രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ സ്ത്രീയും പുരുഷനും ഒരുമിച്ച് പങ്കെടുക്കുന്ന സാമൂഹ്യവ്യവസ്ഥിതിയിൽ മാത്രമെ തുല്യപൗരത്വം ഉണ്ടാകുന്നുള്ളൂ എന്ന് എഐഡിഡബ്ല്യുഎ കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘വനിതാ സംവരണ നിയമം’ എന്ന വിഷയത്തിൽ തേക്കിൻകാട് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. സമൂഹത്തിൽ അധികാരി-മുതലാളിത്ത വർഗം സൃഷ്ടിച്ച അസമത്വം നിലനിൽക്കുന്നതിനാലാണ് ഇന്നും സ്ത്രീകൾക്ക് സംവരണത്തിന് വേണ്ടി യാചിക്കേണ്ടി വരുന്നത്.
ഇന്ത്യൻ ഭരണഘടന പ്രകാരം രാജ്യത്തെ എല്ലാ പൗരന്മാരും സമമാണ്. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ അവകാശമാണുള്ളത്. അത് സ്ഥാപിച്ചെടുക്കാൻ വേണ്ടിയാണ് സ്ത്രീകളുൾപ്പടെയുള്ളവർ പോരാടുന്നത്. സംവരണം മാത്രം പോരാ രാഷ്ട്രീയ ഇച്ഛാശക്തിയും ഉത്തരവാദിത്വങ്ങളേറ്റെടുക്കാൻ സമൂഹത്തിന്റെ പിന്തുണയും കൂടി സ്ത്രീകൾക്ക് വേണമെന്ന് കെ കെ ശൈലജ കൂട്ടിച്ചേർത്തു.
വനിതാസംവരണ ബിൽ ഒരു നിമിഷം പോലും വൈകാതെ നിയമമാക്കണമെന്നാണ് എൻഎഫ്ഐഡബ്ല്യൂവിന്റെ ആവശ്യമെന്ന് മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ആർ ലതാദേവി പറഞ്ഞു. കേന്ദ്രം ഭരിക്കുന്നവർ വനിതാ സംവരണ ബിൽ ചർച്ചക്ക് വയ്ക്കാതെയും, കാര്യങ്ങൾ വ്യക്തമാക്കാതെയും രാജ്യത്തെ ഇരുട്ടിൽ നിർത്തുകയാണ്. സിപിഐയിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. അതിന്റെ തെളിവാണ് സംഘടനയിലെ മുകൾത്തട്ടു മുതൽ ഓരോ ഘടകത്തിലും സ്ത്രീകളുടെ പ്രാതിനിധ്യമെന്നും ലതാദേവി കൂട്ടിച്ചേർത്തു.
വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കുന്നതിന് തടസമാകുന്നത് പ്രതിപക്ഷത്തിന്റെ ബഹിഷ്കരണവും നിഷേധാത്മക നിലപാടുകളുമാണെന്ന് മഹിള മോർച്ച സംസ്ഥാന സെക്രട്ടറി നവ്യ ഹരിദാസ് പറഞ്ഞു. പ്രകടനപത്രികയിൽ പറഞ്ഞിരുന്നവയെല്ലാം ഒന്നൊന്നായി കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്നുണ്ടെന്നും ഇന്ത്യൻ പ്രസിഡന്റും കേന്ദ്ര മന്ത്രിമാരിൽ പ്രധാന സ്ഥാനം വഹിക്കുന്ന ധനമന്ത്രി നിർമ്മലാ സീതാരാമനുമെല്ലാം അതിന് തെളിവുകളാണെന്നും അവർ കൂട്ടിച്ചേർത്തു.
മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കെ എ ബീന മോഡറേറ്ററായി. ഷീല വിജയകുമാർ സ്വാഗതവും അജിത വിജയൻ നന്ദിയും പറഞ്ഞു.
English Summary: We need a concerted fight for women’s reservation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.