14 January 2026, Wednesday

എന്ത് വിധിയിത് ? വല്ലാത്ത ചതിയിത്…

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
July 20, 2025 9:31 pm

ഇന്ത്യൻ ഫുട്ബോളിൽ ഒരു നവചൈതന്യവും അന്താരാഷ്ട്ര ടച്ചും ചേർന്നു വന്ന ഒരു വലിയ മത്സര പരമ്പരയായിരുന്നു ഐഎസ്­എൽ. ദൃശ്യമാധ്യമങ്ങളുടെ വരവോടെ ഫുട്‌ബോൾ പ്രേമികൾ വിദേശതാരങ്ങളുടെ കളിവൈദഗ്ദ്യവും അസാധാരണ വേഗതയിലുള്ള കളിയും ഡ്രിബ്ലിങ്ങും കളിയഴകും കണ്ടപ്പോൾ നമ്മുടെ നാട്ടിലുള്ള കളികളിൽ നിന്നും അകന്നു പോയിരുന്നു. അങ്ങനെയുള്ള ആയിരങ്ങളെ മൈതാനങ്ങളിൽ തിരിച്ചു കൊണ്ടുവരുവാൻ ഐഎസ്എൽ മത്സരങ്ങൾക്ക് കഴിഞ്ഞിരുന്നു. കേരളത്തിൽ നമുക്ക് അത് നേരനുഭവമാണ്. കൊച്ചു കൊച്ചു മൈതാനങ്ങളിൽ സെവൻസ് കാണുവാൻ ആയിരങ്ങൾ വരുന്നു. വലിയ ടൂർണമെന്റുകൾ കാണുവാൻ ആൾക്കൂട്ടമില്ല. കേരളത്തിലെ പ്രധാന അഖിലേന്ത്യാ ടൂർണമെന്റുകൾ എല്ലാം നിശ്ചലമായി. കോട്ടയം മാമ്മൻ മാപ്പിള, ഏറണാകുളം നെഹ്‌റു, തൃശൂർ ചാക്കോള, കോഴിക്കോട് സേട്ട് നാഗ്ജി, കണ്ണൂർ ശ്രീനാരായണ ഇങ്ങനെ ഇന്ത്യയിലെ വലിയ വലിയ കളിക്കാർ മത്സരിച്ച ടൂർണമെന്റുകൾ നിശ്ചലമായത് നമ്മുടെ മനസ്സിലുണ്ട്. അതിൽ നിന്നുള്ള പ്രകടമായ മാറ്റമാണ് ഐഎസ്എൽ എന്ന ആശയം. പ്രൊഫഷണൽ ഫുട്‌ബോളിന്റെ ടച്ചും, അന്താരാഷ്ട്ര കളിക്കാരുടെ പങ്കാളിത്തവും ചേർന്ന സംയുക്ത സംരംഭത്തിന് ആകർഷണീയത കൈവന്നു. കേരളീയരുടെ മനസിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരാവേശമായി. ഇന്ത്യൻ ക്രിക്കറ്റിലെ രാജകിരീടധാരിയായ സച്ചിൻ ടെണ്ടുൽക്കർ ചേർന്ന ഒരു ഫ്രാഞ്ചൈസിയും നാടിന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു. കൊച്ചി ഫുട്‌ബോൾ പ്രേമികളുടെ തീർത്ഥാടന കേന്ദ്രം പോലെയായി. അതിന്റെ പ്രത്യേകത വിദേശതാരങ്ങളും സ്വദേശതാരങ്ങളും ഒന്നിച്ചു വന്നപ്പോൾ നമ്മുടെ കളിക്കാരുടെ കളിയിലും വിദേശ ടച്ചുണ്ടായി. ഇതേത്തുടർന്നാണ് കേരളത്തിൽ തനത് മത്സരങ്ങൾക്ക് വഴിയൊരുക്കിയത്. 

