4 May 2024, Saturday

ഓർമ്മകൾ ഓല മെടയുമ്പോൾ…

റെജി മലയാലപ്പുഴ
തേന്‍മൊഴി മലയാളം
December 6, 2021 7:10 am

ലപ്പുരകൾ കേരളീയ ഗ്രാമങ്ങളുടെ സൗന്ദര്യമായിരുന്നു. എന്നാലിന്ന് ഓലപ്പുരകൾ അറിയാമോ എന്ന് കൂട്ടുകാരോട് ചോദിച്ചാൽ തമാശ് ആകുമല്ലേ? കാരണം ഇന്ന് നിങ്ങൾ വാർത്ത വീടുകൾക്കുള്ളിലെ ശീതീകരിച്ച മുറിയിലാണല്ലോ താമസം. എന്നാൽ വീടുകൾ എന്ന സങ്കല്പത്തിന്റെ പ്രാഥമിക രൂപമാണ് ഓലപ്പുര.

തെങ്ങോലയും, പുല്ലുമൊക്കെയാണ് പുര മേയാൻ ഉപയോഗിച്ചിരുന്നത്. മേയുക, മെടയുക എന്ന പദങ്ങളൊക്കെ ഈ കാലത്ത് ഓലപ്പുരകൾ പോലെ ചോർന്നൊലിച്ചു പോയി.. ഓലമേഞ്ഞ വീടുകളുടെ ഉൾഭാഗത്തെ തറയെല്ലാം ചാണകം മെഴുകി അലങ്കരിച്ചിരുന്നു. അര ഭിത്തികളും ചാണകം പൂശിയിരുന്നു.

ഇന്നത്തെ കൊടും ചൂടിൽ വെന്തുരുകുമ്പോൾ ഓർക്കുക ഓലപ്പുരകൾക്ക് ചൂടിനെ അതിജീവിക്കാൻ കരുത്തുണ്ടായിരുന്നു എന്ന വസ്തുത.

കോൺക്രീറ്റ് കെട്ടിടങ്ങൾ ചൂട് വർധിപ്പിക്കുമ്പോൾ ഓല ചൂടിനെ പ്രതിരോധിക്കുമെന്ന് കൂട്ടുകാർ തിരിച്ചറിയണം.

മഴക്കാലത്ത് ഓലപ്പുരകൾ ചില അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു.

ഓലയുടെ വിടവുകളിലൂടെയുണ്ടാകുന്ന ചോർച്ച തന്നെ കാരണം.

എന്നാലും ചോരുന്ന ഇടത്ത് പാത്രം വച്ച് മുതിർന്നവർ അത് പരിഹരിച്ചിരുന്നു കേട്ടോ?

പിന്നെ അക്കാലത്ത് വീടിന്റെ വശങ്ങളും ഓലകൊണ്ട് മറച്ചിരുന്നു. അതിനാൽ തീയൊക്കെ സുക്ഷിച്ച് കൈകാര്യം ചെയ്യേണ്ടി വന്നു. തെങ്ങും, കമുകുമാണ് കൂടുതലും മേൽക്കൂരക്ക് ഉപയോഗിച്ചിരുന്നത്. കഴുക്കോൽ എന്ന വിളിപ്പേര് കൂട്ടുകാർ കേട്ടിട്ടുണ്ടാകുമല്ലോ?

ഓലമെടയുന്നത് കൗതുക കാഴ്ചയാണ്. കൂട്ടുകാർക്ക് ഇന്ന് അതൊക്കെ ചിത്രങ്ങളിലെ കാഴ്ചകൾ മാത്രമാകുമല്ലോ?

പരമ്പരാഗതമായി പിന്തുടരുന്ന രീതി അനുവർത്തിക്കുന്നത് പമ്പയുടെ തീരത്ത് നടത്തപ്പെടുന്ന മാരാമൺ കൺവെൻഷനിലാണ്. കൺവെൻഷനായി ഒരുക്കുന്ന പന്തൽ ഓലകൾ കൊണ്ട് മേഞ്ഞതാണ് എന്ന സവിശേഷത ഇന്നും അവിടെ നിലനിൽക്കുന്നു.

പച്ചോല കീറിയാണ് മെടയുന്നത്. ചിലത് വെള്ളത്തിൽ ഇട്ട് കുതിർത്ത ശേഷം മെടയും. മെടയാനുള്ള വഴക്കം അപ്പോൾ കിട്ടും. പുരയ്ക്ക് ഓലമേയുന്നതിന്റെ തലേന്ന് പഴയവ പൊളിച്ചിറക്കും. പഴയതിൽ കൊള്ളാവുന്ന ഓലകൾ തരം തിരിച്ച് മാറ്റും.

മഴയൊന്നുമില്ലെങ്കിൽ പൊളിച്ച കൂരയ്ക്കു കീഴിൽ കിടക്കും നേരം നക്ഷത്രങ്ങളെ എണ്ണി രസിക്കാമായിരുന്നു കേട്ടോ? സാഹിത്യ വാസനകൾ വിടരുന്ന രാത്രികൂടി ആകുമത് എന്നതിൽ തർക്കമില്ല.

പുര മേയുന്നത് ഒരു കൂട്ടായ്മയാണ്. അയൽപക്കങ്ങൾ മതിലുകൾ പണിയാത്ത അക്കാലത്ത് പുരമേയൽ ഉത്സവം തന്നെയായിരുന്നു. പ്രതിഫലമിച്ഛിക്കാത്ത മനുഷ്യശേഷിയെ പരസ്പരം ഉപയോഗപ്പെടുത്തിയത് മനസിൽ കളങ്കമില്ലാത്തതു കൊണ്ടാണ്.

രണ്ട് ഓലകൾ പരസ്പരം ചേർത്തുവച്ചാണ് മേയുക. ഈ രണ്ട് ഓലകളേയും രണ്ട് അയൽപക്ക വീടുകളായി കണ്ടാൽ ആ ഒത്തൊരുമ അവിടെയും ദർശിക്കാം.

ഇന്ന് പുതിയ വീടുകളുടെ വാർപ്പിന് സദ്യയൊരുക്കുന്നതുപോലെ അന്നും പുരമേയലിന് ഭക്ഷണം ഒരുക്കും. ചക്കയോ, കപ്പയോ, കഞ്ഞിയോ ഒക്കെ ആവാം എന്നു മാത്രം. അയൽപ്പക്ക വീടുകളിലാണ് ഇവ തയാറാകുന്നത്. അതിന് പണം വാങ്ങിയിരുന്നില്ല.

ഇന്ന് ഏതിനും കമ്മീഷൻ പറ്റുന്ന കാലമാണല്ലോ കൂട്ടുകാരേ… അപ്പോൾ ഓലമേഞ്ഞ ഓർമകൾ എത്ര സുന്ദരമല്ലേ. ഓലപ്പുരയിൽ താമസിക്കാൻ കഴിഞ്ഞ തലമുറകൾ നമുക്ക് മുന്നേ ഇ­­വിടെ ഉ­ണ്ടായിരുന്നു എ­ന്നത് ചരിത്രത്തിന്റെ അ­ടയാളപ്പെടുത്തലായി മാറിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.