25 December 2024, Wednesday
KSFE Galaxy Chits Banner 2

ടൂറിസത്തിന്റെ സാധ്യതകള്‍ തുറന്നുക്കാട്ടി കാസര്‍കോടൻ സുരങ്ക

ചില്ലോഗ് തോമസ് അച്ചുത്
കാസർകോട്
May 17, 2022 11:04 pm

കാസര്‍കോടിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് സുരങ്ക. കൊച്ചിയിൽ നടന്ന കേരള ട്രാവൽ മാർട്ടിൽ പ്രദർശിപ്പിച്ച സുരങ്ക മാതൃക തുറന്നിടുന്നത് ടൂറിസം വികസനത്തിന്റെ വലിയ മാതൃകയാണ്.
കാസര്‍കോട് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും കർണാടകയിലെ ദക്ഷിണ കന്നഡയിലും കേരള — കര്‍ണാടക അതിര്‍ത്തിയിലും ഭൂഗര്‍ഭജലം ശേഖരിക്കുന്നതിനുള്ള ഉപാധിയാണ് സുരങ്കങ്ങള്‍. ദക്ഷിണ കർണാടകയിലേക്ക് ഇത്തരം നിർമാണ രീതി ആദ്യമായി പരിചയപ്പെടുത്തിയത് അറബികൾ ആണെന്ന് കരുതപ്പെടുന്നു. മലയടിവാരങ്ങളിൽ നിന്ന് ജലസ്രോതസ്സുകളിലേക്ക് തിരശ്ചീനമായി നിർമ്മിക്കുന്ന തുരങ്കങ്ങളാണിവ.
ഭൂമിക്കടിയിൽ നീളമേറിയ തുരങ്കം നിർമിച്ച് ഭൂഗർഭ ജലത്തെ പുറത്തേക്ക് എത്തിക്കുന്ന രീതിയാണിത്. ഇത്തരം തുരങ്കങ്ങൾ 30–40 മീറ്റർ വരെ നീളത്തിൽ തുരക്കാറുണ്ട്. സുരങ്കങ്ങൾക്ക് സാധാരണ രണ്ട് മീറ്റർ ഉയരവും അര മീറ്റർ വീതിയും ഉണ്ടാകും. തുറന്ന കിണറിന്റെ നിർമ്മിതി അപ്രായോഗികവും ചെലവേറിയതുമായ മലമ്പ്രദേശങ്ങളില്‍ നിർമ്മിക്കുന്ന ഇത്തരം തുരങ്കങ്ങളായിരുന്നു ഒരു കാലത്ത് കാസര്‍കോടിന്റെ പ്രധാന ജലസ്രോതസ്സ്. കുഴല്‍ക്കിണറുകള്‍ക്ക് വലിയ പ്രചാരം കിട്ടിയതോടെ പ്രകൃതിയുടെ തനത് ജലസ്രോതസ്സിന് മങ്ങലേറ്റു.
കാസർകോട്, ദക്ഷിണ കന്നട ഭാഗങ്ങളിൽ ഇത്തരത്തിൽ മൂവായിരത്തിലധികം സുരങ്ക കിണറുകൾ ഇന്നും നിലനിൽക്കുന്നുണ്ട്. കഷ്ടിച്ച് ഒരാളുടെ ഉയരവും വീതിയും മാത്രമുള്ള ഈതുരങ്കങ്ങളുടെ നിർമ്മാണം ഏറെ ബുദ്ധിമുട്ടുള്ളതുമാണ്. തുരങ്കം നിർമിച്ച് ഭൂമിക്ക് ഉള്ളിലേക്ക് നടക്കുന്തോറും പ്രകാശലഭ്യത കുറയും. ഇതനുസരിച്ച് വലിപ്പമുള്ള മെഴുകുതിരികൾ കത്തിച്ച് തുരങ്കത്തിന്റെ ഭിത്തിയിൽ കുത്തി നിർത്തിയാണ് സുരങ്ക നിർമാണം പൂർത്തീകരിക്കുന്നത്. സ്വതന്ത്രമായ തുരങ്കങ്ങൾക്കു പുറമേ, തുറന്ന കിണറുകളിലെ ജലലഭ്യത വർധിപ്പിക്കുന്നതിന് അതിന്റെ ഉൾഭിത്തിയിൽ നിന്ന് വിവിധ വശങ്ങളിലേക്കും സുരങ്കങ്ങൾ നിര്‍മ്മിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്.
കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി തന്റെ പിക്കാക്സുമായി നീരുറവകള്‍ തേടി നടക്കുന്ന കുണ്ടംകുഴിയില്‍ കുഞ്ഞമ്പുവിന്റെ അഭിപ്രായത്തില്‍ സുരങ്കളില്‍ നിന്നും വരുന്ന ജലത്തിന് ഗുണവും രുചിയും കൂടും. ഇതിനോടകം വരള്‍ച്ചയെ തടുക്കാൻ 1000 ത്തിലേറെ സുരങ്കങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. തന്റെ 14ാം വയസ്സില്‍ സുരങ്കങ്ങള്‍ നിര്‍മ്മിക്കാൻ തുടങ്ങിയ യാത്ര ഇന്നും തുടരുകയാണ്. ഭൂമിയിലെ ജലസാന്നിധ്യം നിഷ്‍പ്രയാസം തിരിച്ചറിയാൻ ഇന്നദ്ദേഹത്തിന് കഴിയും. ചില പ്രത്യേക തരം ചെടികളുടെ സാന്നിധ്യവും, ഭൂമിയുടെ കിടപ്പും നോക്കിയാണ് സുരങ്കയുടെ സ്ഥാനം നിര്‍ണയിക്കുക. രണ്ടോ മൂന്നോ പേരാണ് സാധാരണയായി സുരങ്ക നിര്‍മ്മിക്കുക. കുഴിക്കുക, മണ്ണ് വലിക്കുക, നീക്കിയ മണ്ണ് സുരങ്കത്തിന് പുറത്തെത്തിക്കുക എന്നിവയാണ് സുരങ്ക നിര്‍മ്മാണത്തിന്റെ പ്രധാന പടികള്‍. സാഹസികമായ ഈ തൊഴില്‍ ജലം കിട്ടുന്നത് വരെ നീണ്ട് പോകും.
ജില്ലയിലെ സുരങ്കളുടെ പട്ടിക നിര്‍മ്മിച്ച് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനൊരുങ്ങുകയാണ് ഡിടിപിസിയും ബിആർഡിസിയും. ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് സുരങ്കങ്ങളുടെഅകത്തു പ്രവേശിച്ച് നടന്നു കാണുന്നതിനുള്ള സൗകര്യമൊരുക്കാനാണ് ആലോചന. സുരങ്ക നിർമിക്കുന്ന വിദഗ്ധരെ സഞ്ചാരികൾക്ക് ഗൈഡുമാരായി നിയമിച്ച് കാസർകോട് പദ്ധതിയിലൂടെ മികച്ച ടൂറിസം ഉത്പന്നം പരിചയപ്പെടുത്താനൊരുങ്ങുയാണ് കാസർകോട് ബിആർഡിസി മാനേജർ പ്രസാദ് ഭട്ടിന്റെ നേതൃത്വത്തിലുള്ള സംഘം. ജലദൗർലഭ്യം ഉള്ള പ്രദേശങ്ങളിൽ വെള്ളം കണ്ടെത്താനുള്ള ഏറ്റവും മികച്ച പരിഹാരമാർഗമാണ് സുരങ്ക കിണറുകൾ. ഊറ്റിയെടുക്കുന്ന കുഴൽക്കിണറുകളെക്കാൾ മെച്ചപ്പെട്ട സംവിധാനമാണിത്. ടൂറിസത്തിനൊപ്പം തന്നെ ഇവയുടെ ഉപയോഗവും വലിയ തോതില്‍ പ്രാബല്യത്തില്‍ വരുത്തിയാല്‍ ജലക്ഷാമം പരിഹരിക്കാം.

