18 November 2024, Monday
KSFE Galaxy Chits Banner 2

കാമ്പസുകളിലെ കലഹങ്ങൾ എന്തിനാകണം

അജിത് കൊളാടി
വാക്ക്
June 17, 2023 4:45 am

മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പൂർണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം. ജ്ഞാനം മനുഷ്യനിൽ സ്വതസിദ്ധമായിട്ടുണ്ട്. അതിന്മേലുള്ള ആവരണം നീക്കി കളഞ്ഞു യാഥാർത്ഥ്യം കണ്ടെത്തുന്നതിനെയാണ് ഒരാൾ “പഠിക്കുന്നു” എന്ന് നാം പറയാറുള്ളത്. ആവരണം നീങ്ങും തോറും നമ്മുടെ ജ്ഞാനവും വികസിക്കുന്നു. ആവരണം നിശേഷം നീക്കപ്പെട്ടവനാണ് സർവജ്ഞൻ. ആർക്കും ആരെയും പഠിപ്പിക്കുക സാധ്യമല്ല. മനുഷ്യന്റെ ഉള്ളിൽ സർവവുമുണ്ട്. അത് ഉണർത്തി വിടണമെന്നു മാത്രം. അതാണ് അധ്യാപകന്റെ ജോലി. കുട്ടികൾ സ്വന്തം ബുദ്ധിയുപയോഗിച്ച് അവരുടെ കണ്ണും കാതും കൈയും കാലും സൃഷ്ടിപരമായി പ്രവർത്തിപ്പിക്കാൻ ശീലിക്കുന്നതിന് എല്ലാം ചെയ്തു കൊടുക്കണം. എല്ലാതരത്തിലും നിഷേധത്തിലടിയുറച്ച ഏത് ശിക്ഷണ പദ്ധതിയും മൃതിയേക്കാൾ ഭയങ്കരമാണ്. അതിനാൽ പുരോഗാത്മകങ്ങളായ, സൃഷ്ടിപരമായ ആശയങ്ങൾ എപ്പോഴും നൽകി കൊണ്ടിരിക്കണം. നിഷേധ രൂപത്തിലുള്ള ചിന്തകൾ മനുഷ്യനെ ദുർബലരാക്കുകയെ ഉള്ളു. കലാലയങ്ങൾ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും നീതിബോധവും പരസ്പര ബഹുമാനവും അധികാരത്തിന്റെ ദുഷ‌്‌പ്രവണതകളെ ചോദ്യം ചെയ്യാനുള്ള ധൈര്യവും വളർത്തണം. അല്ലാതെ ഉപരിപ്ലവമായ ചിന്തകളല്ല വളർത്തേണ്ടത്. വിദ്യാർത്ഥികൾ ആക്രോശിക്കുന്നവരും അട്ടഹസിക്കുന്നവരും ആകരുത്. അവർ ചോദ്യങ്ങൾ ചോദിക്കുന്നവരാകണം. ക്ലാസ് മുറികളിലാണ് ഭാവി സമൂഹം കെട്ടിപ്പടുക്കപ്പെടുന്നതെന്ന് പറയുമ്പോൾ കെട്ടിപ്പടുക്കുന്ന സമൂഹം എങ്ങനെ, എന്നു വിലയിരുത്തിയിട്ടു വേണം കെട്ടിപ്പടുക്കുന്നവരെ വിധിക്കുവാൻ. ഇന്നത്തെ സമൂഹം ഇന്നലത്തെ ക്ലാസ് മുറികളിൽ രൂപപ്പെട്ടതാണെങ്കിൽ നമുക്ക് ആ ക്ലാസ് മുറികളെയും അധ്യാപകരെയും വിമർശിക്കേണ്ടി വരും.
