5 December 2025, Friday

കോർപറേറ്റുകൾക്ക് തീരം തീറെഴുതുമ്പോൾ

ഡോ. സായി ഡി എസ്
June 1, 2025 4:30 am

പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറുന്നുവെന്ന് പറഞ്ഞ അമേരിക്കയ്ക്ക്, പ്രകൃതി ചൂഷണത്തിന്റെ പ്രതിഫലം കാട്ടുതീ രൂപത്തിൽ താണ്ഡവമാടിയപ്പോൾ നഷ്ടമായത് 30ൽപരം ജീവനുകളും, 18,000ത്തോളം വീടുകളും. രണ്ട് ലക്ഷത്തില്പരം ജനങ്ങൾ അവിടെ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു. 57,000 ഏക്കർ കരഭൂമിയിലെ സസ്യ ജന്തുജാലങ്ങൾ കത്തിയെരിഞ്ഞത് നോക്കി നിൽക്കാനേ അമേരിക്കൻ ഭരണകൂടത്തിനായുള്ളു. ലോകത്താകമാനം 1990കളില്‍ 250 ദശലക്ഷം‍ ഹെക്ടർ വനഭൂമി ഉണ്ടായിരുന്നത് നിലവിൽ 100 ദശലക്ഷം ഹെക്ടറായി ചുരുങ്ങി. 87 ലക്ഷം ജീവിവർഗങ്ങളിൽ 10 ലക്ഷം എണ്ണം വംശനാശഭീഷണി നേരിടുന്നു. വനനശീകരണവും, ഏകവിള സമ്പ്രദായം (റബ്ബർ) നടപ്പിലാക്കിയതും മൂലം നിപ പോലെ പുതിയ രോഗങ്ങൾക്ക് നാം ഇരയാക്കപ്പെടുന്നു.
ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യത്തിന്റെ കോടിക്കണക്കിന് ഹെക്ടർ വനഭൂമി കൊള്ളയടിച്ചതിന്റെ ബാക്കി വികസനത്തിന്റെ പേരിൽ മാറിമാറി വന്ന ഭരണകൂടം നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതിനെതിരെ പ്രക്ഷോഭങ്ങൾ നടക്കുന്ന വേളയിലാണ് ‘ബ്ലൂ ഇക്കോണമി’ എന്നൊരു സാമ്പത്തിക ചൂഷണശാസ്ത്രം 1994ൽ ഗുണ്ടർ പോളി എന്ന ബെൽജിയം ശാസ്ത്രജ്ഞൻ മുന്നോട്ടുവയ്ക്കുന്നത്. ഭൂമിയുടെ 70 ശതമാനത്തിലധികം കടലായതിനാൽ ധാതുക്കളും, മറ്റ് നിർമ്മാണത്തിനാവശ്യമായ മണലും ഇനി കടലിൽ നിന്ന് സംഭരിക്കുക എന്ന സാമ്പത്തിക തത്വമാണിത്. പ്രത്യക്ഷത്തിൽ കാട് നശിപ്പിക്കുന്നു എന്ന പേരുദോഷമില്ലാതെ ഇത് നടപ്പിലാക്കാന്‍ സാധിക്കും.
ജിഡിപി രണ്ടക്കത്തിൽ എത്തിക്കണമെങ്കിൽ നമ്മുടെ കരയിലെ വിഭവങ്ങളെ മാത്രം ചൂഷണം ചെയ്താൽ മതിയാകില്ല എന്ന തിരിച്ചറിവിൽ, ഗുജറാത്ത് വംശഹത്യ സമയത്ത് മോഡിയെ നിരുപാധികം പിന്തുണച്ച അഡാനിമാരുൾപ്പെടുന്ന കോർപറേറ്റുകൾക്ക് ഇന്ത്യയുടെ ‘ബ്ലൂ ഇക്കോണമി’ (നീല സമ്പദ്‌വ്യവസ്ഥ) തീറെഴുതുകയാണ് കേന്ദ്രസർക്കാർ. സ്വന്തം ജനതയെ ആദ്യമേ കുടിയൊഴിപ്പിക്കാതെ, അവരുടെ കരഭൂമി തട്ടിയെടുക്കുന്ന പ്രത്യക്ഷ കാഴ്ചകൾ ഒരുക്കാതെ, കൊള്ളയടിക്കാൻ പറ്റിയ അക്ഷയപാത്രം സമുദ്രത്തിന്റെ അടിത്തട്ടാണ്.
