മാസക്കാലയളവിൽ 15 ശതമാനവും ഓഹരി ഉയർന്നിട്ടുണ്ട്. ഇന്നലത്തെ ഓഹരി വില പ്രകാരം 16,500 കോടി രൂപയാണ് കൊച്ചി കപ്പൽശാലയുടെ വിപണി മൂല്യം. 

Eng­lish Sum­ma­ry: War­ship main­te­nance; 488 crore con­tract for Kochi Shipyard

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.