18 December 2025, Thursday

Related news

December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
December 10, 2025
December 10, 2025
December 6, 2025

വയനാട് ദുരന്തം: കേന്ദ്ര അവഗണനയ്ക്കെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം

ഡിസംബര്‍ അഞ്ചിന് സംസ്ഥാനവ്യാപക പ്രതിഷേധം
രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
November 22, 2024 8:27 pm

വയനാട് ദുരന്തബാധിതരോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ ഡിസംബര്‍ അഞ്ചിന് എല്‍ഡിഎഫ് സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25,000 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. മറ്റ് ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസ് ഉപരോധിക്കും. രാവിലെ 10.30 മുതല്‍ ഒരു മണിവരെയാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ടൗണ്‍ഷിപ്പ് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി സഹായിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച് ദുരന്തം നേരിട്ട് മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ശനം പി ആര്‍ ഇവന്റാക്കി മാറ്റുകയാണ് ഉണ്ടായിരിക്കുന്നത്. കേരളം ഇപ്പോഴും പ്രതീക്ഷിക്കുന്നത് സഹായം ലഭിക്കും എന്ന് തന്നെയാണ്. വയനാടിന് അര്‍ഹമായ സഹായം ലഭിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ജനങ്ങള്‍ക്ക് സഹിക്കാന്‍ കഴിയാത്ത സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. 

കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെങ്കിലും പുനരധിവാസം ഉറപ്പ് വരുത്തുമെന്ന് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ നിലപാടിനെ എല്‍ഡിഎഫ് സ്വാഗതം ചെയ്യുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ഈ വിഷയത്തില്‍ വേണം എന്നുള്ളതാണ് എല്‍ഡിഎഫ് നിലപാട്. പ്രതിപക്ഷമുള്‍പ്പെടെ, സമരത്തോട് സഹകരിക്കുവാന്‍ തയ്യാറാവുന്നവരെ യോജിപ്പിച്ച് നിര്‍ത്തി മുന്നോട്ട് പോകും. ബിജെപി നേതാവ് വി മുരളീധരന്‍ വയനാടിനെക്കുറിച്ച് നടത്തിയ പ്രസ്താവന മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയെ തകര്‍ക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രിത ശ്രമം നടത്തുകയാണ്. ഈ പദ്ധതിയെ സംരക്ഷിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. കേരളത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ ഉപരോധം അവസാനിപ്പിക്കേണ്ടതുണ്ട്. ദ്രോഹിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രനയത്തിനെതിരായി തുടര്‍ച്ചയായി പ്രക്ഷോഭ സമരങ്ങള്‍ നടത്തി മുന്നോട്ട് നീങ്ങുവാനാണ് എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്. 

ഒരു കുടുംബത്തേയും ഒഴിപ്പിക്കാന്‍ പാടില്ല എന്നതാണ് മുനമ്പം വിഷയത്തില്‍ എല്‍ഡിഎഫ് നിലപാട്. എല്ലാ നിയമവശങ്ങളും പരിശോധിച്ച് അവിടുത്തെ കൈവശക്കാരായ ആളുകള്‍ക്ക് സംരക്ഷണം നല്‍കണം. വിഷയത്തില്‍ വര്‍ഗീയമായി നിലപാടെടുക്കുന്നവരെ തിരിച്ചറിയണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.