 

നിലയ്‌ക്കാത്ത നീരുറവകള്‍

പല വലിപ്പത്തിലുള്ള സുരങ്കങ്ങള്‍ കാസര്‍കോട് ജില്ലയിലുണ്ട്. മലഞ്ചരിവുകളിലെ നീരുറവകളില്‍ നിന്നും ജലം ഈ പ്രകൃതിദത്ത തുരങ്കങ്ങളിലൂടെ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കും. ഒഴുകിയെത്തുന്ന ജലം വലിയ കുളത്തില്‍ (മടക്കം) ശേഖരിക്കുകയും അവിടെ നിന്ന് പൈപ്പ് വഴി കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും എത്തിക്കുകയും ചെയ്യും. നീരുറവ ഉള്ള സ്ഥലത്ത് കൃത്രിമ തുരങ്കങ്ങളും നിര്‍മ്മിക്കുന്നത് പതിവാണ്. 0.45 മീറ്റർ മുതൽ 0.70 മീറ്റർ വീതിയിലും 1.8 മുതൽ 2 മീറ്റർ ഉയരത്തിലും ഇവ നിർമിക്കും. നൂറു മീറ്റർ ദൂരം വരെയുള്ള സുരങ്കങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
തുരങ്കത്തിന്റെ നീളം കൂടുന്നതിനനുസരിച്ച് അകത്തേക്ക് ശുദ്ധവായു കടക്കുന്നതിനായി മുകൾഭാഗത്ത് ദ്വാരങ്ങളും ഉണ്ടാക്കും. കുന്നിനു മുകളിൽ കാണുന്ന സ്വാഭാവിക വനങ്ങൾ അതേ പടി നിലനിർത്തുന്നതിനാല്‍ ജില്ലയിലെ സുരങ്കങ്ങളിലെ നീരൊഴുക്കിന് കടുത്ത വേനലിലും തടസ്സമുണ്ടാകാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.