മലായാളം ചാനലുകള്‍ ലോകോത്തരമല്ലെന്ന് ആരു പറഞ്ഞു! വാര്‍ത്തയില്ലെങ്കില്‍ വാര്‍ത്തയുണ്ടാക്കും. ദൃശ്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ വ്യാജ ദൃശ്യങ്ങള്‍ ചമച്ചെടുക്കും. വാര്‍ത്താസമ്മേളനങ്ങളില്‍ വന്നിരുന്ന് അശ്ലീലം പറയുന്നവനെ വാഴ്ത്തിപ്പാടും. മാധ്യമ പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ വിരല്‍ചൂണ്ടി അസഭ്യം പറഞ്ഞാലും മിണ്ടാതിരിക്കും മറുത്തൊരക്ഷരം പറയില്ല. അതുകൊണ്ടാണല്ലോ പി വി അൻവര്‍ എംഎല്‍എ മലയാള മാധ്യമപ്രവര്‍ത്തകര്‍ക്ക് എച്ചില്‍ തിന്നികള്‍ എന്ന മുദ്ര ചാര്‍ത്തിക്കൊടുത്തത്. ആ അധിക്ഷേപവും ഒരു അലങ്കാരമാക്കുന്ന നമ്മുടെ മാധ്യമ പ്രവര്‍ത്തകരുടെ ആത്മീയഗുരു ഗാന്ധിജിയാണോ എന്നു സംശയം. പോരട്ടെ മറ്റേ കവിളിലും ഒരടിയും ഒരു വള്ളം തെറിയുമെന്ന ഭാവം. അറിയില്ലേ നമ്മുടെ നടന്‍ വിനായകനെ. തന്റെ ലൈംഗിക വീരകൃത്യങ്ങള്‍ പറഞ്ഞപ്പോള്‍ വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവ് പൂരത്തിന്റെ കുഴിമിന്നല്‍ ദൃശ്യങ്ങള്‍ ഉക്രെയ്ന്‍ യുദ്ധ ദൃശ്യങ്ങളായി അപ്പാവികളായ മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിച്ച മാധ്യമ വീരന്മാര്‍ രുചിയോടെ ആസ്വദിച്ചു. പത്തു കിലോ മുതല്‍ അറുപതു കിലോ വരെയുള്ള ഉത്രാളിക്കാവ് കുഴിമിന്നല്‍ വെടികളായിരുന്നു വിനായകന്റേതെന്നു മനസിലാക്കാന്‍ പോലും മുന്നില്‍ വാപൊളിച്ചിരുന്ന മാധ്യമ മൂഢജന്മങ്ങള്‍ക്കായില്ല. താന്‍ പത്തു പെണ്ണുങ്ങളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന അവകാശവാദം കേട്ട് ഈ ജന്മങ്ങള്‍ കയ്യടിച്ചു. വേഴ്ചയ്ക്കു കൂടെപോരാമോ എന്നു ചോദിച്ചവരൊക്കെ ബഹു സന്തോഷത്തോടെ കൂടെ വന്നുവത്രേ.