10 ലക്ഷം ജീവിവർഗങ്ങളെ വഹിക്കുന്ന, നമ്മുടെ ജീവന്റെ നിലനില്പിന് തന്നെ ആധാരമായ ആഹാരശൃംഖലയുടെ ഇണമുറിയാ കണ്ണിയാണ് സമുദ്രങ്ങളും അതിന്റെ ആവാസവ്യവസ്ഥയും. ഭൂമിയിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഓക്സിജന്റെ 50 ശതമാനം ലഭിക്കുന്നത് കടലിലെ സസ്യസമ്പത്തിൽ നിന്നാണ്. ഹരിതഗൃഹവാതകമായ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും സമുദ്രജലത്തിനാവും. ആഗോളതാപനം അനിയന്ത്രിതമാവുന്ന ഈ വേളയിൽ അമിതമായി കാര്‍ബണ്‍‍ഡെെഓക്സെെഡ് ഈ സമുദ്രത്തിലലിയുന്നതുമൂലം സമുദ്രത്തിന്റെ ആസിഡ് സൂചിക ഉയരുന്ന വേളയെ യുഎന്‍ഇപി (യുണൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം) സമുദ്രാടിയന്തരാവസ്ഥയായി കണക്കാക്കുന്നു.
ഈ പ്രതിസന്ധിഘട്ടത്തെ കണക്കിലെടുക്കാത്ത ഭരണകൂടം കോവിഡ് മഹാമാരി കാരണം പാർലമെന്റ് കൂടാതിരുന്നപ്പോൾ അതിന്റെ പുകമറയിൽ ജനാധിപത്യവിരുദ്ധമായി നടപ്പിലാക്കിയ, (2023ൽ ഭേദഗതി വരുത്തിയ) ധാതുസമ്പത്തുകളുടെ വികസനവും നിയന്ത്രണവും എന്ന നിയമം മൂലം കോര്‍പറേറ്റുകൾക്ക് നമ്മുടെ രാജ്യത്തിന്റെ 8,118 കിലോമീറ്റര്‍ വരുന്ന തീരം തീറെഴുതി.
ഇന്ത്യയിൽ കോടിക്കണക്കിന് ജനത നേരിട്ടും അല്ലാതെയും കടലിനെ ആശ്രയിച്ച് ജീവി ക്കുന്നു. കേരളത്തിൽ ഇത് 10 ലക്ഷത്തോളം വരും. രാജ്യത്ത് 17 കോടിയിൽപരം ജനങ്ങൾ ജീവിക്കുന്നതും തീരങ്ങളിലാണ്. വർഷം 53 ലക്ഷം ടൺ മത്സ്യസമ്പത്ത് ശേഖരിക്കുന്നതിലൂടെ 70,000 കോടിക്കടുത്ത് മൂല്യമാണ് രാജ്യത്തിന് ഈ മേഖല സംഭാവന ചെയ്യുന്നത്. അതിന്റെ 13 ശതമാനം (9,000 കോടിയോളം) കേരളത്തിന്റേതാണ്. ബ്ലൂ ഇക്കോണമി പ്രകാരം സമുദ്ര ധാതുസമ്പത്ത് മത്സ്യസമ്പത്തിനെക്കാൾ ല­ക്ഷക്കണക്കിന് കോടി ലാഭം ഓരോ വർഷവും നേടിത്തരുമെന്ന ലാഭക്കൊതിയാണ് ഈ മേഖലയുടെ തീറെഴുത്തിന് കാരണം.
ഇനി കുടിവെള്ളം കഴിഞ്ഞാൽ ഏറ്റവും അത്യാവശ്യം വേണ്ടുന്ന ദ്രവ്യമാണ് മണൽ അഥവാ സിലിക്കൺ ധാതു. ഐടി മേഖലയുമായി ബന്ധമുള്ള ധാതുവായ സിലിക്കൺ മണലിൽ നിന്നാണ് വേർതിരിച്ചെടുക്കുക. കൂടാതെ നിർമ്മാണത്തിനുള്ള ഗുണമേന്മയുള്ള മണലും ഇന്ന് കിട്ടാക്കനിയാണ്. ലിഥിയം (ബാറ്ററി), കോപ്പർ, അലുമിനിയം, സിങ്ക്, മാംഗനീസ്, ചുണ്ണാമ്പ് കല്ല്, കരിമണൽ തുടങ്ങിയ അനേകം ധാതുക്കൾ സമുദ്രാടിത്തട്ടിൽ നിന്ന് നിശബ്ദം കൊള്ളയടിക്കുകയാണ് ലക്ഷ്യം.
