19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 13, 2024
September 12, 2024
September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 8, 2024
September 7, 2024

വയനാട് ദുരന്തം; മരണം 340 കടന്നു, ഹ്യൂമന്‍ റെസ്ക്യു റഡാര്‍ വിന്യസിച്ചു

Janayugom Webdesk
കല്പറ്റ/ മേപ്പാടി
August 2, 2024 11:01 pm

ഉരുൾപൊട്ടലിൽ മരണസംഖ്യ മുന്നൂറ് കടന്നു. ഇന്ന് മാത്രം പതിനെട്ടുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. മുണ്ടക്കൈയിൽ ലഭിച്ച റഡാർ സിഗ്നൽ പിന്തുടർന്നുള്ള പരിശോധന രാത്രി അവസാനിപ്പിച്ചു.  ബെയ്‌ലി പാലം പൂർത്തിയായതോടെ ഇന്ന് ആവശ്യത്തിന് ഉപകരണങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തേക്ക് മണ്ണുമാന്തിയന്ത്രങ്ങൾ എത്തിക്കാൻ സൈനികർ റോഡ് സജ്ജമാക്കി. നാളെ ഇവിടേക്ക് കൂടുതൽ യന്ത്രസംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ നടത്തും. ഇന്ന് വൈകുന്നേരത്തോടെ വെളിച്ചസംവിധാനങ്ങൾ ക്രമീകരിച്ചിരുന്നു.

ഇന്ന് പുഞ്ചിരിമട്ടം ഭാഗത്തുനിന്ന് ഒറ്റപ്പെട്ട കെട്ടിടത്തിൽ കുടുങ്ങിയ നാലുപേരെ സൈനികർ കണ്ടെത്തി ബന്ധുവീടുകളിലേക്ക് മാറ്റി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിലെ വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. സൂചിപ്പാറയ്ക്കടുത്ത് കാട്ടിനുള്ളില്‍ ഒറ്റപ്പെട്ടുപോയ ഗോത്രവിഭാഗത്തിലെ മൂന്ന് കുട്ടികളെയും പിതാവിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷപ്പെടുത്തിയിരുന്നു.

ദുരന്തത്തിൽ മരിച്ചവരിൽ അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങളും തിരിച്ചറിയാത്ത ശരീരഭാഗങ്ങളും പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും.
തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 206 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് പ്രദേശവാസികളും ബന്ധുക്കളും വ്യക്തമാക്കുന്നത്.

രക്ഷാപ്രവർത്തനം പുതിയ ഇടങ്ങളിലേക്ക്

മനുഷ്യസാധ്യമായ എല്ലാം ചെയ്ത് ഉരുള്‍ വിഴുങ്ങിയ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചുകൊണ്ടുള്ള തിരച്ചിലാണ് നടന്നത്. മുണ്ടക്കൈയിൽ റഡാർ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സിഗ്നൽ ലഭിച്ചത് പ്രതീക്ഷയേറ്റിയിരുന്നു. തകർന്ന ഒരു വീടിന് സമീപത്ത് നിന്നാണ് റഡാര്‍ സിഗ്നൽ ലഭിച്ചത്. എന്നാല്‍ ഇത് മനുഷ്യജീവനാകാന്‍ സാധ്യതയില്ലെന്ന് രാത്രിയോടെ നിഗമനത്തിലെത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനം. ദുരന്തമേഖലയെ ആറ് സെക്ടറുകളാക്കി വിഭജിച്ചാണ് വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചത്. ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 640 പേരാണ് പങ്കെടുത്തത്.

ദേശീയ ദുരന്ത നിവാരണ സേന, വനം വകുപ്പ് , സിവിൽ ഡിഫന്‍സ് വിഭാഗം, സംസ്ഥാന അഗ്നിരക്ഷാസേന, പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, തമിഴ‌്നാട് ഫയർ ആന്റ് റെസ്ക്യൂ വിഭാഗം, ഡെൽറ്റ സ്ക്വാഡ്, പൊലീസിന്റെ ഇന്ത്യന്‍ റിസർവ് ബറ്റാലിയന്‍ എന്നിവരെയും വിവിധ സെക്ടറുകളിലായി വിന്യസിച്ചു. കേരള പൊലീസിന്റെ കെ9 സ്ക്വാഡിലെയും കരസേനയുടെ കെ9 സ്ക്വാഡിലെയും മൂന്നു വീതം നായകളും ദൗത്യത്തിന്റെ ഭാഗമാണ്.

സംസ്ഥാന ആരോഗ്യവകുപ്പിനും ആര്‍മി മെഡിക്കൽ സർവീസസിനും പുറമെ തമിഴ് നാട് സർക്കാ‍ർ നിയോഗിച്ച ഏഴംഗ സംഘവും സ്ഥലത്തുണ്ട്. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് മേഖലയിലുള്ളത്. രണ്ട് ഹെലികോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നു. ക്രെയിനുകള്‍, കോൺക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ ജീവന്റെ തുടിപ്പറിയാന്‍ സഹായിക്കുന്ന ഹ്യൂമന്‍ റെസ്ക്യു റഡാറും സേനകള്‍ ഉപയോഗിക്കുന്നുണ്ട്. തെര്‍മ്മൽ ഇമേജിങ്, റ‍ഡാര്‍ സാങ്കേതികവിദ്യകളുടെ സമന്വയമായ ഈ ഉപകരണത്തിന് 16 അടി താഴ്ചയിൽ വരെ സിഗ്നലുകള്‍ കണ്ടെത്താനാകും. മണ്ണിൽപ്പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് ഡ്രോൺ അടിസ്ഥാനപ്പെടുത്തിയുള്ള റഡാറും ഉടന്‍ വിന്യസിക്കും. ചാലിയാറും കൈവഴിയും കേന്ദ്രീകരിച്ചുള്ള തിരച്ചിൽ പൊലീസിന്റെയും നീന്തൽ വിദഗ്ധരുടെയും നേതൃത്വത്തിൽ തുടരുകയാണ്.

Eng­lish Summary:Wayanad Tragedy; Death toll cross­es 340, human res­cue radar deployed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.