22 January 2026, Thursday

Related news

December 24, 2025
November 28, 2025
November 4, 2025
October 28, 2025
October 23, 2025
October 5, 2025
September 18, 2025
August 31, 2025
August 24, 2025
August 18, 2025

വി സി നിയമനത്തിൽ സേർച്ച് കമ്മിറ്റി അധ്യക്ഷനായി റിട്ടയേഡ് സുപ്രീംകോടതി ജഡ്ജിയെ നിയമിക്കാനുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; മന്ത്രി ഡോ. ആർ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
August 18, 2025 8:49 pm

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സേർച്ച് കമ്മിറ്റി അധ്യക്ഷനായി റിട്ടയേഡ് സുപ്രീംകോടതി ജഡ്ജിയെ നിയമിക്കാനുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. പാർശ്വവർത്തികളെ നിയമിച്ച് വൈസ് ചാൻസലർ നിയമനം അട്ടിമറിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് തൽക്കാലത്തേക്ക് തടയിട്ടിരിക്കുകയാണ് വിധിയെന്നും ആ നിലക്ക് അത് ആശ്വാസകരമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഉയർന്ന അക്കാദമിക യോഗ്യതകളും അനുഭവസമ്പത്തുമുള്ളവരെ വൈസ് ചാൻസലർ സ്ഥാനങ്ങളിൽ ഇരുത്തുകയെന്ന കീഴ്‌വഴക്കമാണ് ഇടതുപക്ഷ സർക്കാരുകൾ ഇത് വരെ സ്വീകരിച്ചിട്ടുള്ളത്. ഈ കീഴ്‌വഴക്കം മുന്നോട്ടു കൊണ്ടുപോകാനുള്ള അംഗീകാരമായാണ് സുപ്രീം കോടതി നിലപാടിനെ സർക്കാർ കാണുന്നത്. സ്വേച്ഛാനുവർത്തികളെ കസേരകളിലിരുത്തി കലാലയാന്തരീക്ഷം മലീമസമാക്കിയവർക്കുള്ള തിരിച്ചടിയുമാണ് ഇത്. അവരത് ആ നിലയിൽ ഉൾക്കൊള്ളുമോ എന്നത് കാത്തിരുന്നു കാണാനേ നിർവാഹമുള്ളൂ.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ വളർച്ചയും മികവും ആഗ്രഹിക്കുന്ന അക്കാദമിക് — വിദ്യാർത്ഥി സമൂഹത്തിനൊപ്പമാണ് സംസ്ഥാന സർക്കാർ എന്നും നിലകൊണ്ടിട്ടുള്ളത്. കക്ഷിരാഷ്ട്രീയ പരിഗണനകളിൽ വിശാലമായ അക്കാദമിക താല്പര്യം അട്ടിമറിക്കപ്പെടാതിരിക്കാൻ സുപ്രീം കോടതി വിധി പ്രേരണയാകുമെന്നാണ് പ്രതീക്ഷ. 

കേരളത്തിലെ സർവകലാശാലകളെ നയിക്കാൻ അക്കാദമിക മികവോ അഡ്മിനിസ്ട്രേറ്റീവ് കഴിവോ ഇല്ലാത്തവരെ നിയോഗിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. സംസ്ഥാന സർക്കാരിന് വൈസ്ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു അവകാശങ്ങളുമില്ല എന്ന ചാൻസലറുടെ നിലപാട് തിരുത്തിയിരിക്കയാണ് സുപ്രീം കോടതി. പുതിയ പാനൽ തികച്ചും അർഹത ഉള്ള അക്കാദമിക് വിദഗ്ധരും, ഭരണമികവ് ഉള്ളവരും ആയ വൈസ്ചാൻസലർമാരെ തെരഞ്ഞെടുക്കും എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.