15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 11, 2024
November 11, 2024
November 9, 2024
November 7, 2024
November 7, 2024
November 5, 2024
October 30, 2024
October 30, 2024
October 28, 2024

വയനാട് ദുരന്തം; മരണം 350 കടന്നു, കണ്ടെത്താന്‍ 206 പേര്‍

ജോമോൻ ജോസഫ്
കല്പറ്റ
August 3, 2024 11:03 pm

ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 350 കടന്നു. ഇന്ന് നാല് മൃതദേഹങ്ങളാണ് ദുരന്തമേഖലയിൽ നിന്ന് കണ്ടെടുത്തത്. ചാലിയാർ പുഴയിൽ നിന്ന് 12 മൃതദേഹങ്ങളും കണ്ടെടുത്തു. മൂന്ന് മൃതദേഹങ്ങളും ഒമ്പത് ശരീരഭാഗങ്ങളും ഉൾപ്പെടെയാണിത്. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറി. ദുരന്തബാധിത മേഖലയിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം 206 പേരെയാണ് കണ്ടെത്താനുള്ളത്. ചാലിയാറിലെ തിരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കാനാണ് തീരുമാനം. ദുരന്തമേഖലയില്‍ നാളെയും തിരച്ചിൽ തുടരും. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് പരിസരം, സ്കൂൾ റോഡ് എന്നിവിടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇന്ന് പരിശോധന നടത്തിയത്. 

സൈന്യം, എൻഡിആർഎഫ്, സംസ്ഥാന ഏജൻസികൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുള്‍പ്പെട്ട 1264 പേരാണ് ഇന്ന് തിരച്ചിൽ സംഘത്തിലുണ്ടായിരുന്നത്. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ആശ്വാസധനം നൽകുന്നതിന് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നും ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന ദുരന്തനിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. 

തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പ്രത്യേക മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചു. നൂറോളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഉത്തരവിറക്കിയത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മുമ്പായി ഇൻക്വസ്റ്റ് പോസ്റ്റുമോർട്ടം നടപടികൾ ഉണ്ടാവും. ചാലിയാറിൽ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങൾ മിക്കതും തിരിച്ചറിയാൻ പറ്റാത്ത തരത്തിലാണ്. 67 മൃതദേഹങ്ങളാണ് തിരിച്ചറിയാൻ കഴിയാതെ കണ്ടെത്തിയത്. സർവമത പ്രാർത്ഥനയോടെ ഈ മൃതദേഹങ്ങൾ പഞ്ചായത്തുകൾ സംസ്കരിക്കും. ദുരന്തഭൂമിയിൽ നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളും പ്രത്യേകമായി സംസ്കരിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ശരീരഭാഗങ്ങൾ സംസ്കരിക്കാൻ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ഒമ്പതേക്കർ സ്ഥലം കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,586 കുടുംബങ്ങളിലെ 8,908 പേരാണുള്ളത്. 

Eng­lish Sum­ma­ry: Wayanad Tragedy; Death passed 350, 206 peo­ple to be found
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.