23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

സ്കൂളുകളില്‍ കുട്ടികള്‍ക്ക് കുടിക്കാം ശുദ്ധജലം പരിശോധനാ ലാബുകള്‍ സ്ഥാപിക്കാൻ ജല അതോറിട്ടി

ആര്‍ സുമേഷ്
 തിരുവനന്തപുരം
October 16, 2024 10:48 pm

വിദ്യാർത്ഥികൾക്കുള്ള കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ സ്കൂളുകളിൽ പരിശോധനാ ലാബുകളൊരുക്കാൻ ജല അതോറിട്ടി. തലസ്ഥാന ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിലാണ് ലാബുകൾ സ്ഥാപിക്കുക. എംഎൽഎ ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ വീതം ചെലവിട്ടാണ് ലാബുകൾ സജ്ജമാക്കുക. ഇതിനായി ആകെ 45 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജല അതോറിട്ടിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം സർക്കാരിന് ശുപാർശ നൽകി. മലയിൻകീഴ്, ​അഴൂർ,​ ഭരതന്നൂർ, ​മെഡിക്കൽ കോളജ്, ​കമലേശ്വരം, ​മിതൃമല, ​മൈലച്ചൽ,​ അരുവിക്കര എന്നിവിടങ്ങളിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ലാബുകൾ സ്ഥാപിക്കുക. സ്കൂളിലെ കെമിസ്ട്രി ലാബുകളോട് ചേർന്നായിരിക്കും ജലപരിശോധനാ ലാബ് ഒരുക്കുക. പരിശോധനാഫലം ലാബിൽ പ്രദർശിപ്പിക്കും.

തുടർന്ന് വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കും. സ്കൂളുകളിലെ വെള്ളം പരിശോധിച്ചപ്പോൾ ഉപയോഗയോഗ്യമല്ലെന്ന് കണ്ടതിനെ തുടർന്നാണ് ലാബുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. പരിശോധിച്ച 2,171 സാമ്പിളുകളിൽ 554 എണ്ണം മാത്രമാണ് കുടിക്കാൻ യോഗ്യമാണെന്ന് കണ്ടെത്തിയത്. 70 ശതമാനം സമ്പിളുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. 28 ശതമാനത്തിൽ ഇ കോളി ബാക്ടീരിയയുമുണ്ടായിരുന്നു.

നിറവും മണവും പരിശോധിക്കും

വെള്ളത്തിന്റെ പിഎച്ച് മൂല്യം, നിറം, മണം, കലക്കൽ അഥവാ ടർബിഡിറ്റി, ലയിച്ചു ചേർന്നിരിക്കുന്ന രാസവസ്തുക്കൾ അഥവാ ടിഡിഎസ്, ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി, അമ്ലാംശം, ആൽക്കലിനിറ്റി(ക്ഷാരാംശം), കാഠിന്യം അഥവാ ഹാർഡ്നെസ്, ഇരുമ്പിന്റെയും ഫ്ലൂറൈഡിന്റെയും അംശം, നൈട്രേറ്റ്, ഉപ്പുരസം(ക്ലോറൈഡ്), കോളിഫോം, ഇകോളി, അവക്ഷിപ്ത ക്ലോറിൻ(റെസിഡുവൽ ക്ലോറിൻ) എന്നിവ ലാബിൽ പരിശോധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.