വേമ്പനാട്ട് കായലിലൂടെ പായുന്ന സ്പീഡ് ബോട്ടുകൾ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾക്ക് അപകട ഭീഷണി ഉയർത്തുന്നു. ജലഗതാഗത വകുപ്പിന്റെ ആലപ്പുഴയിൽ നിന്നും കാവാലത്തേക്ക് യാത്ര തിരിച്ച എ 64 എന്ന തടി ബോട്ടിന്റെ മുൻവശത്തേക്കാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സ്പീഡ് ബോട്ട് ഇടിച്ചുകയറിയത്. നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചതെന്നാണ് സ്പീഡ് ബോട്ടിലുള്ളവർ പറഞ്ഞതെന്ന് ജലഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി.
ജലഗതാഗത വകുപ്പിന്റെ പരാതിയെ തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടം നടക്കുമ്പോൾ യാത്രാ ബോട്ടിൽ 22 പേരുണ്ടായിരുന്നു. നെഹ്റുട്രോഫി വാർഡിലുള്ള ജെട്ടിയിലേക്ക് അടുക്കുമ്പോഴായിരുന്നു സംഭവം. അപകടത്തിൽ ജലഗതാഗത വകുപ്പിന് ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. ഇത് സംബന്ധിച്ച വിശദമായ പരിശോധനകൾ നടന്നുവരുകയാണ്.
ശക്തമായ ഇടിയിൽ ബോട്ട് ആടി ഉലഞ്ഞെങ്കിലും ജീവനക്കാരിടപെട്ട് ബോട്ട് സുരക്ഷിതമായി ജെട്ടിയിലേക്ക് അടിപ്പിക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു ബോട്ടിൽ പിന്നീട് കൊണ്ടുപോയി. മുൻപും സ്പീഡ് ബോട്ടുകൾ മറ്റ് ജലയാനങ്ങൾക്ക് സമാനമായ രീതിയിൽ അപകടങ്ങളുണ്ടാക്കിയിരുന്നു. അതിവേഗത്തിൽ ചീറിപാഞ്ഞ് വരുന്ന സ്പീഡ്ബോട്ടുകൾ കടുത്ത നിയമലംഘനങ്ങളും അപകട സാധ്യതകളുമാണ് ടൂറിസം രംഗത്ത് നടത്തുന്നത്. ഇവയെ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ വേണമെന്നാണ് ബോട്ട് യാത്രക്കാർ ആവശ്യപ്പെടുന്നത്.
English Summary;Water Transport Department boat hit by speedboat; The passengers escaped safely
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.