12 നോട്ടിക്കൽ മൈൽ (22 കിലോ മീറ്റര്‍) സംസ്ഥാന നിയന്ത്രണത്തിലുള്ള മേഖല പുതിയ കേന്ദ്രനിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയിൽ വരും. കൂടിയാലോചന കൂടാതെ സംസ്ഥാന അധികാരം കവർന്നെടുത്ത് ഫെഡറലിസത്തെ തകർക്കുന്നതും ജനാധിപത്യവിരുദ്ധവും ഏകാധിപത്യവുമായ ഈ നിയമം മാത്രം മതി നമ്മുടെ തീരത്തെ ധാതുസമ്പത്ത് കടത്തിക്കൊണ്ടുപോകാൻ. 2022 വരെ പൊതുമേഖലയിൽ മാത്രം ഖനനം അനുവദിച്ചിരുന്ന സ്ഥലത്ത് ഒഎഎംഡിആര്‍-2013 ഭേദഗതിയിലൂടെ ഈസി ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്റെ ഭാഗമായി കടലും അതിന്റെ അടിത്തട്ടും, ധാതുക്കളും, മണലും എല്ലാം കോർപറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള കാലാവധി നിശ്ചിത കാലയളവിൽ നിജപ്പെടുത്താതെ 50 വർഷം വരെ കൈവശംവയ്ക്കാൻ അധികാരം നൽകുന്നു. കരാറെടുത്ത കമ്പനിക്ക് ഇഷ്ടമുള്ള ഏജൻസിയെക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തി റിപ്പോർട്ട് സംഘടിപ്പിക്കാം. കുറുക്കനെ കോഴിക്കൂടിന്റെ താക്കോൽ ഏല്പിക്കും പോലെ.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) സർവേ പ്രകാരം 700 മില്യൺ ടൺ മണൽ കേരളതീരത്ത് മാത്രമുണ്ട്. 79 ദശലക്ഷം ടൺ ധാതുസമ്പത്തും. ഇത് കൊള്ളയടിക്കാൻ ആദ്യഘട്ടത്തിൽ ആലപ്പുഴ, കൊല്ലം, പൊന്നാനി, ചാവക്കാട് തീരം തു‌റന്നുകൊടുക്കും. രണ്ടാം ഘട്ടം മറ്റ് തീരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇന്ത്യയുടെ തെക്ക് ഏറ്റവും കൂടുതൽ മത്സ്യബന്ധനവും കയറ്റുമതിയും നടക്കുന്ന തീരമാണ് കൊല്ലം. കണവ, കൊഞ്ച് മറ്റ് തദ്ദേശീയമായ മത്സ്യങ്ങളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനമാണ് കൊല്ലത്തിന്. കടലിനടിയിൽ കട്ടിയുള്ള കൽത്തിട്ട പാകിയ പോലുള്ള ജൈവവൈവിധ്യത്താൽ സമ്പുഷ്ടമായ കൊല്ലം പരപ്പ്, തിരണ്ടി, പാര, ചെമ്മീൻ, നീരാളി, കണവ എന്നീ മത്സ്യങ്ങളുടെ അക്ഷയഖനിയാണ്. തീരദേശ മത്സ്യങ്ങളുടെ ഊട്ടുപുരയാണ് ഇത്തരം പരപ്പുകൾ. ഇവ നശിപ്പിച്ച് മാത്രമേ ഖനനം സാധ്യമാകൂ. ചെറുതും വലുതുമായ 665ഓളം വരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ അതിജീവനത്തെ ഇത് ബാധിക്കും.
ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്ന പവിഴപ്പുറ്റുകളുടെ സാന്നിധ്യമുള്ള കൊല്ലം പരപ്പ്, ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആഹാരകേന്ദ്രവും പ്രജനനകേന്ദ്രവുമാണ് ഭാവിയിൽ തകർന്നടിയാൻ പോകുന്നത്. 2004 സുനാമിയുടെ ശക്തി കുറയ്ക്കാൻ കൊല്ലം പരപ്പിന് സാധിച്ചിട്ടുണ്ട്. ഖനനംമൂലം ഇതിനെ തകർത്താല്‍ സുനാമി പോലുള്ള പ്രകൃതിക്ഷോഭത്തിന്റെ ആഘാതം പ്രവചനാതീതം.