വിദ്യാർത്ഥികൾ ഈ കാലഘട്ടത്തിൽ പഠനത്തോടൊപ്പം ഊന്നൽ കൊടുക്കേണ്ടത് ഫാസിസത്തിനെതിരായുള്ള സമരത്തിനാണ്. അല്ലാതെ അസത്യമായ, വ്യാജമായ സംഭവങ്ങൾ നിർമ്മിക്കുന്നതിനു വേണ്ടിയല്ല. സത്യം പറയാനും അതിൽ അടിയുറച്ചു നിൽക്കാനും ഈ സമൂഹത്തിൽ പ്രയാസമുണ്ട്. എന്നാലും സത്യം പറഞ്ഞേ തീരൂ, പ്രവർത്തിച്ചേ തീരൂ എന്ന നിർബന്ധ ബുദ്ധി വിദ്യാർത്ഥികൾക്ക് വേണം. ജാതിയിലും സ്ത്രീവിരുദ്ധതയിലും അപരവിദ്വേഷത്തിലും വ്യാജ പ്രചരണങ്ങളിലും പറച്ചിലിലും പണിതുയര്‍ത്തിയ ഒരു പ്രത്യയശാസ്ത്ര സ്റ്റേറ്റിന്റെ അധികാരം പിടിച്ചടക്കുമ്പോൾ, അവർ ഏറ്റവും ഭയക്കുക സത്യം പറയാൻ ധൈര്യമുള്ള വിദ്യാർത്ഥി സമൂഹത്തെയാണ്. സവർണ ഫാസിസത്തെ ചെറുക്കുന്നതിൽ പല രാഷ്ട്രീയ പാർട്ടികളും പരാജയപ്പെടുമ്പോൾ കാമ്പസുകളിൽ പ്രത്യയശാസ്ത്ര ഭിന്നതകൾ മാറ്റിവച്ച് വിദ്യാർത്ഥികൾ പൊതുശത്രുവിനെതിരെ ആഞ്ഞടിക്കണം. അതാകണം കാമ്പസുകളിൽ നടക്കുന്ന തീഷ്ണമായ പോരാട്ടങ്ങൾ. അല്ലാതെ ഉപരിപ്ലവ ചിന്തകളുടെ കേന്ദ്രം ആകരുത് കലാലയങ്ങൾ. എല്ലാവർക്കും ഒന്നിച്ചിരിക്കാനും തുല്യരായി ഇടപെടാനും സാധിക്കുന്ന രാജ്യത്തിലെ വളരെ ചുരുക്കം ഇടങ്ങളിൽ ഒന്നാണ് കാമ്പസുകൾ. അവിടങ്ങളിൽ എല്ലാ ജാതി മത വിഭാഗങ്ങളിൽ ഉള്ളവർക്കും ഉറക്കെ സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാകണം, ഉണ്ടാക്കണം. അല്ലാതെ ഒരു വിദ്യാർത്ഥി സംഘടന മറ്റൊരു വിദ്യാർത്ഥി സംഘടനയെ കായികമായി ആക്രമിക്കലല്ല. സർഗാത്മകത, വിശാലമനസ്കത എന്നത് വിദ്യാർത്ഥികളുടെ അടയാളപ്പെടുത്തലാണ്. കാമ്പസുകൾ രാജ്യത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തെ രൂപപ്പെടുത്തണം.

