17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 23, 2024
July 11, 2024
December 19, 2023
October 11, 2023
September 14, 2023
August 18, 2023
August 11, 2023
June 10, 2023
October 23, 2022
March 16, 2022

ദേശീയപാതാ നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേട്: സിഎജി

Janayugom Webdesk
ന്യൂഡല്‍ഹി
August 11, 2023 9:59 pm

ദേശീയ പാത നിര്‍മ്മാണ (ഭാരത് മാല പരിയോജന)ത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി). റോഡ് നിര്‍മ്മാണത്തിനുള്ള ഏജന്‍സി തിരഞ്ഞടുപ്പ് മുതല്‍ അടിമുടി അഴിമതിയും ക്രമക്കേടും നടന്നുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2017–18 മുതല്‍ 2020–21 വരെയുള്ള കാലഘട്ടത്തിലാണ് ഗുരുതര ക്രമക്കേട് നടന്നിരിക്കുന്നത്. ആസൂത്രണം, സാമ്പത്തിക നിര്‍വഹണം, പദ്ധതി നിര്‍വഹണം, നീരിക്ഷണം തുടങ്ങിയ സര്‍വ മേഖലകളിലും ആശാസ്യമല്ലാത്ത പ്രവര്‍ത്തികള്‍ നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ ഫലമായി ലക്ഷ്യമിട്ട പദ്ധതികളുടെ 75 ശതമാനം പൂര്‍ത്തിയായപ്പോള്‍ 158 ശതമാനം ഫണ്ട് വിനിയോഗം വേണ്ടിവന്നു. ഇതുമൂലം കോടികളുടെ അധികബാധ്യതയുണ്ടായി.
ആദ്യഘട്ടം പ്രഖ്യാപിച്ച 66 പദ്ധതികളുടെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകളാണുള്ളത്. 

ടെന്‍ഡര്‍ നടപടി ക്രമം പാലിക്കാതെയാണ് പല പദ്ധതികളിലും കരാര്‍ അനുവദിച്ചത്. കരാറുകാരന്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും, വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തമായ പദ്ധതിരേഖ തയ്യാറാക്കിയില്ല. ഭൂമിയേറ്റടുക്കല്‍-വന അനുമതി എന്നിവ യഥാസമയം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. ഇതിന്റെ ഫലമായി പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് തടസം നേരിട്ടു. നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതിനും ഇടയാക്കി. നിര്‍വഹണ ഏജന്‍സികളായ ദേശീയപാതാ അതോറിട്ടിയും, ദേശീയപാതാ അടിസ്ഥാന സൗകര്യ വികസന കോര്‍പറേഷനും വിഷയത്തില്‍ ജാഗ്രത പാലിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പദ്ധതികള്‍ അംഗീകരിക്കാന്‍ ചുമതലപ്പെട്ട ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ ഇക്കണോമിക്സ് അഫയേഴ്സ് (സിസിഇഎ)ഭാഗത്തും വീഴ്ചയുണ്ടായി. 

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന ദേശീയപാതാ നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ ഗുരുതര അലംഭാവം കാട്ടി. ഡല്‍ഹി-വഡോദര അതിവേഗ പാത, ദ്വാരക അതിവേഗ പാത എന്നിവയുടെ നിര്‍മ്മാണത്തില്‍ സിസിഇഎയും ദേശീയപാത മന്ത്രാലയവും വീഴ്ച വരുത്തി. റോഡ് നിര്‍മ്മാണം സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ പാലിക്കുന്നത് ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനം ആകെ പരാജയപ്പെട്ടു.
ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് സിസിഇഎ അടിസ്ഥാനപ്പെടുത്തിയ 13.98 കോടി രൂപ 23.89 കോടി രൂപയായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരത് മാല പദ്ധതി അനുസരിച്ച് 66 റോഡ് പദ്ധതിക്ക് 5,35,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകളും സിഎജി റിപ്പോര്‍ട്ടില്‍ തുറന്നുകാട്ടുന്നുണ്ട്. 

Eng­lish Summary;Widespread irreg­u­lar­i­ties in high­way con­struc­tion: CAG

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.