കടൽമണലായാലും ധാതുക്കളായാലും അതിന്റെ ലവണാംശം കഴുകിക്കളയാൻ ശുദ്ധജലം അത്യാവശ്യമാണ്. ഇതിനുവേണ്ടി കോടിക്കണക്കിന് ലിറ്റർ ഇന്ധന ജലം കോർപറേറ്റുകൾ ശേഖരിച്ചാൽ ശുദ്ധജലക്ഷാമത്തിലേക്കും അതിന്റെ വിലക്കയറ്റത്തിലേക്കും സാധാരണ ജനങ്ങളെ തള്ളിയിടും. മണൽ ശുദ്ധീകരിക്കുന്നതിലൂടെ ഇളകി വേർതിരിയുന്ന ചെളി വീണ്ടും കടലിൽ തന്നെ നിക്ഷേപിക്കുമ്പോൾ വെള്ളത്തിന്റെ കലക്കം (ടിഎസ്എസ്) കൂടി, സൂര്യപ്രകാശം അടിത്തട്ടിലേക്ക് കടക്കാൻ കഴിയാതെ മത്സ്യങ്ങളുടെ ആഹാര ശൃംഖലയിലെ പ്ലവങ്ങൾ നശിക്കും. അത് കടലിന്റെ ആവാസവ്യവസ്ഥയെ ഉന്മൂലനം ചെയ്യും.
ഖനനം സ്വാഭാവികമായ കടലിന്റെ ഒഴുക്കിനെ തടസപ്പെടുത്തി, തിരമാലകളുടെ ഗതിമാറി കരയെ കവർന്നെടുക്കും. കഴിഞ്ഞ 46 വർഷമായുള്ള കണക്ക് പ്രകാരം ഇപ്പോൾ തന്നെ 60 ശതമാനം കേരളതീരം കടലെടുത്ത് കഴിഞ്ഞു. കടലിന്റെ ആവാസവ്യവസ്ഥ തകിടം മറിഞ്ഞ്, അമോണിയ, ഫോസ്‌ഫറസ് ഘടകങ്ങൾ കൂടി പുതിയതരം വിഷ ആൽഗകൾകൊണ്ട് കടൽ നിറയും. ഇവ പുറപ്പെടുവിക്കുന്ന വിഷം കടലിൽ അതിജീവിക്കുന്ന ജീവികളിലൂടെ നമ്മുടെ ജീവനും മറ്റ് ജന്തുജാലങ്ങൾക്കും ഭീഷണി ഉയർത്തും. തീരത്ത് പ്രജനനം നടത്തുന്ന ആമകൾ കൂട്ടത്തോടെ ഇല്ലാതാകും.
2007ൽ കടൽ ഖനനം നടപ്പിലാക്കിയ മലേഷ്യയിലും ഇന്തോനേഷ്യയിലുമെല്ലാം സാധാരണ ജനങ്ങൾ അനുഭവിച്ച ദുരന്തം ജനകീയ പ്രക്ഷോഭമായി മാറി. 2023ൽ അവിടെ ഖനനം നിർത്തിവയ്ക്കാൻ നിർബന്ധിതമായിടത്താണ് കേന്ദ്രത്തിന്റെ ഈ ഖനന പുറപ്പാട്. ദാരിദ്ര്യരേഖയ്ക്ക് കീഴെ കഴിയുന്ന നമ്മുടെ തീരദേശവാസികൾ ഉൾപ്പെടുന്ന കോടിക്കണക്കിന് ജനങ്ങൾ വിലകുറഞ്ഞ ഭക്ഷണത്തിനായി ആശ്രയിക്കുന്നതും നമ്മുടെ തീരത്തെയാണ്. മാംസ്യം, അയഡിൻ, അപൂരിത കൊഴുപ്പ് കൂടാതെ മറ്റനേകം പോഷകധാതുക്കൾ, വിറ്റാമിൻ തുടങ്ങിയവയുടെ കലവറയാണ് മത്സ്യസമ്പത്ത്. തദ്ദേശീയമായ മത്സ്യലഭ്യതയിലെ കുറവ് പോഷകാഹാര ദൗർലഭ്യത്തിൽ കലാശിക്കും.
നമ്മുടെ പ്രകൃതി വിഭവങ്ങൾ വരുംതലമുറകൾക്ക് അതിജീവനത്തിന് വേണ്ടിയുള്ള നീക്കിയിരിപ്പാണെന്ന യാഥാർത്ഥ്യം മറന്ന്, വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളുടെ തൊഴിലും തീരവും പോഷകാഹാരവും കവർന്നെടുത്ത് വികസനത്തിന്റെ പേരിൽ അഭയാർത്ഥികളാക്കാൻ ഒരുമ്പെട്ട കേന്ദ്രസർക്കാർ, യുദ്ധസമാന ഭീകരതയാണ് കരാറിലൂടെ നടപ്പിലാക്കാൻ പോകുന്നത്. 

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.