 


ഇതുകൂടി വായിക്കു;പ്രതികാര ഏജന്‍സികള്‍ തമിഴ്‌നാട്ടിലെത്തുമ്പോള്‍ 


കുനിഞ്ഞിരുന്നു പഠിക്കുന്നതിനൊപ്പം നിവർന്ന് നിന്ന് അനീതികൾക്കെതിരെ മുഷ്ടി ചുരുട്ടാൻ വിദ്യാർത്ഥികൾക്ക് കഴിയണം. അവനവൻ പറയുന്നത് മാത്രം ശരിയെന്ന് ശഠിക്കുന്നവരാകരുത് വിദ്യാർത്ഥികൾ. മറ്റുള്ളവരെ കേൾക്കാനും ഉൾക്കൊള്ളാനും കഴിയണം. ഇടതുപക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ആ പാത സ്വീകരിച്ചേ മതിയാകൂ. ”ഇന്നത്തെ വിദ്യാർത്ഥി നാളെ ലോക നേതാക്കൾ” എന്നു പറഞ്ഞാൽ പോരാ, ലോക നേതാവാകേണ്ടതിന്റെ കലയും, ശാസ്ത്രവും, പ്രയോഗവും അവർക്ക് അഭികാമ്യമാവുംവിധം കലാലയത്തിന്റെ അവിഭാജ്യ ഭാഗമായിരിക്കേണ്ടതുണ്ട്. മാനവികതയെ കയ്യൊഴിയുന്ന രീതിയിലുള്ള ശാസ്ത്രവും ഗണിതവും ചരിത്രവും അല്ല അവർ പഠിക്കേണ്ടത്, മറിച്ച് മനുഷ്യരാഗിയോടുള്ള ആർദ്രതയും ആദരവുമാണ്. ഏത് ആശയങ്ങളും തുറന്നു പറഞ്ഞ് സൗഹാർദപൂർവമായ സംവാദ ബന്ധം സ്ഥാപിക്കാനാവുമെന്നതിന്റെ ഉത്തമ മാതൃകയായി ക്ലാസുമുറികൾ ഉയരണം. ബെർതോൾഡ് ബ്രഹത് പറയുന്ന ഒരു കാര്യമുണ്ട്. ” ആശയങ്ങൾ പൂഴ്ത്തിവയ്ക്കാനുള്ളതല്ല, ചെലവഴിക്കാനുള്ളതാണ്.” ഭരണാധികാരിയുടെ വാക്കിന് എതിർവാക്ക് ചൊല്ലാത്ത ജനവും ഗുരുവിന്റെ മുന്നിൽ അന്വേഷണം അവസാനിപ്പിക്കുന്ന ശിഷ്യരും ജനാധിപത്യത്തെ തകർക്കുന്നു. നേതാക്കന്മാർക്കു മുന്നില്‍ ഓച്ചാനിച്ച് നിൽക്കുന്നവരാകരുത് അണികൾ. വിധേയത്വമല്ല സ്നേഹം, പദവികളല്ല അന്വേഷണത്തിന്റെ അവസാനം എന്നത് വിദ്യാർത്ഥി ഓർക്കണം. ഇപ്പോൾ അന്വേഷണ സ്വഭാവവും വളരെ ചുരുങ്ങി. അവനവന് ഏതു വിധത്തിലും, എന്ത് നേടാം എന്ന ചിന്തയാണ് വളരുന്നത്. കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടനകൾ അന്വേഷിച്ചു കൊണ്ടേയിരിക്കണം. പഠിക്കണം,പോരാടണം. അതാണ് വിദ്യാർത്ഥികൾ ചെയ്യേണ്ടത്. അല്ലാതെ ഏറ്റവും അമൂല്യമായ സമയം നിഷ‌്‌ക്രിയമായ കാര്യങ്ങളിൽ ഏർപ്പെട്ട്, ഉപയോഗശൂന്യമാക്കരുത്.

