
പശ്ചിമ ബംഗാളിൽ നടപ്പിലാക്കിയ അതിതീവ്ര പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തില്‍ പുറത്തായത് 1.21 കോടി വോട്ടർമാര്‍. ഇതില്‍ ഭൂരിഭാഗവും മുസ്ലിം-കുടിയേറ്റ മേഖലകളിൽ നിന്നുള്ളവരാണെന്ന വസ്തുത വലിയ പ്രതിഷേധത്തിലേക്ക് വഴിതുറന്നിരിക്കുകയാണ്. സംസ്ഥാനത്തെ ആകെ വോട്ടർമാരിൽ ആറിലൊരാൾ വീതം പട്ടികയ്ക്ക് പുറത്തായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വോട്ടർ പട്ടിക പരിഷ്കരണം ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് 7.66 കോടി വോട്ടർമാരുണ്ടായിരുന്നു. 2025 ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഇത് 7.08 കോടിയായി കുറഞ്ഞു. ഫെബ്രുവരി 28ന് വന്ന അന്തിമ പട്ടികയിൽ വോട്ടർമാരുടെ എണ്ണം വീണ്ടും കുറഞ്ഞ് 7.04 കോടിയിലെത്തി.
ആകെ ഒഴിവാക്കപ്പെട്ടവരിൽ 60.06 ലക്ഷം പേരുടെ വോട്ടവകാശം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യൽ ഓഫിസര്‍മാരുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് ഈ വോട്ടർമാർ. മുസ്ലിം ജനസംഖ്യ 50 ശതമാനത്തിന് മുകളിലുള്ള 41 മണ്ഡലങ്ങളിൽ 5.61 % പേരെ ഒഴിവാക്കി. എന്നാൽ, ഇവിടങ്ങളിൽ 21.41 % പേരുടെ വോട്ടുകൾ ‘തീർപ്പുകല്പിക്കാത്ത’ പട്ടികയിൽ ഉൾപ്പെടുത്തി മാറ്റിവച്ചിരിക്കുകയാണ്. ബിജെപിക്ക് സ്വാധീനം കുറഞ്ഞ ഈ മേഖലകളിലെ 60 ലക്ഷത്തോളം വോട്ടർമാരുടെ വിധി ജുഡീഷ്യൽ ഓഫിസര്‍മാരുടെ കയ്യിലാണ്. ന്യൂനപക്ഷങ്ങൾ 20 ശതമാനത്തിൽ താഴെയുള്ള 160 മണ്ഡലങ്ങളിൽ കേവലം 8.46 % പേരെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. ഇവിടങ്ങളിൽ അന്തിമ തീരുമാനം കാത്തുകിടക്കുന്ന വോട്ടർമാരുടെ എണ്ണവും വളരെ കുറവാണ്.
മത്സരം കടുത്ത മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും എന്നതും ശ്രദ്ധേയം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയ ശതമാനം വളരെ കുറവായിരുന്ന 243 നിയമസഭാ മണ്ഡലങ്ങളിൽ, വിജയത്തേക്കാൾ കൂടുതൽ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ബീഹാറിൽ നേരത്തെ കണ്ടതിന് സമാനമായി മുസ്ലിംകൾ, ദളിതുകൾ, കുടിയേറ്റക്കാർ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കുന്ന പ്രവണത ബംഗാളിലും ആവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ.
പൗരത്വ രേഖകളുടെയും താമസരേഖകളുടെയും പേരിൽ കുടിയേറ്റ മേഖലകളിലെ വോട്ടർമാരെയാണ് എസ്ഐആർ നടപടി ഏറ്റവും കൂടുതൽ ബാധിച്ചത്. നിയമപരമായ പോരാട്ടത്തിലൂടെ മാത്രമേ ഈ വലിയൊരു ജനവിഭാഗത്തിന് വോട്ടവകാശം തിരിച്ചുപിടിക്കാനാകൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. ജുഡീഷ്യൽ ഓഫിസര്‍മാരുടെ തീരുമാനം വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.