ആറുടീമുകൾ പങ്കെടുക്കുന്ന സൂപ്പര്‍ ലീഗ് കേരള നിലവിൽ വന്നു. ആദ്യ മത്സരത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ജനങ്ങൾ കളി കാണുന്നതിന് മൈതാനങ്ങളിൽ തിരിച്ചെത്താൻ തുടങ്ങി. തിരുവനന്തപുരത്തും, കോഴിക്കോടും കണ്ണൂരും മഞ്ചേരിയും തൃശൂരും എല്ലാം ജനങ്ങൾ മൈതാനങ്ങളിൽ എത്തുന്നു എന്ന ശുഭോദർക്കമായ അനുഭവം നമ്മുടെ മുമ്പിലുണ്ട്. ഇത്രയും സൂചിപ്പിക്കുന്നതിന് ഒരു കാരണമുണ്ട്. ഈ വർഷം ഐഎസ്എൽ നടക്കുമോയെന്ന് ഇനിയും നിശ്ചയമില്ല. ഓൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷൻ തമ്മിൽത്തല്ലുമായി കോടതിയിൽ നിൽക്കുമ്പോൾ അവർക്ക് ഈ കാര്യത്തിന് നേരമില്ല. കഴിഞ്ഞ ദിവസം നമ്മുടെ പ്രതീക്ഷ പുലർത്തിയ ഇന്ത്യൻ താരം സുനിൽ ഛേത്രി മനസ് തുറന്നത് ഫുട്‌ബോൾ പ്രേമികളെ വേദനിപ്പിക്കും. അദ്ദേഹം പറഞ്ഞു ”ഇന്ത്യൻ ഫുട്ബോളിന്റെ അവസ്ഥ കാണുമ്പോൾ ഭയവും വേദനയും ഒരുപോലെ തോന്നുകയാണ്. ഇതുവരെ ഇങ്ങനെയൊരു അനിശ്ചിതത്വം അഭിമുഖീകരിച്ചിട്ടില്ല. ആശങ്ക അറിയിച്ചു നിരവധി അന്വേഷണങ്ങളാണ് വരുന്നത്. ഐഎസ്എല്ലുമായി ബന്ധപ്പെട്ട എല്ലാവരും അരക്ഷിതാവസ്ഥയിലാണ്.” 2019ലാണ് ഐഎസ്എൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ലീഗ് മത്സരമായി കാണുന്നത്. വിദേശകളിക്കാർക്കും ഇന്ത്യൻ കളിക്കാർക്കും ഒരുപോലെ താല്പര്യം ജനിപ്പിച്ചു. ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും കൂടുതൽ ഫാൻസിനെ നേടിയെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. കേരളീയരായ കളിക്കാർക്ക് മറ്റ് ടീമുകളിലും ഇന്ത്യൻ ടീമിലും നന്നായി പ്രകടനം നടത്താന്‍ അവസരമുണ്ടായി. വിദേശകോച്ചുകളുടെ പരിശീലനപാടവം നമുക്കും ലഭ്യമായി. 

ഇത്തവണത്തെ എഐഎഫ്എഫിന്റെ കളിയുടെ കലണ്ടറിൽ ഐഎസ്എൽ ഇല്ലായിരുന്നു. അന്നേ ഫുട്‌ബോൾ രംഗത്ത് വലിയ ചർച്ചയായിരുന്നു. പക്ഷെ നേതൃത്വം മിണ്ടാതിരുന്നു. വിദേശ കളിക്കാർ മിക്കവരും തിരിച്ചു പോയി. സ്വദേശകളിക്കാർ ആശങ്കയിലാണ്. അനിശ്ചിതത്വം എന്ന് അവസാനിക്കുമെന്ന് നിശ്ചയമില്ല. ഇത്രയും നിരുത്തരവാദപരമായ നേതൃത്വം ഒരിക്കലും എഐഎഫ്എഫിന് ഉണ്ടായിട്ടില്ല. അവർക്ക് സ്വന്തം താല്പര്യം മാത്രമാണ്. 