ഇന്നത്തെ വിദ്യാഭ്യാസം സാമൂഹ്യ ബാധ്യതകൾ ഏറ്റെടുക്കും വിധം വ്യക്തിയെ പ്രാപ്തനാക്കുന്നതിൽ പരാജയപ്പെട്ടില്ലെ? വിദ്യാലയങ്ങളിൽ നിന്നു മാത്രമല്ല അറിവ് ഉണ്ടാകുന്നത്. അറിവ് കലാലയത്തിനു പുറത്തു നിന്നും ലഭിക്കും. സംസാരിക്കാനും, ചിന്തിക്കാനും, സ്നേഹിക്കാനും നാം പഠിക്കുന്നത്, വിദ്യാലയങ്ങൾക്ക് പുറത്ത് അധ്യാപകന്റെ ഇടപെടലില്ലാതെയാണ്. ലോകമാണ് ഏറ്റവും ബൃഹത്തായ വിദ്യാലയം. ഇന്ന് വ്യക്തിയുടെ വിജ്ഞാന പോഷണമോ, സാമൂഹ്യ സമത്വമോ നേടിത്തരാൻ കലാലയങ്ങൾക്കു കഴിയുന്നില്ല. അവ നേടാനാണ് കലാലയങ്ങൾ കലഹിക്കേണ്ടത്. വിദ്യാലയങ്ങൾ ഇന്നു തീഷ്ണമായ, അളന്നു തിട്ടപ്പെടുത്താനാകാത്ത അനുഭവങ്ങളെ കണക്കിലെടുക്കുന്നില്ല. അതുകൊണ്ടു തന്നെ ജീർണിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങൾ മാറുന്നുണ്ടോ? സത്യത്തിൽ അതിന്റെ ഘടന ഇന്ന് അനുഷ്ഠാനപരമായ വിനോദത്തിന്റെതാണ്. ഉപരിവർഗത്തിന് കൂടുതൽ അവസരങ്ങൾ നൽകാൻ മടിക്കാത്ത ഈ വിനോദം, ദരിദ്രന് അവസരങ്ങൾ നിഷേധിക്കുന്നതിന് മടിക്കാറില്ല. അതിരു കടന്ന അധികാരം കയ്യാളുന്ന മാനേജ്മെന്റും മറ്റ് അധികൃതരും അതാണ് ചെയ്യുന്നത്. അതിനെതിരെയാണ് കലാലയങ്ങൾ കലഹിക്കേണ്ടത്. ഇന്ന് ഭൗതിക വസ്തുക്കൾ മാത്രമല്ല, മനുഷ്യ വികാരങ്ങൾ പോലും സ്ഥാപനവല്‍ക്കരണത്തിനു വിധേയമായി. നമുക്കാവശ്യം വസ്തുക്കളെക്കാൾ മനുഷ്യരെ സ്നേഹിക്കുന്ന ആളുകളെയാണ്. അന്യന്റെ സ്വാതന്ത്ര്യവും, കഴിവും, അംഗീകരിക്കാനും പരസ്പരം ലാഭേച്ഛയില്ലാതെ സംസാരിക്കാനും കഴിയുന്ന പുതിയ മനുഷ്യനെ രൂപപ്പെടുത്തുകയാണ് വിദ്യാലയത്തിന്റെ കടമ. യുവത്വം ഒരു രാഷ്ട്രത്തിന്റെ ജ്വാലയാണ്. ചൈതന്യമാണ്. ആ ജ്വാല ആളിക്കത്തി കൊണ്ടിരിക്കണം. നീതിക്കു വേണ്ടി പോരാടുന്ന, ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യനെ കാണാൻ കെല്പുള്ള യുവത്വം ഉണ്ടാകണം. വലിയ മനസിന്റെ ഉടമകൾ ആയവർ. മനസ് വലുതാക്കലാണ് ജീവിതം എന്ന് വിദ്യാർത്ഥികൾ മനസിലാക്കണം. നല്ല ചിന്തകൾ ഉരുത്തിരിയണം കാമ്പസുകളിൽ. അതിന് പഠിക്കണം, പോരാടണം, കൂടുതൽ അറിവുനേടണം. സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്തവും നിറവേറ്റാൻ സജ്ജരാകണം വിദ്യാർത്ഥികൾ. ഇന്ന് പല രക്ഷിതാക്കൾക്കും വിദ്യാഭ്യാസം ഒരു ജോലി കിട്ടാൻ മാത്രമുള്ളതായി മാറി. അവരവരുടെ സമൂഹത്തിലെ സ്റ്റാറ്റസ് നിലനിർത്താനുള്ളതായി മാറി. തന്റെ മക്കൾ,മറ്റുള്ളവരെക്കാൾ ഉയർന്ന പദവിയിൽ, അവരെക്കാൾ പഠിപ്പുള്ളവർ എന്നു പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമൂഹം നിലനിൽക്കുന്നു. അനാരോഗ്യമായ മത്സരം തീഷ്ണമാകുന്നു. ഏത് ശരി, ഏത് തെറ്റ് എന്നും തിരിച്ചറിയാൻ കഴിയാതെ അതിന് അന്യരുടെ സഹായം തേടുകയും അവരെ യജമാനന്മാരും വിധികർത്താക്കളുമായി സ്വീകരിക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസത്തിന്റെ തികഞ്ഞ പാപ്പരത്തത്തെയാണ് കാണിക്കുന്നത്.