‘ഒരുത്തി’ എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇയാളുടെ ഈ കലാപരിപാടികളൊക്കെ. ചിത്രത്തിലെ നായികയായ നവ്യാനായരെ അരികിലിരുത്തിക്കൊണ്ട് വിനായകന്‍ വിളമ്പിയ തന്റെ ലൈംഗിക വീരവാദങ്ങളെക്കുറിച്ച് സംശയം ചോദിച്ച മാധ്യമ പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് ഇയാള്‍ വിരല്‍ചൂണ്ടി ചാടിക്കയറിയപ്പോഴും ഒപ്പമുണ്ടായിരുന്ന ഒരു മാധ്യമ ആണ്‍തരിപോലും പിന്തുണയ്ക്കെത്തിയില്ല. കോടിയേരി പറഞ്ഞ പോലെ അടികിട്ടേണ്ട കേസായിട്ടുപോലും! പക്ഷേ പൊതുസമൂഹം വിനായകനെതിരെ കത്തിക്കാളിയപ്പോള്‍ വിരല്‍ചൂണ്ടലിനു മാത്രം മാപ്പു പറയുന്നു. തന്റെ ലൈംഗിക ദശാവതാര കഥകളെക്കുറിച്ച് മിണ്ടാട്ടമില്ല. വിനായകന്‍ പറഞ്ഞത് ചാരത്തിരുന്ന് ആസ്വദിച്ച നവ്യാനായരും ഇപ്പോള്‍ പറയുന്നു, വിനായകന്‍ അങ്ങനെ പറയരുതായിരുന്നുവെന്ന്! ഇതെല്ലാം നടന്നത് വനിതാ നവോത്ഥാന മതില്‍ തീര്‍ത്ത കേരളത്തിലാണെന്നോര്‍ത്ത് നാം ലജ്ജിക്കരുത്. കേഴുക പ്രിയനാടേ, എന്നുചൊല്ലി കണ്ണീര്‍ വാര്‍ക്കുക…
പാര്‍ലമെന്റ് കാന്റീനില്‍ നിന്ന് ഇനി ഒരു കോടീശ്വരിയുടെ ശബ്ദം കേള്‍ക്കാം. ‘പോരട്ടെ ഒരു ചായ’ വില ഒരു രൂപ. പിന്നെ മട്ടന്‍ ബിരിയാണി അഞ്ചര രൂപ. സപ്ത നക്ഷത്ര ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കാന്‍ ത്രാണിയുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ജെബി മേത്തര്‍ക്ക് ഇനി കുശാല്‍. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ നല്കിയ സത്യവാങ്മൂല പ്രകാരം ജെബിയുടെ സമ്പത്ത് 11.14 കോടി. ഗുണനിലവാരമുള്ള സ്വാദിഷ്ട ഭക്ഷണ വിഭവങ്ങള്‍ ലോകത്ത് ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്ന ഇടമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് കാന്റീന്‍ എന്നാണ് വിവരാവകാശ രേഖകളില്‍ പറയുന്നത്. സൂപ്പിന് അഞ്ചര രൂപ മാത്രം. ഊണിന് രണ്ടു രൂപ. ചപ്പാത്തി ഒരു രൂപ. ദോശ നാലു രൂപ. ചിക്കന്‍ഫ്രൈ 24 രൂപ, ബിരിയാണി എട്ടു രൂപ, മീന്‍കറി 13 രൂപ. ദരിദ്രരായ ജനകോടികളുടെ നികുതിപ്പണത്തില്‍ നിന്നാണ് ഈ പുട്ടടി. പാര്‍ലമെന്റംഗങ്ങളുടെ വന്‍ ആനുകൂല്യങ്ങളും ശമ്പളവും അലവന്‍സുകളും പലമടങ്ങു വര്‍ധിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അതിനെ എതിര്‍ത്ത ഒരു ലോക്‌സഭാംഗമുണ്ടായിരുന്നു, സിപിഐ നേതാവായിരുന്ന അന്തരിച്ച ഗുരുദാസ് ദാസ് ഗുപ്ത. പക്ഷേ അദ്ദേഹത്തോടൊപ്പം നില്ക്കാന്‍ സിപിഐ അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു!
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 102 കാരന്‍ മുതുമുത്തശ്ശന് 15 വര്‍ഷം തടവ്, കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിന്റെ പരിചരണത്തിന്
കൂടെയുണ്ടായിരുന്ന ഭാര്യ അടുത്ത ബഡ്ഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവുമായി ഒളിച്ചോടി, ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് അയലത്തുള്ള പെണ്ണിന്റെ ഗേറ്റില്‍ മൂത്രമൊഴിച്ചു, ഏഴു വയസുള്ള ചെറുമകനെ പീഡിപ്പിച്ച 64 കാരന്‍ മുത്തശ്ശന് 73 വര്‍ഷം തടവ് എന്നീ വാര്‍ത്തകളും നമ്മുടെ മുന്നിലേക്ക് എത്തുന്നു. പക്ഷേ, ഈ വാര്‍ത്തകള്‍ നമുക്കിപ്പോള്‍ കൗതുക വാര്‍ത്തകള്‍ മാത്രമാവുന്ന മാനസികാവസ്ഥയിലേക്ക് നാം ചുരുങ്ങിയതെന്തേ? തൃശൂര്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിനെത്തിച്ച ആന ശ്രീക്കുട്ടന്‍ കോഴികളെ കണ്ടു വിരണ്ടോടി, ജനം ചിതറിയോടി, ഒടുവില്‍ ആനയില്ലാതെ ഉത്സവം നടത്തിയെന്ന കൗതുക വാര്‍ത്തപോലെ ഇത്തരം വാര്‍ത്തകളുടെയും ഭാവാവരോഹണം നമുക്കെന്തോ പറ്റിയെന്നതിന്റെ സൂചനയല്ലേ! കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്മേലുള്ള കോടതി വിധികളുണ്ടാവുമ്പോള്‍ ഇതൊക്കെയല്ലേ പ്രതീക്ഷിക്കാനാവൂ. കേന്ദ്രമന്ത്രി ചിരിച്ചുകൊണ്ടു നടത്തിയ വിദ്വേഷ പ്രസംഗമായതിനാല്‍ പ്രതി കുറ്റക്കാരനല്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി വിധി. അതായത് ചിരിച്ചുകൊണ്ട് ആരെയും വെട്ടിക്കൊല്ലാം, കുത്തിക്കൊല്ലാം, പീഡിപ്പിക്കാം എന്നൊക്കെ. ചിരിക്കും ലൈസന്‍സ്!
