23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026

‘ജാനകി എന്ന പേരിനെന്താണ് കുഴപ്പം? സെന്‍സര്‍ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
June 30, 2025 4:10 pm

ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ കഥാപാത്രത്തിന് ജാനകിയെന്ന പേര് നല്‍കിയതിന് അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഹൈക്കോടതി. സിനിമയുടെ പേര് വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
ജാനകി എന്ന് പേരിടുന്നതില്‍ തടസമെന്തെന്ന് കൃത്യമായ ഉത്തരം വേണം. ആരുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തുന്നതെന്ന് മറുപടി നല്‍കണം. എന്ത് പേരിടണമെന്ന് സെന്‍സര്‍ ബോര്‍ഡാണോ സംവിധായകനോട് നിര്‍ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. അതേസമയം ഹര്‍ജി ബുധനാഴ്ച പരിഗണിക്കുമ്പോള്‍ എല്ലാത്തിനും വ്യക്തമായ മറുപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇതില്‍ ജാനകി എന്ന പേര് വന്നതുകൊണ്ട് ഏത് മതത്തെ, ഏത് വിഭാഗത്തെയാണ് അത് വേദനിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. രാജ്യത്ത് 80 ശതമാനം ആളുകള്‍ക്കും ഏതെങ്കിലും മതപരമായ പേരുകളാണുള്ളത്. രാമനെന്ന് പേരുള്ളവരുണ്ട്. കൃഷ്ണനെന്ന് പേരുള്ളവരുണ്ട്. മുഹമ്മദ് എന്ന് പേരുള്ളവരുണ്ട്. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് കലാകാരന്‍മാരോട് കല്‍പ്പിക്കുകയാണോ. പേരിടുന്നത് കലാകാരന്‍മാരല്ലെയെന്ന് കോടതി ചോദിച്ചു. 

എന്നാല്‍ പേര് ചിലരെ മതപരമായി വേദനിപ്പിക്കുന്നതാണെന്ന് സെന്‍സര്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയില്‍ പറഞ്ഞു. എന്നാല്‍ മതപരമായി ഈ പേര് എങ്ങനെയാണ് വേദനിപ്പിക്കുന്നതെന്ന കാര്യത്തില്‍ കൃത്യമായി മറുപടി പറയണമെന്നും ഹൈക്കോടതി പറഞ്ഞു. നിര്‍മാതാക്കള്‍ക്ക് എന്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. തുടര്‍ന്ന് പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കേണ്ടെന്ന റിവൈസിംഗ് കമ്മിറ്റി തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മറ്റൊരു വിശദീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.