ഇതുകൂടി വായിക്കു;ചെസ് ഭ്രാന്തനായ വിപ്ലവകാരി


 

ചരിത്രത്തെയും സംസ്കാരത്തെയും ദൈനംദിനം ഫാസിസ്റ്റ് ഭരണകൂടം ദുർവ്യാഖ്യാനിക്കുമ്പോൾ, അതിനെതിരെ അസന്ദിഗ്ധ പോരാട്ടം നടത്തേണ്ടത് കലാലയങ്ങളാണ്. അതിന് വേണ്ടിയാകണം കലഹം. ഒരിക്കൽ പോലും തല കുനിക്കാതെ ഫാസിസ്റ്റുകൾക്കെതിരെ പോരാടണം. ചരിത്രം നഷ്ടപ്പെട്ടാൽ സ്വാതന്ത്ര്യം ഇല്ല എന്നറിയണം. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കണം വിദ്യാർത്ഥികൾ. പട്ടിണിമരണങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടണം. ഫാസിസ്റ്റുകൾ പറയുന്നത് അവരുടെ പുരാണങ്ങളെയും ഐതിഹ്യങ്ങളെയും നാം ശാസ്ത്രമെന്ന് വിളിക്കണം എന്നതാണ്. ദേശത്തിനും ദേശീയതയ്ക്കും അവരുടെ ആവശ്യങ്ങൾക്കായി അവർ തന്നെ ഉണ്ടാക്കി വച്ചിരിക്കുന്ന നിർവചനങ്ങൾ നാം അംഗീകരിക്കണം എന്നതാണ്. നമ്മുടെ അവകാശങ്ങൾ നമ്മുടെ ഭരണഘടനയിൽ നിന്നല്ല, അവരുടെ ഔദാര്യത്തിൽ നിന്നാണ് വരുന്നതെന്ന് നാം വിശ്വസിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. സമാധാനമെന്നത് വിയോജിപ്പുകളെ ഇല്ലായ്മ ചെയ്തും എതിർപ്പുകളെ നിശബ്ദമാക്കിയുമാണ് സൃഷ്ടിക്കേണ്ടതെന്ന് നാം വിശ്വസിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികൾ ഇത്തരം പ്രാകൃത നയങ്ങൾക്കെതിരെ നിരന്തര സമരം നടത്തുന്നവരാകണം. അതായിരിക്കണം കാമ്പസിന്റെ കലഹം. ഫാസിസ്റ്റുകൾക്കായി ഫാസിസ്റ്റുകൾ നിർമ്മിച്ച ഈ നിർവചനങ്ങളെല്ലാം അവർക്കു മാത്രം ചേരുന്നവയാണെന്ന് തലയുയർത്തി പറയുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കലാണ് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തം. മഹാത്മാവിനെക്കൊന്നവന് മാപ്പു കൊടുക്കാനും ആരാധനാലയങ്ങൾ പണിയാനും സാധിക്കുന്ന ഇന്ത്യയിൽ, പാവങ്ങളുടെ മടിക്കുത്തഴിച്ചു കട്ടു പണക്കാരനായവന് നാടുവിട്ട് പറന്നു രക്ഷപ്പെടാൻ സാധിക്കുന്ന ഇന്ത്യയിൽ, മുസൽമാനെയും ദളിതനെയും ആദിവാസിയെയും സ്ത്രീകളെയും നിരന്തരം ഗുരുതരമായി ദ്രോഹിക്കുന്നവർക്ക് ഏറ്റവും ഉന്നത പദവി നേടാൻ സാധിക്കുന്ന ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നിരന്തരം നടക്കുന്ന രാജ്യത്ത് വിദ്യാർത്ഥി സമൂഹം വളരെ ജാഗ്രതയോടെ പ്രവർത്തിക്കണം.