നമ്മള്‍ ആവേശത്തോടെ വിളിക്കാറുള്ള ഒരു മുദ്രവാക്യമുണ്ട്; കയ്യൂരില്‍ കരിവള്ളൂരില്‍, പാടിക്കുന്നില്‍ മുനയന്‍കുന്നില്‍, ചോരചിന്തി മരിക്കുമ്പോഴും ഇൻക്വിലാബ് വിളിച്ചവരേ, ഞങ്ങള്‍ വരുന്നേ ഞങ്ങള്‍ വരുന്നേ നിങ്ങടെ പാദം പിന്തുടരാന്‍! ആ കരിവള്ളൂര്‍ ഇന്നും മാറിയിട്ടില്ല. ഇപ്പോഴും വിപ്ലവത്തിന്റെ ചുവന്ന മണ്ണാണെന്നാണ് വയ്പ്. പക്ഷേ, പഴയ വിപ്ലവാചാരങ്ങള്‍ അവിടെ കടപുഴകി വീണിരിക്കുന്നു. കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രം, കുനിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ അനുഷ്ഠാന കലയായ പൂരക്കളി നടത്തുന്ന വിനോദ് പണിക്കര്‍ക്ക് ക്ഷേത്ര ഭാരവാഹികള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. പണിക്കരുടെ മകന്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്ന കുറ്റത്തിനാണ് വിലക്ക്. ക്ഷേത്ര ഭാരവാഹികളും വിനോദ് പണിക്കരും മതം മാറി കല്യാണം കഴിച്ച മകനുമെല്ലാം ഒരു വിപ്ലവ പാര്‍ട്ടിയില്‍പ്പെട്ടവര്‍. ചെക്കന്‍ കല്യാണം കഴിച്ച പെണ്ണും മാര്‍ക്സിസത്തില്‍ വിശ്വാസി. പക്ഷേ, വിപ്ലവത്തിനിടയില്‍ മിശ്രവിവാഹം വര്‍ഗ ശത്രുവിനെപ്പോലെ മാറിയകാഴ്ച. ഈ വിലക്കിനെതിരെ ഇതുവരെ കേസെടുത്തതായും അറിവില്ല. വിപ്ലവാചാര ലംഘനത്തിനു കേസെടുക്കാനാവില്ലെങ്കിലും അയിത്താചാര നിരോധന നിയമമനുസരിച്ച് കേസെടുക്കരുതോ? അതെങ്ങനെ പ്രതികളെല്ലാം ഒരേ ചേരിക്കാരാവുമ്പോള്‍! നാടോടി കലാകാരനെന്ന നിലയില്‍ സംസ്ഥാന അവാര്‍ഡു നേടിയ പാവം വിനോദ് പണിക്കരും നന്മനിറഞ്ഞ കരിവെള്ളൂര്‍ രക്തസാക്ഷികളും ലാല്‍സലാം സഖാക്കളേ എന്ന് മുഷ്ടിചുരുട്ടി വിളിച്ച് സഖാവിനെ സാന്ത്വനിപ്പിക്കാനേ ദേവികയ്ക്കാവുന്നുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.