അതിനിടയിൽ ഐ ലീഗ് ചാമ്പ്യൻസ് തർക്ക പ്രശ്നമായി മാറിയിരുന്നു. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ചർച്ചിൽ ബ്രദേഴ്‌സ് ഗോവയാണെന്നാണ് പ്രഖ്യാപനം. ഇതിനെതിരെ ഇന്റർ കാശി അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയെ സമീപിച്ചു. കോടതി വിധി ഇന്റർ കാശിക്ക് അനുകൂലമായിട്ടാണ്. ഒരു പോയിന്റ് വ്യത്യാസം വന്നത് ഒരു മത്സരവിധിയുടെ അടിസ്ഥാനത്തിൽ ആണ്. ഒടുവിൽ വീഡിയോ പരിശോധനയിൽ കാശി ജയിച്ചതായി കണ്ടെത്തി. കാശിക്ക് പോയിന്റും എതിരാളികൾക്ക് പിഴയും വിധിച്ചു. ഫുട്‌ബോൾ ആധിപത്യം സ്വന്തമാക്കി വച്ചു മറ്റു ടീമുകളെ നിസാരമാക്കുന്ന ബംഗാൾ, ഗോവ ലോബിക്ക് വലിയ തിരിച്ചടിയാണിത്. ഇന്ത്യൻ ഫു­ട്ബോളിൽ പഴയകാലത്തിൽ നിന്നും വ്യത്യസ്തമായി ഒരു വലിയ വിഭാഗം യുവാക്കൾ നോർത്ത്, ഈസ്റ്റ് മേഖലയിൽ നിന്നും വളർന്നു വരുന്നുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുവാനും വളർത്തിയെടുത്ത് രാജ്യത്തിന്റെ അഭിമാനമാക്കി മാറ്റുവാനുമുള്ള പരിശ്രമം നടത്താൻ ബാധ്യതയുള്ള എഐഎഫ്എഫ് ശാന്തതയിലാണ്. രാജ്യത്തിന് ഒരു കായിക വകുപ്പും ഒരു മന്ത്രിയുമുണ്ട്. അവർക്ക് സ്വന്തം കാര്യം മാത്രം. ഫുട്‌ബോൾ എന്ന ഗെയിമിനെക്കുറിച്ച് ചിന്തിക്കാൻപോലും ആർക്കും നേരമില്ല. റാങ്കിൽ നമ്മൾ 133ൽ നിൽക്കുമ്പോഴും നാഥനില്ലാ കളരിയായി നിൽക്കുകയാണ് ഫുട്‌ബോൾ അസോസിയേഷനും കേന്ദ്ര കായിക വകുപ്പും.

കേരളത്തിൽ കെഎസ്എൽ നന്നായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഫുട്‌ബോൾ ഏറ്റവും കൂടുതൽ ആവേശത്തോടെ സ്വീകരിക്കുന്ന നാട്ടിൽ ഫുട്‌ബോളിന്റെ വളർച്ചയ്ക്കുള്ള കഠിനമായ പരിശ്രമങ്ങൾ നടക്കുന്നത് ചാരിതാർത്ഥ്യം നൽകുന്നു. അക്കാര്യത്തിൽ അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുവാൻ കേരള സർക്കാരും നന്നായി മുന്നോട്ടു വരുന്നുണ്ട്. ഇപ്പോൾ കോളജ് തലത്തിൽ മത്സരങ്ങൾ നടത്താനുള്ള തീരുമാനം ഏറെ ഫലം ചെയ്യും. വർഷങ്ങൾക്ക് മുമ്പ് യൂണിവേഴ്സിറ്റികളും കോളജുകളും ആവേശപൂർവം മത്സരിച്ചു മികച്ച കളിക്കാരെ നാടിന് നൽകിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.