മാനവ വിരുദ്ധ നയങ്ങളെ പ്രതിരോധിക്കണം. മറ്റൊന്നിനോടും സഹവർത്തിത്വം സാധിക്കാത്ത ഈ ഇടുങ്ങിയ ലോകവീക്ഷണത്തിനെതിരെയാണ് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സമരം ചെയ്യേണ്ടത്, പ്രത്യേകിച്ച് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ. അല്ലാതെ സ്വയം ഫാസിസ്റ്റ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരാകരുത്. ഫാസിസത്തിനെതിരെ ആശയസമരം കെട്ടിപ്പടുക്കണം. ചിന്തിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുന്ന വിദ്യാർത്ഥികളെ സംഘ്പരിവാറിന് യഥാർത്ഥത്തിൽ ഭയം ആണ്. കലാലയം സർവകലാശാല എന്നൊക്കെ ഒരു കെട്ടിടത്തിന്റെ, സ്ഥാപനത്തിന്റെ പേരാകരുത്. അത് ഒരു മനഃസ്ഥിതിയുടെ പേരാണ്. മനുഷ്യനെ മനുഷ്യനായി കാണുന്ന വിദ്യാർത്ഥി മനസ് വ്യാപിക്കണം. അത്തരം വിദ്യാർത്ഥികളെ ലോകം കാത്തിരിക്കുന്നു. അതിനു വേണ്ടിയാകണം കാമ്പസുകളിലെ പോരാട്ടം. ഓർക്കുക അതൊരു നീണ്ട പോരാട്ടമാണ്. സംവാദം വളർത്തണം. സംവാദം അസ്തിത്വപരമായ ഒരു ആവശ്യമാണ്. ലോകത്ത് സാക്ഷിയായി, ലോകത്തെ പേരിട്ടു വിളിക്കാനായി മനുഷ്യർ തമ്മിലുണ്ടാകുന്ന സമാഗമമാണ് സംവാദം. മനുഷ്യരോടുള്ള ഒരു ഉദാത്തമായ സ്നേഹത്തിന്റെ അഭാവത്തിൽ സംവാദത്തിന് നിലനിൽക്കാൻ കഴിയില്ല. സംവാദം ഒരു മാനുഷിക പ്രതിഭാസമാണ്. അതിന്റെ അന്തഃസത്ത വാക്കാണ്, ചിന്തയുടെയും പ്രവർത്തിയുടെയും വിനയത്തിന്റെയും സമ്മേളനം വാക്കുകളിൽ നിഴലിക്കും. അതിന് പഠിക്കണം, പോരാടണം, വിജ്ഞാനം ആർജിക്കണം, സ്വാതന്ത്ര്യം വേണം, ജനാധിപത്യം വേണം, സമത്വബോധം വേണം അതൊക്കെ നേടുന്നതും, ആർജിക്കലുമാണ് വിദ്യാർത്ഥിയുടെ കടമ. ഞാൻ മാത്രം മതി എന്നു നടിക്കാതെ, പരസ്പര ബഹുമാനവും വിശ്വാസവും പ്രകടിപ്പിച്ചു കൊണ്ട്, നിസാര ചിന്തകളിൽ നിന്ന് പുറത്തു കടന്നു, വലിയ ചിന്തകളുടെ സന്ദേശവാഹകരാകണം വിദ്യാർത്ഥികൾ. തെറ്റായ പ്രവർത്തികളെ ന്യായീകരിക്കുന്നവരാകരുത് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ചും ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ. അത്തരം ചെയ്തികൾ ചെറിയ മനസിൽ നിന്നാണ് പുറപ്പെടുക. ഫാസിസത്തിനെതിരെ കാലം ആവശ്യപ്പെടുന്നത് വലിയ ചിന്തകളെയാണ്, മനസുകളെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.