22 January 2026, Thursday

പശ്ചിമഘട്ട റെയില്‍ പദ്ധതി: അനുമതിയില്ലെന്ന് വന്യജീവി ബോർഡ്

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2023 9:47 pm

പശ്ചിമഘട്ട റെയില്‍ പദ്ധതിയ്ക്കെതിരെ ചുവപ്പ് കൊടിവീശി കേന്ദ്ര സര്‍ക്കാര്‍ സമിതി. മധ്യ കര്‍ണാടകയിലെ ഹുബ്ബള്ളിയെയും സംസ്ഥാനത്തിന്റെ അറബിക്കടല്‍ തീരമായ അങ്കോളയേയും ബന്ധിപ്പിക്കുന്ന പാതയ്ക്കായി റെയിൽവേ സമർപ്പിച്ച ശുപാര്‍ശകള്‍ തള്ളി.
വനങ്ങൾക്കും പ്രദേശത്തെ പരിസ്ഥിതിക്കും വന്യജീവികള്‍ക്കും വൻതോതിൽ നാശമുണ്ടാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദേശീയ വന്യജീവി ബോർഡിന്റെ (എൻബിഡബ്ല്യുഎൽ) ഏഴംഗ സമിതിയുടെ നടപടി. റെയിൽ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള സംയോജിത പദ്ധതി തയ്യാറാക്കുന്നതിനുവേണ്ടി റെയിൽവേ ഉൾപ്പെടെയുള്ള വിവിധ സർക്കാർ തലത്തിലുള്ള ഏജൻസികളുമായി ചേർന്ന് ഒരു ശില്പശാല സംഘടിപ്പിക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

പാരിസ്ഥിതിക ലഘൂകരണ പദ്ധതിയുടെ രൂപകല്പനയിൽ റെയിൽവേ സ്വന്തം ആശങ്കകൾ മാത്രമാണ് പരിഗണിച്ചതെന്ന് കഴിഞ്ഞമാസം നടന്ന യോഗത്തിനു ശേഷം പുറത്തുവിട്ട മിനിറ്റ്സില്‍ എൻബിഡബ്ല്യുഎൽ പറയുന്നു. നിലവിലെ പദ്ധതി നിര്‍ദേശം അംഗീകാരത്തിനായി പരിഗണിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എ ബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1997–98 വര്‍ഷത്തിലാണ് കേന്ദ്രസർക്കാർ ആദ്യമായി 167 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍ തുടക്കം മുതൽ തന്നെ പരിസ്ഥിതി പ്രവർത്തകര്‍ പദ്ധതിയെ എതിര്‍ത്തിരുന്നു.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ മേഖലയാണ് പശ്ചിമഘട്ടം. സംരക്ഷിത മേഖലകളായി വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങൾക്കിടയിലുള്ള കടുവകളുടെ സഞ്ചാരപാതയിലൂടെയാണ് നിർദിഷ്ട റെയിൽവേ ലൈൻ കടന്നുപോകുന്നത്. പശ്ചിമഘട്ടത്തിലൂടെ കടൽത്തീരത്തേക്ക് ഗതാഗതം സാധ്യമാക്കി കർണാടകയുടെ ഉൾപ്രദേശങ്ങളിൽ നിന്ന് ധാതുക്കൾ കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

595.64 ഹെക്‌ടർ വനഭൂമി തരംമാറ്റാൻ നിർദേശമുണ്ടെങ്കിലും പദ്ധതിയുടെ സഞ്ചിത ആഘാതം ഏകദേശം 1,000 ഏക്കർ വനഭൂമിയിലായിരിക്കുമെന്ന് എൻ‌ബി‌ഡബ്ല്യു‌എല്‍ വിലയിരുത്തി. റെയില്‍വേ ചരക്ക് ഗതാഗതം സുഗമമാക്കാന്‍ ഒറ്റ ലൈനിന് പകരം ഇരട്ട‑ലൈൻ റെയിൽവേ ഇടനാഴിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇരട്ടപ്പാത കടുവകളുടെ ആവാസവ്യവസ്ഥയുടെ വലിയ നാശമുണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നു.

Eng­lish Summary;Western Ghats Rail Project: Wildlife Board No Permission
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.