15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 18, 2024
September 19, 2024
September 19, 2024
September 18, 2024
September 11, 2024
August 28, 2024
August 23, 2024
July 25, 2024
July 10, 2024

വെസ്റ്റ് നൈല്‍ രോഗബാധ: ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 30, 2022 10:16 am

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വകുപ്പ് വീണ ജോര്‍ജ്ജ്. കാലാവസ്ഥാ വ്യതിയാനം കാരണം പകർച്ച വ്യാധികൾക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനം നേരത്തെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.
വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളത്. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം കൊതുകിന്റെ ഉറവിട നശീകരണത്തിനും പ്രാധാന്യം നൽകണം.
വെള്ളം കെട്ടിനിൽക്കാതെ നോക്കണം. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. തൃശൂർ ജില്ലയിൽ വൈസ്റ്റ് നൈൽ രോഗബാധ സംശയിച്ചപ്പോൾ തന്നെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം രോഗിയുടെ പ്രദേശമായ കണ്ണാറ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. കൊതുകുജന്യ രോഗങ്ങൾക്ക് സാധ്യതയുള്ള പ്രദേശമാണെന്ന് കണ്ടെത്തിയതിനാൽ എല്ലാ ടീം അംഗങ്ങളും രോഗിയുടെ വീട്ടിലും പരിസരത്തും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. വെള്ളാനിക്കര സി.എച്ച്.സി.യിലെ ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ ഫീൽഡ് വർക്ക്, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, പനി സർവേ, പ്രദേശത്ത് ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ എന്നിവ നടത്തുന്നതിന് നിർദേശങ്ങൾ നൽകി. ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി.

എന്താണ് വെസ്റ്റ് നൈൽ?

ക്യൂലക്‌സ് കൊതുക് വഴി പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. ജപ്പാൻ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാൻ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിൽ വൈസ്റ്റ് നൈൽ പനി മുതിർന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാൻ ജ്വരത്തിന് വാക്‌സിൻ ലഭ്യമാണ്. രോഗപ്പകർച്ച ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുകാണ് വെസ്റ്റ് നൈൽ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്. 2019ൽ മലപ്പുറം ജില്ലയിൽ 6 വയസകാരൻ വെസ്റ്റ് നൈൽ ബാധിച്ച് മരണമടഞ്ഞിരുന്നു.

രോഗലക്ഷണങ്ങൾ

തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോൾ മരണം വരെയും സംഭവിക്കാം. എന്നാൽ ജപ്പാൻ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

രോഗപ്രതിരോധവും ചികിത്‌സയും

വൈസ്റ്റ് നൈൽ രോഗത്തിന് ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാൽ പ്രതിരോധമാണ് പ്രധാനം. കൊതുകുകടി എൽക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാർഗം. ശരീരം മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക, കൊതുകുതിരി, കറണ്ടിൽ പ്രവർത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീർണമാക്കും. ആരംഭത്തിൽ തന്നെ ചികിത്സിച്ചാൽ ഭേദമാക്കാവുന്നതാണ്.

Eng­lish Sum­ma­ry: West Nile Out­break: Health Minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.