5 December 2025, Friday

Related news

October 17, 2025
October 15, 2025
October 11, 2025
September 19, 2025
September 4, 2025
September 1, 2025
August 9, 2025
August 2, 2025
July 2, 2025
June 27, 2025

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യണം: മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
October 15, 2025 10:51 pm

കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതി (ഡബ്ല്യുബിസിഐ) കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് കേന്ദ്ര‑സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഇൻഷുറൻസ് കമ്പനികളുമായി കൂടിയാലോചന നടത്തി പദ്ധതി മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. സംസ്ഥാന കാർഷിക വില നിർണയ ബോർഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി — ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

സംസ്ഥാനത്ത് 2023ൽ പിഎംഎഫ്ബിവൈ (പ്രധാനമന്ത്രി ഫസൽ ബീമാ യോജന) പദ്ധതി നിർത്തലാക്കുകയും പൂർണമായും കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതി പ്രോത്സാഹിപ്പിക്കാനും തുടങ്ങി. ഇതുവരെ സംസ്ഥാനത്തെ 3,28,000ത്തോളം കർഷകർക്ക് പദ്ധതി ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന 172 ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെ രേഖപ്പെടുത്തലുകൾ അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് ആനുകൂല്യം കർഷകർക്ക് ലഭ്യമാകുന്നത്. പുതുതായി 148 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും 799 മഴ മാപിനികളും പഞ്ചായത്ത് അടിസ്ഥാനത്തിലും പുതുതായി ആരംഭിക്കുന്നതിലൂടെ പദ്ധതി കൂടുതൽ കൃത്യതയോടെ നടപ്പിലാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. 

എന്നാൽ പദ്ധതിയിൽ കർഷകർക്ക് അംഗങ്ങളാകാൻ ഏകീകൃതമായി നിശ്ചയിക്കുന്ന സമയപരിധി സംസ്ഥാനത്തിന്റെ പ്രത്യേക ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. പ്രാദേശികമായ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ അഗ്രോ എക്കോളജിക്കൽ യൂണിറ്റുകൾ അടിസ്ഥാനമാക്കി കർഷകർക്ക് പദ്ധതിയിൽ അംഗങ്ങൾ ആകാൻ അവസരം നൽകുന്ന തരത്തിൽ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തണം. സംസ്ഥാനത്തെ പദ്ധതിയിൽ ഉൾപ്പെട്ട വിവിധ വിളകൾ കൃഷിയിറക്കുന്നത് അടിസ്ഥാനമാക്കി തയാറാക്കുന്ന ടേം ഷീറ്റ് പുതുക്കി നൽകുന്നതിന് 45 ദിവസത്തെ സമയ പരിധി നൽകി കൃഷി ഉദ്യോഗസ്ഥരെയും കാർഷിക സർവകലാശാല പ്രതിനിധികളെയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും, കാർഷിക വായ്പകൾ നൽകുന്ന സ്ഥാപനങ്ങൾ നിർബന്ധമായും കർഷകരെ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങൾ ആക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

സംസ്ഥാന കാർഷിക വില നിർണയ ബോർഡ് ചെയർമാൻ ഡോ. പി രാജശേഖരൻ സ്വാഗതം പറഞ്ഞു. കാർഷികോല്പാദന കമ്മിഷണർ ഡോ. ബി അശോക്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിലെ കേന്ദ്ര‑സംസ്ഥാന തല ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാല പ്രതിനിധികൾ, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർ തുടങ്ങിയവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.